മന്ത്രിസഭാ വികസനം : കര്‍ണാടകയില്‍ അസംതൃപ്‌തർ യോഗം ചേരുന്നു
1 min readബെംഗളൂരു: കര്‍ണാടകയിലെ മന്ത്രിസഭാവികസനത്തില്‍ ഒഴിവാക്കപ്പെട്ടതിന് ബിജെപിയിലെ ഒരു വിഭാഗത്തിന് അസംതൃപ്തിയെന്ന് റിപ്പോര്‍ട്ട്. ഇതില്‍ പ്രതിഷേധിച്ച് മന്ത്രിസഭാ വിപുലീകരണത്തില്‍ മന്ത്രി സ്ഥാനങ്ങള്‍ ലഭിക്കാത്ത ഏതാനും ബിജെപി നിയമസഭാംഗങ്ങള്‍ കൂടിക്കാഴ്ച നടത്തിയതായി മുഖ്യമന്ത്രി യെദിയൂരപ്പയുടെ രാഷ്ട്രീയ സെക്രട്ടറിയും എംഎല്‍എയുമായ എം പി രേണുകാചാര്യ പറഞ്ഞു.
ഈ വിമത നേതാക്കള്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളെ ന്യൂഡെല്‍ഹിയില്‍ സന്ദര്‍ശിക്കുന്നതടക്കം തന്ത്രം മെനയുകയാണെന്നും സൂചനയുണ്ട്. എംഎല്‍എമാര്‍ക്കിടയിലെ അസ്വസ്ഥതകള്‍ പാര്‍ട്ടി ഹൈക്കമാന്‍ഡിനെ അറിയിക്കുന്നതിനുള്ള പ്രചാരണത്തിന് നേതൃത്വം നല്‍കിയത് ഹൊനാലി എംഎല്‍എ ആയ രേണുകാചാര്യ ആണ്. എന്നാല്‍ യോഗങ്ങള്‍ പാര്‍ട്ടിയിലെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ചട്ടക്കൂടിനുള്ളിലായിരിക്കുമെന്നും എംഎല്‍എ പറഞ്ഞു. ‘ഞങ്ങളില്‍ ചിലര്‍ (എംഎല്‍എമാര്‍) ചൊവ്വാഴ്ച ബെംഗളൂരുവിലേക്ക് വരുന്നു, ഞങ്ങള്‍ ചര്‍ച്ച ചെയ്യും, തുടര്‍ന്ന് ഞങ്ങള്‍ തീരുമാനിക്കും. ഇതിനായി ഒരു തീയതിയും നിശ്ചയിച്ചിട്ടില്ല, എന്നാല്‍ ഞങ്ങളുടെ ഡെല്‍ഹി സന്ദര്‍ശനത്തെക്കുറിച്ച് നിയമസഭാംഗങ്ങളുമായി ചര്‍ച്ച ചെയ്യും, ”അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഈ കൂടിക്കാഴ്ച ഒരിക്കലും യെദിയൂരപ്പയുടെ നേതൃത്വത്തിനെ ചോദ്യം ചെയ്യുന്നതിന് ആയിരിക്കില്ല. എന്നാല്‍ അംഗങ്ങള്‍ക്ക് അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാനും പങ്കുവെക്കാനും ദേശീയ തലസ്ഥാനത്ത് നേതാക്കളെ കണ്ടുമുട്ടുന്നതിനുള്ള അടുത്ത നടപടി ആസൂത്രണം ചെയ്യാനുമാണെന്നും അദ്ദേഹം പറയുന്നു. ‘ഞങ്ങള്‍ പാര്‍ട്ടിക്കോ സംഘടനയ്ക്കോ നേതൃത്വത്തിനോ എതിരല്ല. ഞങ്ങളുടെ വേദനയും വികാരവും പാര്‍ട്ടിയിലെ മുതിര്‍ന്നവരെ മാത്രമാണ് ഞങ്ങള്‍ അറിയിക്കുന്നത്, ഞങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്,’ രേണുകാചാര്യ കൂട്ടിച്ചേര്‍ത്തു.
ഏഴ് പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി ഈ മാസം 13നാണ് യെദിയൂരപ്പ തന്റെ മന്ത്രിസഭ വികസിപ്പിച്ചത്. അതിനുതൊട്ടുപിന്നാലെ തന്നെ ഭരണകക്ഷിയില്‍ അസ്വാരസ്യങ്ങള്‍ ഉയര്‍ന്നിരുന്നു. രേണുകാചാര്യ ഉള്‍പ്പെടെ മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്നവര്‍ നിരവധിയാണ്. ചില സമുദായങ്ങള്‍ക്ക് മാത്രം മന്ത്രിസഭയില്‍ മേല്‍ക്കൈ ലഭിച്ചതും പലരിലും നീരസം ഉണ്ടാക്കിയിരുന്നു.