കോവിഡ് ആഘാതം : സാമ്പത്തിക തിരിച്ചുവരവ് ഈ മാസം തന്നെ ദൃശ്യമാകും
1 min read- തിരിച്ചുവരവിന്‍റെ വേഗത ജൂലൈയില്‍ കൂടും
- വളര്‍ച്ചാ നിരക്കില്‍ ആര്‍ബിഐ കുറവ് വരുത്തിയതിന് പിന്നാലെയുള്ള പ്രസ്താവന
- ഇന്ധന വില വര്‍ധനയില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും നിതി ആയോഗ്
മുംബൈ: കോവിഡ് ആഘാതത്തില്‍ സമ്പദ് വ്യവസ്ഥ തകര്‍ന്നടിഞ്ഞെങ്കിലും ഈ മാസം മുതല്‍ തന്നെ തിരിച്ചുവരവ് പ്രകടമാകും. ജൂണ്‍ മാസത്തില്‍ തന്നെ സാമ്പത്തിക തിരിച്ചുവരവ് തുടങ്ങുമെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ ശനിയാഴ്ച്ച വ്യക്തമാക്കി. സാമ്പത്തിക തിരിച്ചുവരവിന്‍റെ വേഗത ജൂലൈയില്‍ കൂടുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ പ്രതീക്ഷിത ജിഡിപി വളര്‍ച്ചാ നിരക്കില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കുറവ് വരുത്തിയതിന് തൊട്ടുപിന്നാലെയാണ് രാജീവ് കുമാറിന്‍റെ പ്രസ്താവന. രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് നേരത്തെ പ്രവചിച്ച 10.5 ശതമാനത്തില്‍ നിന്നും 9.5 ശതമാനമായി കുറയുമെന്നാണ് കേന്ദ്ര ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.
2022 സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ചാ നിരക്കില്‍ ആര്‍ബിഐ കുറവ് വരുത്തിയത് കോവിഡ് രണ്ടാം തരംഗത്തിന്‍റെ ആഘാതം മൂലമാണെന്ന് രാജീവ് കുമാര്‍ പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദ ഫലങ്ങളില്‍ രണ്ടാം തരംഗത്തിന്‍റെ അനുരണനങ്ങള്‍ പ്രകടമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്ത് അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന പെട്രോള്‍, ഡീസല്‍ വിലയെകുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഇന്ധന വില വര്‍ധനവില്‍ കേന്ദ്രം എന്തെങ്കിലും നടപടിയെടുക്കണമെന്നും പണപ്പെരുപ്പം നിയന്ത്രിക്കേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നും രാജീവ് കുമാര്‍ പറഞ്ഞു.