കിഫ്ബിക്ക് 150 മില്യണ്‍ ഡോളര്‍ വായ്പയുമായി ഐഎഫ്സി
1 min readധനസഹായത്തിനൊപ്പം സമഗ്രമായ ഒരു അഡ്വൈസറി പാക്കേജും ലഭ്യമാക്കുന്നതിനാണ് ഐഎഫ്സി ശ്രമിക്കുന്നത്
കൊച്ചി: കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ബോര്‍ഡിന് (കിഫ്ബി) 150 മില്യണ്‍ ഡോളറിന്‍റെ ഹരിത ധനകാര്യ പാക്കേജ് നല്‍കാന്‍ ലോക ബാങ്ക് ഗ്രൂപ്പിന്‍റെ ഭാഗമായ ഇന്‍റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (ഐഎഫ്സി) പദ്ധതിയിടുന്നു. രണ്ട് വര്‍ഷത്തെ ഗ്രേസ് പിരീഡിനൊപ്പം 10 വര്‍ഷം വരെയാണ് വായ്പാ കാലാവധി. സമാന്തര വായ്പാ സ്ഥാപനങ്ങളില്‍ നിന്ന് ഏകദേശം 50 മില്യണ്‍ ഡോളര്‍ വരെ ഐഎഫ്സി ഇതിനായി സമാഹരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം കേരള സര്‍ക്കാര്‍ സംസ്ഥാനത്തിന്‍റെ നിര്‍ണായക നഗര അടിസ്ഥാന സൗകര്യ വികസനത്തിനായി ഉപയോഗിക്കുമെന്ന് ഐഎഫ്സി അഭിപ്രായപ്പെട്ടു. രണ്ട് ഘടകങ്ങളിലായാണ് ഫണ്ടുകള്‍ വിന്യസിക്കുക. ഒന്നാമത്തേത് നാല് പുതിയ ജലവിതരണ പദ്ധതികളുടെ നിര്‍മാണമാണ്. (ശശ) എഡ്ജ് (എക്സലന്‍സ് ഇന്‍ ഡിസൈന്‍ ഫോര്‍ ഗ്രേറ്റര്‍ എഫിഷ്യന്‍സി) സര്‍ട്ടിഫിക്കറ്റ് ലഭിക്കേണ്ട നാല് ആശുപത്രികളിലെ വിപുലീകരണ പ്രവര്‍ത്തനങ്ങളാണ് രണ്ടാമൈത്തെ ഘടകം.
ധനസഹായത്തിനൊപ്പം സമഗ്രമായ ഒരു അഡ്വൈസറി പാക്കേജും ലഭ്യമാക്കുന്നതിനാണ് ഐഎഫ്സി ശ്രമിക്കുന്നത്. ജല വിതരണ പദ്ധതികളുടെയും ആശുപത്രികളുടെയും വിപുലീകരണം അന്താരാഷ്ട്ര തലത്തിലെ മികച്ച പാരിസ്ഥിതിക, സാമൂഹിക (ഇ & എസ്) സമ്പ്രദായങ്ങള്‍ക്കനുസൃതമായി നടപ്പാക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കും. അതിനൊപ്പം അവയുടെ ഇ & എസ് ശേഷി വര്‍ദ്ധിപ്പിക്കാനും കിഫ്ബിയെ ഐഎഫ്സി സഹായിക്കും.
ഐഎഫ്സിയുടെ എഡ്ജ് സംവിധാനം ഉപയോഗിച്ച് ആശുപത്രി പദ്ധതികളെ ഹരിത കെട്ടിടങ്ങളായി സാക്ഷ്യപ്പെടുത്തുക, ഒരു ഹരിത ധനകാര്യ ചട്ടക്കൂട് വികസിപ്പിക്കാന്‍ കിഫ്ബിയെ സഹായിക്കുക, പ്രവര്‍ത്തനങ്ങളില്‍ കാലാവസ്ഥ വീണ്ടെടുക്കലിന്‍റെ കാഴ്ചപ്പാടും ശേഷിയും ഉള്‍പ്പെടുത്തുന്നതിന് കിഫ്ബിക്ക് മാര്‍ഗനിര്‍ദേശവും സഹായവും നല്‍കുക എന്നിവയും ഐഎഫ്സിയുടെ പാക്കേജില്‍ വരുന്നു.
സംസ്ഥാന സര്‍ക്കാരിന്‍റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഒരു ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിംഗ് ഏജന്‍സിയാണ് കിഫ്ബി. സംസ്ഥാനത്തിന്‍റെ അടിസ്ഥാന സൗകര്യ പദ്ധതികളുടെ നിര്‍മ്മാണം വിലയിരുത്തല്‍, ധനസഹായം, നിരീക്ഷിക്കല്‍ എന്നിവയാണ് കിഫ്ബിയുടെ ചുമതലകളില്‍ വരുന്നത്.