ആര്‍ബിഐക്ക് മുന്നിലുള്ളത് കടുത്ത ദൗത്യം: എസ്ബിഐ റിപ്പോര്‍ട്ട്
1 min readഒരു സജീവ ധനനയത്തിന് മാത്രമേ വിപണിയുടെ താല്‍പ്പര്യത്തെയും വളര്‍ച്ചയെയും പുനരുജ്ജീവിപ്പിക്കാന്‍ കഴിയൂവെന്ന് നിരീക്ഷണം
ന്യൂഡെല്‍ഹി: കോവിഡ് നിയന്ത്രണങ്ങളില്‍ നിന്നും ലോക്ക്ഡൗണുകളില്‍ നിന്നും പുറത്തുവരാന്‍ രാജ്യത്തെ സമ്പദ്വ്യവസ്ഥ വീണ്ടും പോരാടുമ്പോള്‍ കേന്ദ്ര ബാങ്കിന് മുന്നിലുള്ളത് ഒന്നിലധികം വെല്ലുവിളികളെന്ന് എസ്ബിഐ ഇക്കോറാപ്പ് റിപ്പോര്‍ട്ട്. സുഗമമായ ധനനയത്തിനുള്ള സാഹചര്യം കഴിഞ്ഞെന്നും ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഉയര്‍ത്തുന്നതിലും രൂപയുടെ സ്ഥിരതയിലുമുള്ള വെല്ലുവിളികള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അഭിമുഖീകരിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
സര്‍ക്കാരിന്‍റെ ധനനയമാണ് വളര്‍ച്ചാ സാധ്യതകള്‍ ഉയര്‍ത്തേണ്ടത്. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പതിയെ മാത്രമേ വീണ്ടെടുപ്പ് നടത്തൂവെന്നതിനാല്‍ വരുന്ന മാസങ്ങളില്‍ സര്‍ക്കാരിന്‍റെ ധനവിനിയോഗത്തില്‍ പ്രതിസന്ധി ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഒരു സജീവ ധനനയത്തിന് മാത്രമേ വിപണിയുടെ താല്‍പ്പര്യത്തെയും വളര്‍ച്ചയെയും പുനരുജ്ജീവിപ്പിക്കാന്‍ കഴിയൂവെന്നും വിശ്വസിക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ആഗോള ചരക്കുകളില്‍ സംഭവിക്കുന്ന വലിയ വിലക്കയറ്റത്തിന്‍റെ പശ്ചാത്തലത്തില്‍ പണപ്പെരുപ്പ സമ്മര്‍ദം കൂടി വരുമ്പോള്‍ കാര്യങ്ങള്‍ ആര്‍ബിഐക്ക് ഒട്ടും എളുപ്പമാകില്ലെന്നാണ,് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗ്രൂപ്പ് ചീഫ് ഇക്കണോമിക് അഡ്വൈസര്‍ സൗമ്യ കാന്തി ഘോഷ് എഴുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ 1.58 ലക്ഷം കോടി രൂപ വായ്പയെടുക്കുമെന്ന പ്രഖ്യാപനം നിലനില്‍ക്കെത്തന്നെ സമീപകാലത്ത് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ തീര്‍ച്ചയായും അതിന്‍റെ ധനസാഹചര്യത്തെ ബാധിക്കുന്നതാണെന്ന് നിരീക്ഷിക്കപ്പെടുന്നു. ചില സ്വാധീനം ചെലുത്തും.
പ്രധാന്‍ മന്ത്രി ഗരിബ് കല്യാണ്‍ അന്ന യോജനയുടെ ഭാഗമായ പ്രഖ്യാപനങ്ങളും എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതമായതും 1 ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ കേന്ദ്ര സര്‍ക്കാരിന് ചെലവ് സൃഷ്ടിക്കും. വിദേശ കമ്പനികളുമായി ഇന്ത്യ വാക്സിന്‍ വാങ്ങല്‍ കരാറുകളില്‍ ഏര്‍പ്പെട്ടാല്‍ ഇത് കൂടാന്‍ സാധ്യതയുണ്ട്.
നടപ്പു സാമ്പത്തിക വര്‍ഷം എക്സൈസ് വരുമാനം 3.35 ലക്ഷം കോടി രൂപയായാണ് ബജറ്റില്‍ കണക്കാക്കിയിട്ടുള്ളത്. പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ഇപ്പോഴുള്ള അതേ നികുതി ഈടാക്കുന്നത് തുടരുകയാണെങ്കില്‍ എക്സൈസ് വരുമാനം വര്‍ധിക്കുമെന്നും ബജറ്റ് എസ്റ്റിമേറ്റില്‍ നിന്ന് 76,339 കോടി രൂപ അധികം ലഭിക്കാമെന്നും എസ്ബിഐ റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. ജിഎസ്ടി സമാഹരണവും സുസ്ഥിരത പ്രകടമാക്കുന്നതിനാല്‍ പുതിയ പ്രഖ്യാപനങ്ങള്‍ വലിയ സാമ്പത്തിക ആഘാതം സര്‍ക്കാരിന് ഏല്‍പ്പിക്കില്ല. അന്തിമമായി ഈ നടപടികളുടെയെല്ലാം സാമ്പത്തിക ആഘാതം ഏകദേശം 28,512 കോടി രൂപയായിരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.