എന്‍ട്രി ലെവല്‍ 4ജി സ്മാര്‍ട്ട്‌ഫോണ്‍ : ഐടെല്‍ എ23 പ്രോ പുറത്തിറക്കി
1 ജിബി റാം, 8 ജിബി സ്‌റ്റോറേജ് വേരിയന്റിന് 4,999 രൂപയാണ് വില
ന്യൂഡെല്‍ഹി: ഐടെല്‍ എ23 പ്രോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഒരു വേരിയന്റില്‍ മാത്രമാണ് എന്‍ട്രി ലെവല്‍ 4ജി സ്മാര്‍ട്ട്‌ഫോണ്‍ ലഭിക്കുന്നത്. 1 ജിബി റാം, 8 ജിബി സ്‌റ്റോറേജ് വേരിയന്റിന് 4,999 രൂപയാണ് വില. എന്നാല്‍ റിലയന്‍സ് ജിയോ ഓഫര്‍ അനുസരിച്ച് ജിയോ നെറ്റ്‌വര്‍ക്ക് സഹിതം 3,899 രൂപ നല്‍കി റിലയന്‍സ് ഡിജിറ്റല്‍ വെബ്‌സൈറ്റ്, മൈ ജിയോ സ്‌റ്റോറുകള്‍, റിലയന്‍സ് ഡിജിറ്റല്‍ സ്‌റ്റോറുകള്‍ എന്നിവിടങ്ങളില്‍ ജൂണ്‍ ഒന്ന് മുതല്‍ വാങ്ങാന്‍ കഴിയും. ലേക്ക് ബ്ലൂ, സഫയര്‍ ബ്ലൂ എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍.
ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഐടെല്‍ എ23 പ്രോ പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 10 (ഗോ എഡിഷന്‍) ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. 196 പിപിഐ പിക്‌സല്‍ സാന്ദ്രത സഹിതം 5 ഇഞ്ച് എഫ്ഡബ്ല്യുവിജിഎ (480, 854 പിക്‌സല്‍) ടിഎന്‍ ഡിസ്‌പ്ലേ നല്‍കി. ചുറ്റും വണ്ണമുള്ള ബെസെലുകള്‍ കാണാം. 1.4 ഗിഗാഹെര്‍ട്‌സ് ക്വാഡ് കോര്‍ യൂണിസോക് എസ്‌സി9832ഇ എസ്ഒസിയാണ് കരുത്തേകുന്നത്. മാലി ടി820 ജിപിയു ലഭിച്ചു. മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയും.
ഫോട്ടോ, വീഡിയോ ആവശ്യങ്ങള്‍ക്കായി പിറകില്‍ 2 മെഗാപിക്‌സല്‍ കാമറ നല്‍കി. ചതുരാകൃതിയുള്ള കാമറ മൊഡ്യൂളില്‍ ഫ്‌ളാഷ് സ്ഥാപിച്ചു. മുന്നില്‍, മുകളിലെ ബെസെലിന് മധ്യത്തിലായി 0.3 മെഗാപിക്‌സല്‍ സെല്‍ഫി ഷൂട്ടര്‍ നല്‍കി.
ഡുവല്‍ സിം 4ജി, വൈഫൈ, വിഒഎല്‍ടിഇ, ജിപിഎസ്, ബ്ലൂടൂത്ത്, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക്, ചാര്‍ജിംഗ് ആവശ്യങ്ങള്‍ക്കായി മൈക്രോ യുഎസ്ബി പോര്‍ട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. 3 ആക്‌സിസ് ആക്‌സെലറോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നീ സെന്‍സറുകള്‍ ലഭിച്ചു. ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ നല്‍കിയില്ലെങ്കിലും ഫേസ് അണ്‍ലോക്ക് സവിശേഷതയാണ്. 2,400 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 145.4 എംഎം, 73.9 എംഎം, 9.85 എംഎം എന്നിങ്ങനെയാണ് വലുപ്പം സംബന്ധിച്ച അളവുകള്‍.