ജിഎസ്ടി കൗണ്‍സില്‍: വാക്സിന്‍ നികുതിയില്‍ മാറ്റമില്ല; കോവിഡ് റിലീഫ് മരുന്നുകള്‍ക്ക് ഇളവ്
1 min readബ്ലാക്ക് ഫംഗസിന് ഉപയോഗിക്കുന്ന മരുന്നുകളുടെ നിരക്കും കൗണ്‍സില്‍ കുറച്ചിട്ടുണ്ട്
ന്യൂഡെല്‍ഹി: നിരവധി കോവിഡ് ദുരിതാശ്വാസ വസ്തുക്കളുടെ നികുതി നിരക്ക് കുറയ്ക്കാന്‍ ജിഎസ്ടി കൗണ്‍സിലിന്‍റെ തീരുമാനം. നിലവില്‍ 12ശതമാനവും 18ശതമാനവും നികുതിയുണ്ടായിരുന്ന ഇനങ്ങളുടെ നികുതിയാണ് 5 ശതമാനമായി കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. എങ്കിലും കോവിഡ് വാക്സിനുകളുടെ നികുതി നിരക്ക് നിലവിലെ 5 ശതമാനത്തില്‍ മാറ്റമില്ലാതെ നിലനിര്‍ത്തുന്നതിനും തീരുമാനിച്ചതായി ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വസ്തുക്കളുടെ നികുതി ഇളവുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിക്കുക മാത്രമായിരുന്നു ഇന്നലത്തെ കൗണ്‍സില്‍ യോഗത്തിന്‍റെ ഒരേയൊരു അജണ്ട. വാക്സിനുകളുടെ നികുതി നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലും, പൊതുജനങ്ങള്‍ക്ക് സൗജന്യമായാണ് വാക്സിന്‍ നല്‍കുന്നത് എന്നതിനാല്‍ ഇത് അവരെ ബാധിക്കില്ലെന്നും നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടി.
ശേഖരിക്കുകയും അടയ്ക്കുകയും ചെയ്യുന്ന നികുതിയുടെ 75 ശതമാനവും കേന്ദ്രമാണ് കൈകാര്യം ചെയ്യുന്നത്. അത് സംസ്ഥാനങ്ങള്‍ക്ക് പിന്നീട് വിതരണം ചെയ്യുമെന്നും അവര്‍ പറഞ്ഞു. ജിഎസ്ടിയില്‍ നിന്ന് വാക്സിനുകള്‍ ഒഴിവാക്കുന്നത് അസംസ്കൃത വസ്തുക്കളുടെയും വിതരണങ്ങളുടെയും ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കുന്നതില്‍ പ്രയാസം സൃഷ്ടിക്കുമെന്നും അത് അവയുടെ വിലനിര്‍ണയത്തെ ബാധിക്കുമെന്നും ധനമന്ത്രി നേരത്തെ പറഞ്ഞിരുന്നു.
കോവിഡ് ദുരിതാശ്വാസ നടപടികളുടെ ഭാഗമായി ജിഎസ്ടി കൗണ്‍സിലിന്‍റെ 44-ാമത് യോഗം റെംഡെസിവീറിന്‍റെ ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറച്ചു. മെഡിക്കല്‍ ഗ്രേഡ് ഓക്സിജന്‍റെ നിരക്കും 5 ശതമാനമായി കുറച്ചിട്ടുണ്ട്. ബ്ലാക്ക് ഫംഗസിന് ഉപയോഗിക്കുന്ന മരുന്നുകളുടെ നിരക്കും കൗണ്‍സില്‍ കുറച്ചിട്ടുണ്ട്. പ്രത്യേക നികുതി വെട്ടിക്കുറയ്ക്കല്‍ 2021 സെപ്റ്റംബര്‍ 30 വരെ ബാധകമാണ്.
ഓഗസ്റ്റ് വരെ നിരക്ക് കുറയ്ക്കാനാണ് സമിതി ശുപാര്‍ശ ചെയ്തതെങ്കിലും സെപ്റ്റംബര്‍ അവസാനം വരെ ഇത് നിലനിര്‍ത്താന്‍ കൗണ്‍സില്‍ തീരുമാനിച്ചതായും പിന്നീട് കൂടുതല്‍ വിപുലീകരണം ആവശ്യമുണ്ടോ എന്ന് തീരുമാനിക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ആംബുലന്‍സ് സേവനങ്ങളുടെ ജിഎസ്ടി നിരക്ക് 28 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി കുറച്ചിട്ടുണ്ട്.
കഴിഞ്ഞ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വസ്തുക്കളുടെ നികുതിയിളവ് സംബന്ധിച്ച് അഭിപ്രായ സമന്വയം രൂപീകരിക്കാനായിരുന്നില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നികുതി നിരക്കുകള്‍ ഇളവു ചെയ്യാന്‍ ശക്തമായി വാദിച്ചപ്പോള്‍ ഇത് പൊതുജനങ്ങള്‍ക്ക് നേരിട്ട് ഫലം ചെയ്യുന്നതായിരിക്കില്ല എന്ന വാദമാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടായത്. തുടര്‍ന്നാണ് നിരക്കിളവുകളെ കുറിച്ച് പരിശോധിക്കാന്‍ വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരെ ഉള്‍പ്പെടുത്തി മന്ത്രിതല സമിതി രൂപീകരിച്ചത്.