ജി7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും
- ശനി, ഞായര്‍ ദിവസങ്ങളിലാണ് ജി7 ഉച്ചകോടി നടക്കുന്നത്
- കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ഉച്ചകോടിക്ക് പ്രാധാന്യമേറെ
ന്യൂഡെല്‍ഹി: കോവിഡ് മഹമാരിക്കിടെ ജി7 ഉച്ചകോടിക്ക് ഇന്ന് തുടക്കമാകും. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്നും നാളെയും നടക്കുന്ന ജി 7 ഉച്ചകോടിയുടെ ഔട്ട്റീച്ച് സെഷനുകളില്‍ വെര്‍ച്വല്‍ ഫോര്‍മാറ്റില്‍ പങ്കെടുക്കും.
നിലവില്‍ ബ്രിട്ടനാണ് ജി7 കൂട്ടായ്മയുടെ അധ്യക്ഷ പദവി വഹിക്കുന്നത്. ഓസ്ട്രേലിയ, റിപ്പബ്ലിക് ഓഫ് കൊറിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളോടൊപ്പം ജി 7 ഉച്ചകോടിക്ക് അതിഥി രാജ്യങ്ങമായി ഇന്ത്യയെയും ക്ഷണിച്ചിരുന്നു ഹൈബ്രിഡ് രൂപത്തിലായിരിക്കും സമ്മേളനം ചേരുക.
‘ബില്‍ഡ് ബാക്ക് ബെറ്റര്‍’ എന്നതാണ് ഉച്ചകോടിയുടെ പ്രമേയം. ഉച്ചകോടിക്കായി ബ്രിട്ടന്‍ നാല് മുന്‍ഗണനാ മേഖലകള്‍ നല്‍കിയിട്ടുണ്ട്. ഭാവിയിലെ പകര്‍ച്ചവ്യാധികള്‍ക്കെതിരായ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനിടയില്‍ കൊറോണ വൈറസില്‍ നിന്നുള്ള ആഗോള വീണ്ടെടുക്കലിന് നേതൃത്വം നല്‍കല്‍; സ്വതന്ത്രവും നീതിയുക്തവുമായ വ്യാപാരം നടത്തി ഭാവി അഭിവൃദ്ധി പ്രോത്സാഹിപ്പിക്കുക; കാലാവസ്ഥാ വ്യതിയാനത്തെ നേരിടുകയും ഭൂമിയുടെ ജൈവവൈവിധ്യത്തെ സംരക്ഷിക്കുകയും ചെയ്യുക; ഒപ്പം പങ്കിട്ട മൂല്യങ്ങള്‍ക്കും, തുറന്ന സമൂഹങ്ങള്‍ക്കും വേണ്ടി പോരാടുക എന്നതാണവ. ആരോഗ്യം, കാലാവസ്ഥാ വ്യതിയാനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കൊണ്ട്, മഹാമാരിയില്‍ നിന്ന് ആഗോള വീണ്ടെടുക്കലിലേക്കുള്ള മുന്നേറ്റത്തെക്കുറിച്ചുള്ള പദ്ധതികള്‍ നേതാക്കള്‍ ഉച്ചകോടിയില്‍ പ്രഖ്യാപിക്കും.