പ്രീമിയം ടൂറിംഗ് മോട്ടോര്‍സൈക്കിള്‍ 2021 ഹോണ്ട ഗോള്‍ഡ് വിംഗ് ടൂര്‍ ഡെലിവറി ആരംഭിച്ചു
ആദ്യ ബാച്ച് ബുക്കിംഗ് തുടങ്ങി 24 മണിക്കൂറിനുള്ളില്‍ വിറ്റുപോയിരുന്നു
കൊച്ചി: 2021 ഹോണ്ട ഗോള്‍ഡ് വിംഗ് ടൂര്‍ ഇന്ത്യയില്‍ ഡെലിവറി ചെയ്തു തുടങ്ങി. ഗുരുഗ്രാം, മുംബൈ, ബെംഗളൂരു, ഇന്ദോര്‍ എന്നിവിടങ്ങളിലെ ഹോണ്ട ബിഗ് വിംഗ് ടോപ്‌ലൈന്‍ എന്ന എക്‌സ്‌ക്ലൂസീവ് പ്രീമിയം റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളിലൂടെയാണ് മോട്ടോര്‍സൈക്കിള്‍ വിതരണം ചെയ്യുന്നത്. കൊവിഡ് 19 പ്രോട്ടോകോളുകള്‍ പാലിച്ചും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കിയുമാണ് ഡെലിവറി. മോട്ടോര്‍സൈക്കിളിന്റെ ആദ്യ ബാച്ച് ബുക്കിംഗ് തുടങ്ങി 24 മണിക്കൂറിനുള്ളില്‍ വിറ്റുപോയിരുന്നു. ജപ്പാനില്‍ പൂര്‍ണമായും നിര്‍മിച്ചശേഷം (സിബിയു രീതി) ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്.
ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ പൊരുത്തം, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, രണ്ട് യുഎസ്ബി ടൈപ്പ് സി പോര്‍ട്ടുകള്‍ എന്നിവ പ്രീമിയം ടൂറിംഗ് മോട്ടോര്‍സൈക്കിളിന്റെ ഫീച്ചറുകളാണ്. മുന്നില്‍ ഡുവല്‍ വിഷ്‌ബോണ്‍ സസ്‌പെന്‍ഷന്‍, ഇരട്ട എല്‍ഇഡി ഫോഗ് ലൈറ്റുകള്‍ തുടങ്ങിയവ ലഭിച്ചു. ഹോണ്ട സെലക്റ്റബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍ (എച്ച്എസ്ടിസി), ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ (ഐഎസ്ജി), ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് (എച്ച്എസ്എ) തുടങ്ങിയ ഫീച്ചറുകള്‍ക്കൊപ്പം ഡിസിടി വകഭേദത്തില്‍ ഐഡ്‌ലിംഗ് സ്റ്റോപ്പ് ഫീച്ചര്‍ കൂടി നല്‍കി.
1,833 സിസി, ലിക്വിഡ് കൂള്‍ഡ്, 4 സ്‌ട്രോക്ക്, 24 വാല്‍വ്, എസ്ഒഎച്ച്‌സി, ഫ്‌ളാറ്റ് സിക്‌സ് എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 5,500 ആര്‍പിഎമ്മില്‍ 124.7 ബിഎച്ച്പി കരുത്തും 4,500 ആര്‍പിഎമ്മില്‍ 170 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും.
പേള്‍ ഗ്ലെയര്‍ വൈറ്റ് നിറം ലഭിച്ച മാന്വല്‍ ട്രാന്‍സ്മിഷന്‍ വകഭേദത്തിന് 37,20,342 രൂപയും ഗണ്‍മെറ്റല്‍ ബ്ലാക്ക് മെറ്റാലിക്, മാറ്റ് മോറിയന്‍ ബ്ലാക്ക് നിറങ്ങളില്‍ ലഭിക്കുന്ന ഡിസിടി, എയര്‍ബാഗ് മോഡലിന് 39,16,055 രൂപയുമാണ് ഗുരുഗ്രാം എക്‌സ് ഷോറൂം വില. കൊച്ചി, ഗുരുഗ്രാം, മുംബൈ, ബെംഗളൂരു, ഇന്ദോര്‍, ഹൈദരാബാദ് എന്നീ നഗരങ്ങളിലെ കമ്പനിയുടെ ബിഗ്‌വിംഗ് ടോപ്‌ലൈന്‍ എക്‌സ്‌ക്ലൂസീവ് പ്രീമിയം ഡീലര്‍ഷിപ്പുകളില്‍ ബുക്ക് ചെയ്യാം. ഓണ്‍ലൈനായും ബുക്ക് ചെയ്യാന്‍ കഴിയും.