ക്യുഐപി വഴി 300 കോടി രൂപ സമാഹരിച്ച് ഐനോക്സ് ലെഷര്‍
ന്യൂഡെല്‍ഹി: ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് പ്ലേസ്മെന്‍റ് (ക്യുഐപി) വഴി ഏകദേശം 300 കോടി രൂപയുടെ ധനസമാഹരണം വിജയകരമായി പൂര്‍ത്തിയാക്കിയതായി മള്‍ട്ടിപ്ലക്സ് മേഖലയിലെ പ്രമുഖ കമ്പനി ഇനോക്സ് ലെഷര്‍ അറിയിച്ചു. ജൂണ്‍ എട്ടിന് സബ്സ്ക്രിപ്ഷനായി തുറന്ന് ജൂണ്‍ 11 ന് അവസാനിച്ച ക്യുഐപിയില്‍ 5 മടങ്ങ് കൂടുതല്‍ സബ്സക്രിപ്ഷന്‍ നടന്നു.
’10 രൂപ വീതം മുഖവിലയുള്ള 96,77,419 ഇക്വിറ്റി ഷെയറുകള്‍ ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ബയേര്‍സിന് (ക്യുഐബി) ഒരു ഓഹരിക്ക് 310 രൂപ (പ്രീമിയം ഉള്‍പ്പെടെ) ഇഷ്യു വിലയ്ക്ക് ഇനോക്സ് അനുവദിച്ചു,’ വാര്‍ത്താക്കുറിപ്പില്‍ കമ്പനി വ്യക്തമാക്കി.
ക്യുഐപിയില്‍ ഇന്ത്യയിലെയും ആഗോള തലത്തിലെയും ഇന്‍സ്റ്റിറ്റ്യൂഷ്ണല്‍ നിക്ഷേപകരില്‍ നിന്നുള്ള സബ്സ്ക്രിപ്ഷനുകള്‍ കണ്ടു. എച്ച്ഡിഎഫ്സി എംഎഫ്, ആദിത്യ ബിര്‍ള സണ്‍ലൈഫ് എംഎഫ്, നിപ്പോണ്‍ ലൈഫ് ഇന്ത്യ എംഎഫ്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ എംഎഫ്, പ്രേംജി ഇന്‍വെസ്റ്റ് എന്നിവ നിക്ഷേപകരില്‍ ഉള്‍പ്പെടുന്നു.
ക്യുഐപി വഴി സമാഹരിക്കുന്ന ഫണ്ടുകള്‍ പ്രവര്‍ത്തന മൂലധന ആവശ്യകതകള്‍, കടം തിരിച്ചടവ്, നിലവിലെ പ്രവര്‍ത്തന ചെലവുകള്‍ എന്നിവയ്ക്കായി ഇനോക്സ് ഉപയോഗിക്കും. നിലവില്‍ 69 നഗരങ്ങളിലായി 153 മള്‍ട്ടിപ്ലക്സുകളും 648 സ്ക്രീനുകളും ഇനോക്സിനുണ്ട്.