ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന്; മരുന്നുകളുടെ നികുതിയിളവ് പരിഗണനയില്‍
1 min readമെയ് 28ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം കോവിഡ് -19 വാക്സിനുകള്‍ക്കും മെഡിക്കല്‍ സപ്ലൈകള്‍ക്കുമുള്ള നിരക്കു സംബന്ധിച്ച തീരുമാനം മാറ്റിവെക്കുകയായിരുന്നു
ന്യൂഡെല്‍ഹി: കോവിഡ് -19 അവശ്യവസ്തുക്കള്‍ക്കും ബ്ലാക്ക് ഫംഗസ് മരുന്നിനും നികുതി ഇളവ് നല്‍കുന്നത് സംബന്ധിച്ച് ഇന്ന് നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനമെടുത്തേക്കും. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അധ്യക്ഷത വഹിക്കുന്ന 44-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറും സംസ്ഥാനങ്ങളിലെയും കേന്ദ്ര പ്രദേശങ്ങളിലെയും ധനമന്ത്രിമാരും കേന്ദ്രസര്‍ക്കാരിലെയും സംസ്ഥാനങ്ങളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം ട്വീറ്റ് ചെയ്തു.
മെഡിക്കല്‍ ഗ്രേഡ് ഓക്സിജന്‍, പള്‍സ് ഓക്സിമീറ്റര്‍, ഹാന്‍ഡ് സാനിറ്റൈസര്‍, വെന്‍റിലേറ്റര്‍ തുടങ്ങിയ കോവിഡ് -19 പ്രതിരോധ വസ്തുക്കള്‍ക്ക് ജിഎസ്ടി ഇളവുകള്‍ നല്‍കുന്നത് പരിശോധിക്കാന്‍ ഒരു മന്ത്രിതല സമിതിയെ ജിഎസ്ടി കൗണ്‍സില്‍ നിയോഗിച്ചിരുന്നു. മേഘാലയ ഉപമുഖ്യമന്ത്രി കൊണ്‍റദ് സാങ്മയുടെ നേതൃത്വത്തിലുള്ള സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. വാക്സിനുകള്‍, മരുന്നുകള്‍, കോവിഡ് -19 ചികിത്സയ്ക്കുള്ള മരുന്നുകള്‍, ടെസ്റ്റിംഗ് കിറ്റുകള്‍ എന്നിവയക്ക് നല്‍കേണ്ട ഇളവും സമിതി പരിഗണിച്ചിട്ടുണ്ട്.
മെയ് 28ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം കോവിഡ് -19 വാക്സിനുകള്‍ക്കും മെഡിക്കല്‍ സപ്ലൈകള്‍ക്കുമുള്ള നിരക്കു സംബന്ധിച്ച തീരുമാനം മാറ്റിവെക്കുകയായിരുന്നു. നികുതി വെട്ടിക്കുറച്ചാല്‍ അതിന്‍റെ ആനുകൂല്യങ്ങള്‍ സാധാരണക്കാരില്‍ എത്തുമോയെന്ന കാര്യത്തില്‍ ബിജെപിയും പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളും തമ്മില്‍ രൂക്ഷമായ അഭിപ്രായ ഭിന്നതയാണ് യോഗത്തില്‍ പ്രകടമായത്. നികുതി കുറയ്ക്കണമെന്ന് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷഭരണ സംസ്ഥാനങ്ങളും ആവശ്യപ്പെടുന്നുണ്ടെങ്കിലും ഈ നടപടി ജനങ്ങള്‍ക്ക് നേട്ടമുണ്ടാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു.
ആഭ്യന്തരമായി നിര്‍മ്മിക്കുന്ന വാക്സിനുകള്‍ക്ക് നിലവില്‍ 5 ശതമാനം ജിഎസ്ടി ചുമത്തുന്നു, അതേസമയം കോവിഡ് -19 മരുന്നുകള്‍ക്കും ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ക്കും 12 ശതമാനമാണ് നികുതി. മേയ് 28 ന് നടന്ന യോഗത്തില്‍ ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ആംഫോട്ടെറിസിന്‍ ബി എന്ന മരുന്നിന്‍റെ ഇറക്കുമതിയിലെ ജിഎസ്ടി ഒഴിവാക്കി.