Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പാര്‍ട്ടിയിലേക്ക് തിരിച്ചെത്താന്‍ ‘ചിന്നമ്മ’യുടെ ശ്രമം

ഓഡിയോ ക്ലിപ്പുകള്‍ ശശികലയുടെ സൃഷ്ടി; വാതിലുകള്‍ അടഞ്ഞുതന്നെയെന്ന് എഐഎഡിഎംകെ

ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അടുത്ത സഹായി ആയിരുന്ന വി കെ ശശികല എഐഎഡിഎംകെയിലേക്കുള്ള തിരിച്ചുവരവിന്‍റെ പാതയിലെന്ന് സൂചന. ഇത് സംസ്ഥാനത്തെ പല പ്രതിപക്ഷ നേതാക്കളെയും അസ്വസ്ഥരാക്കിയിട്ടുണ്ട്. ശശികലയും എഐഎഡിഎംകെയിലെ ഒരംഗവും തമ്മില്‍ നടന്നതായി പറയപ്പെടുന്ന ഫോണ്‍ സംഭാഷണത്തിന്‍റെ ഓഡിയോ ക്ലിപ്പുകള്‍ വൈറലായതോടെയാണ് ഇക്കാര്യം പുറത്തറിയുന്നത്. കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട സ്ഥിതി മെച്ചപ്പെട്ടുകഴിഞ്ഞാല്‍ പാര്‍ട്ടിയിലേക്ക് “തീര്‍ച്ചയായും മടങ്ങിവരാം” എന്ന് ശശികല ഓഡിയോ ക്ലിപ്പില്‍ പറയുന്നുണ്ട്. മറ്റൊരു ഓഡിയോ ക്ലിപ്പില്‍, “ഞാന്‍ ഉടന്‍ മടങ്ങിയെത്തും, വിഷമിക്കേണ്ട. അവരുടെ വഴക്കുകള്‍ എന്നെ വേദനിപ്പിക്കുന്നു. ഈ പാര്‍ട്ടി വികസിപ്പിക്കുന്നതില്‍ ഞങ്ങള്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. അത് പാഴായിപ്പോകുന്നത് എനിക്ക് കാണാന്‍ കഴിയില്ല. ഞാന്‍ ഉടനെ വരും. കൊറോണ കുറഞ്ഞതിനുശേഷം, ഞാന്‍ നിങ്ങളെ എല്ലാവരെയും കാണും. ധൈര്യമായിരിക്കുക.’ എന്നും പറയുന്നുണ്ട്. എന്നാല്‍ ഈ ക്ലിപ്പുകള്‍ ശശികലയുടെ സൃഷ്ടിയാണെന്ന് പാര്‍ട്ടിയിലെ ഒരുവിഭാഗം ആള്‍ക്കാര്‍ പറയുന്നു.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയം ഏറ്റുവാങ്ങിയ എഐഎഡിഎംകെയില്‍ മുന്‍ മുഖ്യമന്ത്രിമാരായ എടപ്പാടി കെ പളനിസ്വാമിയും (ഇപിഎസ്) ഒ പനീര്‍സെല്‍വവും (ഒപിഎസ്) തമ്മിലുള്ള കലഹത്തിന്‍റെ റിപ്പോര്‍ട്ടുകള്‍ മുന്‍പ് പുറത്തുവന്നിരുന്നു. അതിനുശേഷമാണ് ശശികലയുടെ രംഗപ്രവേശത്തെ സൂചിപ്പിക്കുന്ന ചലനങ്ങള്‍ ഉണ്ടായിത്തുടങ്ങിയത്. എംജിആറിന്‍റെ മരണശേഷം 1989മുതല്‍ ജയലളിതയായിരുന്നു പാര്‍ട്ടിയുടെ നേതാവ്. അത് അവരുടെ മരണംവരെതുടര്‍ന്നു. ഇന്ന് എഐഎഡിഎംകെയില്‍ അധികാര വടംവലി ഉണ്ടാകുമ്പോള്‍ ജയലളിതയുടെ തോഴി പാര്‍ട്ടിയുടെ തലപ്പത്ത് എത്താന്‍ ആഗ്രഹിക്കുന്നു എന്നുവേണം കരുതാന്‍. ഇതിന് ഏതാനും അണ്ണാഡിഎംകെ നേതാക്കളുടെ പിന്തുണയുമുണ്ട്.

സ്വത്തുസമ്പാദനക്കേസില്‍ തടവുശിക്ഷ അനുഭവിച്ചതാണ് ശശികല. തുടര്‍ന്ന് 2017 ല്‍ എഐഎഡിഎംകെയില്‍ നിന്ന് അവര്‍ പുറത്താക്കപ്പെട്ടു. ഈ വര്‍ഷം ആദ്യമാണ് അവര്‍ ജയില്‍ മോചിതയായത്. ബെംഗളൂരു ജയിലില്‍നിന്നും ചെന്നൈയിലേക്ക് ശശികള എത്തുമ്പോള്‍ അവരെ സ്വാഗതം ചെയ്യാനും നേതാക്കളുണ്ടായിരുന്നു. എന്നാല്‍ സംസ്ഥാന നിയമസഭാതെരഞ്ഞെടുപ്പ് ആസന്നമായതിനാല്‍ താന്‍ രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കുകയാണെന്ന് അവര്‍ അന്നു പ്രഖ്യാപിച്ചിരുന്നു. “ദുഷ്ടശക്തിയായ ഡിഎംകെയെ” പരാജയപ്പെടുത്താന്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്ന് എല്ലാ എഐഎഡിഎംകെ പ്രവര്‍ത്തകരോടും അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ പുറത്തുവന്ന ഓഡിയോ ക്ലിപ്പുകള്‍ ശശികലയുടേതാണെന്ന് അവരുടെ അനന്തരവനും അമ്മ മക്കള്‍ മുന്നേറ്റ കഴകം (എ.എം.എം.കെ) നേതാവുമായ ടിടിവി ദിനകരന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എഐഎഡിഎംകെയില്‍ പിളര്‍ന്ന വിഭാഗമാണ് എ.എം.എം.കെ.

“അത് അവരല്ലായിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഒരുപ്രസ്താവന പുറത്തിറക്കുമായിരുന്നു.അത് തീര്‍ച്ചയായും അവരാണ്, “അടുത്ത സഹായി പറഞ്ഞു. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സഹായി ദിനകരന്‍ റെക്കോര്‍ഡിംഗ് കേട്ടിട്ടുണ്ടെന്ന് കൂട്ടിച്ചേര്‍ത്തു. ഓഡിയോ ക്ലിപ്പുകളില്‍ പാര്‍ട്ടി കേഡര്‍മാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എഐഎഡിഎംകെ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. “പാര്‍ട്ടി കേഡര്‍മാര്‍ക്കിടയില്‍ അവര്‍ക്ക് ന്യായമായ പിന്തുണയുണ്ട്, അവരെല്ലാവരും ഒരു ഏകീകൃത നേതൃത്വം ആഗ്രഹിക്കുന്നു,” പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു മുതിര്‍ന്ന എഐഎഡിഎംകെ നേതാവ് പറഞ്ഞു. നിലവിലെ സമ്പ്രദായം അംഗീകരിച്ചാല്‍ ശശികലയുടെ പാര്‍ട്ടിയിലേക്കുള്ള തിരിച്ചുവരവ് പരിഗണിക്കാമെന്ന് ഒപിഎസ് മാര്‍ച്ചില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഒരു വിഭാഗം അവരെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനോട് യോജിക്കുന്നില്ല.

തെരഞ്ഞെടുപ്പ് മുതല്‍ എഐഎഡിഎംകെ നേതാക്കളായ ഇപിഎസും ഒപിഎസും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്, ചില വിഷയങ്ങളില്‍ നേതാക്കള്‍ വ്യക്തിഗതമായി പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നത് ഇതിനുദാഹരണമാണ്. ഇരുവരും പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചെങ്കിലും ഒടുവില്‍ ഈ സ്ഥാനം ഇപിഎസിലേക്ക് പോവുകയായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് മുതിര്‍ന്ന പാര്‍ട്ടിനേതാവായ സി പൊന്നയ്യന്‍ എന്നാല്‍ പറയുന്നത് മറ്റൊന്നാണ്. ഇപിഎസും ഒപിഎസും തമ്മിലുള്ള ബന്ധത്തില്‍ യാതൊരു അകല്‍ച്ചയുമില്ലെന്നും പാര്‍ട്ടി ഒത്തൊരുമയോടെ മുന്നോട്ടുപോകുന്നുവെന്നും അവര്‍ വാദിക്കുന്നു. പാര്‍ട്ടിയിലേക്കുള്ള ശശികലയുടെ തിരിച്ചുവരവിനെസംബന്ധിച്ച് പൊന്നയ്യന്‍ പറയുന്നത് അവര്‍ക്കുമുന്നില്‍ പാര്‍ട്ടി വാതിലുകള്‍ നേതാക്കള്‍ മാത്രമല്ല, കേഡര്‍മാരും അടച്ചിരുന്നു എന്നാണ്. “പക്ഷേ അവര്‍ക്ക് ഒരു പാര്‍ട്ടിയിലും ചേരാനാവില്ല’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദിനകരനും ശശികലയും തമ്മില്‍ ആഴത്തിലുള്ള പിരിമുറുക്കമുണ്ടെന്നത് പരസ്യമായ രഹസ്യമാണെന്നും ശശികലയുടെ സഹോദരന്‍ വി. ദിവാകരനും ദിനകരനും ഒരേ തസ്തികയ്ക്കുവേണ്ടി പോരാടുകയാണെന്നും അദ്ദേഹം പറഞ്ഞു.

Maintained By : Studio3