November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പെര്‍ഫോമന്‍സ് എസ്‌യുവി  2021 റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് എസ്‌വിആര്‍ ഇന്ത്യയില്‍  

എക്‌സ് ഷോറൂം വില 2.19 കോടി രൂപ മുതല്‍. സിബിയു രീതിയില്‍ ഇറക്കുമതി ചെയ്യും

2021 മോഡല്‍ റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് എസ്‌വിആര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചതായി ലാന്‍ഡ് റോവര്‍ ഇന്ത്യ പ്രഖ്യാപിച്ചു. 2.19 കോടി രൂപ മുതലാണ് എക്‌സ് ഷോറൂം വില. ലാന്‍ഡ് റോവറിന്റെ ‘സ്‌പെഷല്‍ വെഹിക്കിള്‍ ഓപ്പറേഷന്‍സ്’ വിഭാഗം നിര്‍മിച്ച വമ്പന്‍ സൂപ്പര്‍ചാര്‍ജ്ഡ് എന്‍ജിനിലാണ് ആഡംബര, പെര്‍ഫോമന്‍സ് എസ്‌യുവി വരുന്നത്. ലാന്‍ഡ് റോവര്‍ നിര്‍മിച്ച എക്കാലത്തെയും ഏറ്റവും പവര്‍ഫുള്‍ വാഹനമാണ് റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് എസ്‌വിആര്‍. യുകെയിലെ കോവെന്‍ട്രിയില്‍ പൂര്‍ണമായി നിര്‍മിച്ചശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്. ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളുടെ ഫ്‌ളാഗ്ഷിപ്പ് മോഡലാണ് റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് എസ്‌വിആര്‍.

5.0 ലിറ്റര്‍, സൂപ്പര്‍ചാര്‍ജ്ഡ്, വി8 പെട്രോള്‍ എന്‍ജിനാണ് 2021 റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് എസ്‌വിആര്‍ ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 567 ബിഎച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 8 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഘടിപ്പിച്ചു. ഭാരം കുറഞ്ഞ അലുമിനിയം ആര്‍ക്കിടെക്ച്ചറിലാണ് നിര്‍മിച്ചിരിക്കുന്നത്. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് 4.5 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 280 കിലോമീറ്ററാണ് ടോപ് സ്പീഡ്. എല്ലാ ഭൂപ്രദേശങ്ങളും താണ്ടുന്നതിനുള്ള ശേഷിയില്‍ വിട്ടുവീഴ്ച്ച ചെയ്യാതെ എസ്‌യുവി കൂടുതല്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ഷാസിയില്‍ മെച്ചപ്പെടുത്തലുകള്‍ വരുത്തിയതായി ലാന്‍ഡ് റോവര്‍ അറിയിച്ചു.

കാഴ്ച്ചയില്‍, സ്റ്റാന്‍ഡേഡ് വേര്‍ഷനുമായി കൂടുതല്‍ വ്യത്യാസം തോന്നിക്കുന്നതിന് വാഹനത്തില്‍ പരിഷ്‌കാരങ്ങള്‍ വരുത്തി. ബ്രേക്കുകള്‍ക്ക് മുമ്പത്തേക്കാള്‍ കൂളിംഗ് ലഭിക്കുന്നതിന് ബംപറില്‍ പുതിയ വലിയ എയര്‍ ഇന്‍ടേക്കുകള്‍ നല്‍കി. ഉയര്‍ന്ന താപനിലകളില്‍ മികച്ച പെര്‍ഫോമന്‍സ് ലഭിക്കുന്നതിന് ബ്രേക്ക് പാഡുകളും ഡിസ്‌ക്കുകളും പരിഷ്‌കരിച്ചു. എസ്‌യുവിയുടെ പിറകില്‍ ബോഡിയുടെ അതേ നിറമുള്ള ഡീട്ടെയ്‌ലിംഗ് കാണാം. പെര്‍ഫോമന്‍സ് വകഭേദത്തെ കൂടുതല്‍ തിരിച്ചറിയുന്നതിന് എസ്‌വിആര്‍ ബാഡ്ജ് നല്‍കി.

കാബിനില്‍ ലൈറ്റ്‌വെയ്റ്റ് എസ്‌വിആര്‍ പെര്‍ഫോമന്‍സ് സീറ്റുകള്‍ നല്‍കി. സീറ്റുകളില്‍ ഉന്നത നിലവാരമുള്ള പെര്‍ഫൊറേറ്റഡ് വിന്‍ഡ്‌സര്‍ തുകല്‍ പൊതിഞ്ഞു. ഫീച്ചറുകള്‍ സമൃദ്ധമാണ്. 19 സ്പീക്കറുകളോടുകൂടിയ 825 വാട്ട് മെറിഡിയന്‍ സറൗണ്ട് സൗണ്ട് സിസ്റ്റം ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.

Maintained By : Studio3