ബ്രെയിന്‍ ട്യൂമര്‍: ലക്ഷണങ്ങള്‍ അവഗണിക്കാതെ കൃത്യസമയത്ത് ചികിത്സിച്ചാല്‍ ആപത്ത് ഒഴിവാക്കാം
1 min readബിനൈന്‍ ട്യൂമറുകള്‍ അര്‍ബുദകാരിയല്ല. മന്ദഗതിയിലുള്ള കോശവളര്‍ച്ചയാണ് ഇത്തരം ട്യൂമറുകളുടെ പ്രത്യേകത, മാത്രമല്ല ഇത് ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും
തലച്ചോറിലെ കോശങ്ങളുടെ അനിയന്ത്രിത വളര്‍ച്ചയാണ് ബ്രെയിന്‍ ട്യൂമര്‍. കോശങ്ങളുടെ പ്രവര്‍ത്തനത്തകരാറ് മൂലമാണ് അസാധാരണമായ രീതിയില്‍ അവ വിഭജിക്കുകയും വളരുകയും ചെയ്യുന്നത്. സാധാരണയായി ട്യൂമറുകള്‍ തലച്ചോറില്‍ രൂപം കൊള്ളുകയും അല്ലെങ്കില്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് തലച്ചോറിലേക്ക് വ്യാപിക്കുകയും ചെയ്യാറുണ്ട്. കോശ വളര്‍ച്ചയുടെ തീവ്രത അനുസരിച്ച് ട്യൂമറുകളെ ബിനൈന്‍ (അര്‍ബുദകാരിയല്ലാത്ത മന്ദഗതിയിലുള്ള കോശവളര്‍ച്ച, ഇത് ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും.) മാലിഗ്നന്റ് (അര്‍ബുദകാരി, മാരകം) എന്നിങ്ങനെ രണ്ടായി തരംതിരിച്ചിരിക്കുന്നു. മാലിഗ്നന്റ് ട്യൂമറുകളുടെ ആക്രമണശേഷിയും വ്യാപന ശേഷിയും അനുസരിച്ച് അവയെ വീണ്ടും തരംതിരിച്ചിട്ടുണ്ട്. ട്യൂമര്‍ ഉണ്ടാകുമ്പോള്‍ അനിയന്ത്രിത കോശ വളര്‍ച്ച മൂലം തലച്ചോറില്‍ ക്രമേണ സമ്മര്‍ദ്ദം വര്‍ധിച്ച് വരികയും ഇത് പലതരത്തിലുള്ള ലക്ഷണങ്ങളായി മാറുക.യും ചെയ്യുന്നു.
പ്രായഭേദമന്യേ, പ്രായപൂര്‍ത്തിയായവരിലും പ്രായമായവരിലും ചെറുപ്പക്കാരിലും കുട്ടികളിലുമെല്ലാം ബ്രെയിന്‍ ട്യൂമര്‍ കണ്ടുവരുന്നു. സമൂഹത്തില്‍ ഈ രോഗത്തെ കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുക, പുതിയ ചികിത്സകള്‍ കണ്ടെത്തുക, രോഗത്തെ കുറിച്ചുള്ള പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും പ്രോത്സാഹനം നല്‍കുക, ബ്രെയിന്‍ ട്യൂമര്‍ രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പിന്തുണ നല്‍കുക എന്നീ ലക്ഷ്യങ്ങളോടെയാണ് എല്ലാ വര്‍ഷവും ജൂണ്‍ എട്ട് ലോക ബ്രെയിന്‍ ട്യൂമര്‍ ദിനമായി ആചരിക്കുന്നത്. ജര്‍മ്മന്‍ ട്യൂമര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2000ത്തിലാണ് ആദ്യമായി ലോക ബ്രെയിന്‍ ട്യൂമര്‍ ദിനം ആചരിച്ചത്. പിന്നീട് എല്ലാ വര്‍ഷവും ലോകമെമ്പാടുമുള്ള ബ്രെയിന്‍ ട്യൂമര്‍ രോഗികളോടും അവരുടെ പ്രിയപ്പെട്ടവരോടും ഉള്ള ആദരസൂചകമായി ലോകം ബ്രെയിന്‍ ട്യൂമര്‍ ദിനം ആചരിക്കുന്നു.
കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ഹെല്‍ത്ത് പോര്‍ട്ടലിലെ (എന്‍എച്ച്പി) വിവരം അനുസരിച്ച്, ഇന്ത്യയില്‍ ബ്രെയിന്‍ ട്യൂമര്‍ കേസുകളുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. കുട്ടികളില്‍ പൊതുവെ പെണ്‍കുട്ടികളിലാണ് ബ്രെയിന്‍ ട്യൂമര്‍ കൂടുതലായി കാണപ്പെടുന്നത്. ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിച്ച് 9 – 12 മാസത്തിനുള്ളില്‍ ഭൂരിഭാഗം രോഗികളും മരണമടയുന്നുവെനനും കേവലം മൂന്ന് ശതമാനം രോഗികള്‍ മാത്രമാണ് മൂന്ന് വര്‍ഷത്തിനപ്പുറം രോഗത്തെ അതിജീവിക്കുന്നുള്ളുവെന്നുമുള്ള ദുഃഖകരമായ സത്യവും എന്‍എച്ച്പി പങ്കുവെക്കുന്നുണ്ട്. അര്‍ബുദ രോഗികളുടെ എണ്ണം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ രോഗം നേരത്തെ കണ്ടെത്തുന്നതിനും മതിയായ ചികിത്സ ലഭ്യമാക്കുന്നതിനുമായി കേന്ദ്രസര്‍ക്കാര്‍ ദേശീയ അര്‍ബുദ നിയന്ത്രണ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്.
രോഗലക്ഷണങ്ങള്‍ പ്രാരംഭദശയില്‍ തന്നെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ വിദഗ്ധ ചികിത്സയിലൂടെ ബ്രെയിന്‍ ട്യൂമര്‍ ഭേദമാക്കാം.
സാധാരണ ലക്ഷണങ്ങള്‍
-
ഇട വിട്ടുള്ള കഠിനമായ തലവേദന, ആലസ്യം, രോഗം തീവ്രമാകുമ്പോള്‍ ഛര്‍ദ്ദിയും
-
സംസാരിക്കാന്‍ ബുദ്ധിമുട്ട്, അപസ്മാരം
-
കാഴ്ച, കേള്‍വി എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍. രുചി, മണം എന്നിവ അറിയുന്നതില്‍ ബുദ്ധിമുട്ട്
-
സ്വഭാവത്തില്‍ മാറ്റം, ശരീരഭാഗങ്ങളില്‍ തളര്‍ച്ച
-
ഓര്‍മ്മക്കുറവ്, കാര്യങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ട്
-
പേശികള്‍ക്ക് ബലക്ഷയം, നടക്കുമ്പോള്‍ ബാലന്‍സ് പോകുക.
ട്യൂമറിന്റെ വലുപ്പം, സ്ഥലം, ഘട്ടം, വളര്‍ച്ചയുടെ തോത് എന്നിവ അനുസരിച്ച് ലക്ഷണങ്ങളില്‍ മാറ്റമുണ്ടായേക്കാം. ഇവയില്‍ ഏതെങ്കിലും ലക്ഷണങ്ങള്‍ അടിക്കടി അനുഭവപ്പെട്ടാല്‍ ഡോക്ടറെ കാണുകയാണ് ഉചിതം. ന്യൂറോളജിക്കല്‍ പരിശോധനകളിലൂടെയും (കോര്‍ഡിനേഷന്‍, കാഴ്ച, കേള്‍വി, ബാലന്‍സ് എന്നിവ സംബന്ധിച്ച പരിശോധനകള്‍) എംആര്‍ഐ( ഇമേജിംഗ് പരിശോധനാരീതികള്‍), ബയോപ്‌സി (അസാധാരണ കോശങ്ങളുടെ സാംപിള്‍ പരിശോധന) എന്നിവയിലൂടെയുമാണ് സാധാരണയായി ബ്രെയിന്‍ ട്യൂമര്‍ നിര്‍ണയിക്കുന്നത്.
രോഗം സ്ഥിരീകരിക്കപ്പെട്ട് കഴിഞ്ഞാല്‍, ബിനൈന്‍ ആണെങ്കില്‍ ട്യൂമറിന്റെ ചില സവിശേഷതകള്‍ അനുസരിച്ച് ന്യൂറോസര്‍ജന്‍മാര്‍ ശസ്ത്രിക്രിയയിലൂടെ ട്യൂമറിനെ മുഴുവനായി നീക്കം ചെയ്യുകയോ ചിലപ്പോള്‍ ചില നാഡികള്‍ നിലനിര്‍ത്തുന്നതിനായി ട്യൂമറിനെ അവിടെ നിലനിര്‍ത്തി മരുന്നുകളിലൂടെയുള്ള ചികിത്സ നടത്തുകയോ ചെയ്യും.
അതേസമയം മാലിഗ്നന്റ് ട്യൂമര്‍ ആണെങ്കില്‍ രോഗിക്ക് സമഗ്രമായ ചികിത്സ ആവശ്യമാണ്. ശസ്ത്രക്രിയ, കീമോതെറാപ്പിയോട് കൂടിയ റേഡിയോതെറാപ്പി, കീമോതെറാപ്പി ഇല്ലാത്ത റേഡിയോതെറാപ്പി എന്നിവയാണ് സാധാരണയായി മാലിഗ്നന്റ് ട്യൂമറിനുള്ള ചികിത്സ. രോഗിക്ക് ഏറ്റവും ഫലപ്രദമായ ചികിത്സാരീതി കണ്ടെത്തുന്നതിനായി ചികിത്സ ആരംഭിക്കുന്നതിന് മുമ്പായി റേഡിയേഷന്‍ ഓങ്കോളജിസ്റ്റ്, മെഡിക്കല്‍ ഓങ്കോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, പാത്തോളജിസ്റ്റ് എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നത് നല്ലതാണ്.