തീരദേശ ഹൈവേയില്‍ പരിസ്ഥിതി സൗഹൃദ സൗകര്യ കേന്ദ്രങ്ങള്‍
1 min readതിരുവനന്തപുരം: 6,500 കോടി മുതല്‍മുടക്കില്‍ നടപ്പാക്കുന്ന തീരദേശ ഹൈവേ പദ്ധതിയില്‍ 25-30 കിലോമീറ്റര്‍ ഇടവേളകളില്‍ പരിസ്ഥിതി സൗഹൃദ സൗകര്യ കേന്ദ്രങ്ങള്‍ ഒരുക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു. ഇതിന് ആവശ്യമായ ഭൂമി വാങ്ങിക്കുന്നതിന് കിഫ്ബി അക്വിസിഷന്‍ പൂളില്‍ നിന്ന് ധനസഹായം ലഭ്യമാക്കും.
ബില്‍ഡ് – ഓപ്പറേറ്റ് – ട്രാന്‍സ്ഫര്‍ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് സുതാര്യമായ ബിഡ്ഡിങ്ങിലൂടെ നിക്ഷേപകരെ തെരഞ്ഞെടുക്കും. കിഫ്ബി വഴിയാണ് 240 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നത്. തികച്ചും പരിസ്ഥിതി സൗഹാര്‍ദപരമായ രീതിയിലായിരിക്കും ഈ സൗകര്യ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിനുള്ള രീതിയെന്ന് ഉറപ്പുവരുത്തും. ഇതുവഴി 1500 കോടി രൂപയില്‍ അധികം നിക്ഷേപം സംസ്ഥാനത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ധനമന്ത്രി പറഞ്ഞു.
തീരദേശ ഹൈവേ പദ്ധതിയുടെ മൊത്തം ദൈര്‍ഘ്യമായ 645.19 കിലോമീറ്ററില്‍ 54.71 കിലോമീറ്റര്‍ വരെയുള്ള പദ്ധതികള്‍ക്കാണ് കിഫ്ബി ഇതിനകം അംഗീകാരം നല്‍കിയിട്ടുള്ളത്. രണ്ട് ചെറിയ റീച്ചുകളില്‍ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. ഡ്രോണ്‍ സര്‍വെ മിക്ക ഭാഗങ്ങളിലും പൂര്‍ത്തിയായി. മുന്‍ഗണനാടിസ്ഥാനത്തില്‍ ഈ പദ്ധതി പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുമെന്നും ബജറ്റില്‍ പറയുന്നു.