കൊവിഡ് ഹെല്‍ത്ത്‌കെയര്‍ ഡയറക്ടറി : മാപ്പ്‌മൈഇന്ത്യ, ഫാക്റ്റ്‌ചെക്കര്‍ എന്നിവയുമായി ട്രൂകോളര്‍ സഹകരണം
ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ കൊവിഡ് ഹെല്‍ത്ത്‌കെയര്‍ ഡയറക്ടറി ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു
ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും വിശ്വസനീയവും കൃത്യതയുള്ളതുമായ കോളര്‍ ഐഡിയും ടെലിഫോണ്‍ സെര്‍ച്ച് എന്‍ജിനുമായ ട്രൂകോളര്‍, കൊവിഡ് ഹെല്‍ത്ത്‌കെയര്‍ ഡയറക്ടറി ഫീച്ചര്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി മാപ്പ്‌മൈഇന്ത്യ, ഫാക്റ്റ്‌ചെക്കര്‍ എന്നിവയുമായി സഹകരിക്കുന്നു. എല്ലാ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കുമായി ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. പുതിയ സഹകരണങ്ങള്‍ കൂടിയാകുമ്പോള്‍ വലിയ വിവരശേഖരണത്തിലേക്ക് എളുപ്പത്തില്‍ ആക്‌സസ് ലഭിക്കും.
ഇന്ത്യയിലെ മുന്‍നിര ലൊക്കേഷന്‍ അധിഷ്ഠിത ഐഒടി പ്ലാറ്റ്‌ഫോമായ മാപ്പ്‌മൈഇന്ത്യ, രാജ്യമെങ്ങുമുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍, കൊവിഡ് ആശുപത്രികള്‍, പരിശോധനാ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ കൊവിഡുമായി ബന്ധപ്പെട്ട 60,000 പോയന്റുകളെ ഒന്നിച്ചു കൊണ്ടുവരുന്നു. ട്രൂകോളറിനുള്ളിലെ മാപ്പ്‌മൈഇന്ത്യ ബാനറില്‍ ടാപ്പ് ചെയ്ത് ഉപയോക്താക്കള്‍ക്ക് വിശദാംശങ്ങളും ലൊക്കേഷന്‍ മാപ്പും എളുപ്പത്തില്‍ ആക്‌സസ് ചെയ്യാന്‍ കഴിയും.
അതേസമയം, കൊവിഡ് റിലീഫില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കോണ്‍ടാക്റ്റ് നമ്പറുകള്‍ നിരന്തരം പരിശോധിച്ചുറപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ ഫാക്റ്റ് ചെക്ക് സംവിധാനമാണ് ഫാക്റ്റ്‌ചെക്കര്‍. ആവശ്യമുള്ള സമയത്ത് ശരിയായ കോണ്‍ടാക്റ്റുകള്‍ തന്നെയാണ് രോഗികളും മറ്റും ഉപയോഗിക്കുന്നത് എന്ന് ഉറപ്പാക്കാന്‍ പ്ലാറ്റ്‌ഫോം സഹായിക്കുന്നു.