2020 ല്‍ ഇന്ത്യയുടെ ആഭ്യന്തര എയര്‍ ട്രാഫിക്കില്‍ 56% ഇടിവ്
1 min read2020 മാര്‍ച്ചില്‍ തന്നെ ഇന്ത്യയുടെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം കുറഞ്ഞിരുന്നു
ന്യൂഡെല്‍ഹി: കോവിഡ് -19 മഹാമാരി ഇന്ത്യയുടെ വ്യോമയാന മേഖലയില്‍ വലിയ ആഘാതമുണ്ടാക്കി എന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്ത്. ആഭ്യന്തര വിമാന യാത്രക്കാരുടെ ട്രാഫിക്ക് 2020ല്‍ 55.6 ശതമാനം ഇടിഞ്ഞു. റവന്യൂ പാസഞ്ചര്‍ കിലോമീറ്റേര്‍സ് (ആര്‍പികെ) എന്ന യൂണിറ്റിലാണ് ഇത് അളക്കുന്നത്. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (ഐഎടിഎ) പുറത്തുവിട്ട കണക്കനുസരിച്ച്, ഇന്ത്യയിലെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായ ഇടിവ്, പ്രധാന വ്യോമയാന വിപണികളിലെ ഏറ്റവും വലിയ മൂന്നാമത്തേതാണ്.
ഓസ്ട്രേലിയ, യുഎസ് എന്നീ വിപണികളിലാണ് ഇതിനേക്കാള്‍ വലിയ തിരിച്ചടി വ്യോമയാന മേഖലയില്‍ പ്രകടമായിട്ടുള്ളത്. ഓസ്ട്രേലിയയില്‍ 69.5 ശതമാനവും യുഎസില്‍ 59.6 ശതമാനവും ഇടിവ് ആഭ്യന്തര യാത്രികരുടെ എയര്‍ ട്രാഫിക്കില്‍ ഉണ്ടായി. ഇന്ത്യയിലെ ലഭ്യമായ പാസഞ്ചര്‍ ശേഷി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 48 ശതമാനം കുറഞ്ഞു. അവയ്‌ലബിള്‍ സീറ്റ് കിലോമീറ്റര്‍ (എഎസ്‌കെ) എന്ന യൂണിറ്റിലാണ് ഇത് അളക്കുന്നത്.
രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതും കോവിഡ് -19 വ്യാപിക്കുന്നതിനെ കുറിച്ചുള്ള ഭയവും മൂലം 2020 മാര്‍ച്ചില്‍ തന്നെ ഇന്ത്യയുടെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം കുറഞ്ഞിരുന്നു. മെയ് 25 നാണ് ആഭ്യന്തര വ്യോമയാന പ്രവര്‍ത്തനങ്ങള്‍ ഘട്ടംഘട്ടമായി വീണ്ടും തുറക്കാന്‍ അനുവദിച്ചത്. നിലവില്‍, വിദേശ വിമാനങ്ങളൊന്നും അനുവദനീയമല്ല, എന്നിരുന്നാലും, ‘എയര്‍ ബബിള്‍’, പലായനം, കാര്‍ഗോ എന്നിവയ്ക്ക് കീഴിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.
ആഗോളത്തിലെ പാസഞ്ചര്‍ ട്രാഫിക് ആവശ്യകത 2019ലെ നിലവാരത്തില്‍ നിന്ന് 2020 ല്‍ 65.9 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്നും ഐഎടിഎ പുറത്തുവിട്ട ഡാറ്റ വ്യക്തമാക്കുന്നു. ലോഡ് ഫാക്ടര്‍ 19.2 ശതമാനം പോയിന്റ് കുറഞ്ഞ് 62.8 ശതമാനത്തിലേക്ക് എത്തി.