അന്തിമ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എഎസ്‌സിഐ പുറത്തിറക്കി
ഡിജിറ്റല്‍ മാധ്യമങ്ങളിലെ ഇന്‍ഫ്‌ളുവന്‍സര്‍ പരസ്യങ്ങള്‍ക്കാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്
മുംബൈ: ഡിജിറ്റല്‍ മാധ്യമങ്ങളിലെ ഇന്‍ഫ്‌ളുവന്‍സര്‍ പരസ്യങ്ങള്‍ക്കായുള്ള അന്തിമ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (എഎസ്‌സിഐ) പുറത്തിറക്കി. കരട് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. പരസ്യദാതാക്കള്‍, ഏജന്‍സികള്‍, ഇന്‍ഫ്‌ളുവന്‍സര്‍മാര്‍, ഉപഭോക്താക്കള്‍ എന്നിവരില്‍നിന്ന് പ്രതികരണങ്ങള്‍ ആവശ്യപ്പെട്ടാണ് കരട് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നത്.
2021 ജൂണ്‍ 14 നോ അതിനു ശേഷമോ പ്രസിദ്ധീകരിക്കുന്ന വാണിജ്യ സന്ദേശങ്ങള്‍ അല്ലെങ്കില്‍ പരസ്യങ്ങള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ബാധകമാകും. ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ പോസ്റ്റ് ചെയ്യുന്ന പ്രമോഷണല്‍ ഉള്ളടക്കം ലേബല്‍ ചെയ്യുന്നത് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമാക്കുന്നു.
ഡിജിറ്റല്‍ മാധ്യമങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്ന കാലത്ത് ഉള്ളടക്കവും പ്രമോഷണല്‍ പരസ്യങ്ങളും തമ്മിലുള്ള വ്യത്യാസം നിര്‍ണായകമാണ്. വിപണന ഭൂമിക തന്നെ മാറിക്കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിംഗിന് ഇപ്പോള്‍ പ്രാധാന്യം കൈവന്നു. ഇന്ന് ഉപഭോക്താക്കള്‍ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ അംഗീകാരം നല്‍കിയ ഉല്‍പ്പന്നങ്ങളും സേവനങ്ങളും മാത്രമല്ല, അവര്‍ സൃഷ്ടിക്കുന്ന ബ്രാന്‍ഡ് സ്റ്റോറികളും വാങ്ങുന്നു. അതിനാല്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉപഭോക്താക്കള്‍, ഇന്‍ഫ്‌ളുവന്‍സര്‍മാര്‍, വിപണനക്കാര്‍, പരസ്യ വ്യവസായം എന്നിവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതാണ്.
രാജ്യത്തെ പ്രമുഖ ഡിജിറ്റല്‍ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ കാഴ്ച്ചപ്പാടുകള്‍ സമാഹരിക്കുന്നതിനും വിദഗ്ധ ഉപദേശങ്ങള്‍ക്കുമായി സോഷ്യല്‍ സ്റ്റോറി ടെല്ലിംഗിന്റെ ഒരു പ്രധാന വിപണിയായ ബിഗ് ബാംഗ് സോഷ്യലുമായി എഎസ്‌സിഐ കരാറിലേര്‍പ്പെട്ടു.