ഡുകാറ്റി സ്ട്രീറ്റ്ഫൈറ്റര്‍ വി4, വി4 എസ് ഇന്ത്യയില്‍
1 min readഎക്സ് ഷോറൂം വില 19.99 ലക്ഷം രൂപ മുതല്‍
ഡുകാറ്റി സ്ട്രീറ്റ്ഫൈറ്റര്‍ വി4, സ്ട്രീറ്റ്ഫൈറ്റര്‍ വി4 എസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സ്ട്രീറ്റ്ഫൈറ്റര്‍ വി4 മോട്ടോര്‍സൈക്കിളിന് 19.99 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. രണ്ട് വേരിയന്റുകളില്‍ സ്ട്രീറ്റ്ഫൈറ്റര്‍ വി4 എസ് ലഭിക്കും. സ്റ്റാന്‍ഡേഡ് വേരിയന്റിന് 22.99 ലക്ഷം രൂപയും ഡാര്‍ക്ക് സ്റ്റെല്‍ത്ത് വേരിയന്റിന് 23.19 ലക്ഷം രൂപയുമാണ് വില. ഡുകാറ്റിയുടെ ഫ്ളാഗ്ഷിപ്പ് നേക്കഡ് സ്പോര്‍ട്ട് മോട്ടോര്‍സൈക്കിളുകളാണ് അവതരിപ്പിച്ചത്. ഇന്ത്യയിലെ ഡുകാറ്റി ഡീലര്‍ഷിപ്പുകള്‍ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി.
ഡുകാറ്റി പാനിഗാലെ വി4 മോട്ടോര്‍സൈക്കിളിന്റെ എന്‍ജിനും ഇലക്ട്രോണിക്സ് പാക്കേജും സ്വീകരിച്ചാണ് ഡുകാറ്റി സ്ട്രീറ്റ്ഫൈറ്റര്‍ വി4 വരുന്നത്. അഗ്രസീവ് ഡിസൈന്‍, ബൈ പ്ലെയിന്‍ വിംഗ്സ് എന്നിവ നല്‍കിയിരിക്കുന്നു. നേക്കഡ് മോട്ടോര്‍സൈക്കിളില്‍ ആഗോളതലത്തില്‍ ഒരുപക്ഷേ ഇതാദ്യമായി നല്‍കിയതാവാം ബൈ പ്ലെയിന്‍ വിംഗ്സ്. ഡുകാറ്റി പാനിഗാലെ വി4, പാനിഗാലെ വി4 എസ് ബൈക്കുകള്‍ പോലെ, ഒഹ്‌ലിന്‍സ് ഇലക്ട്രോണിക് സസ്പെന്‍ഷന്‍, ഒഹ്‌ലിന്‍സ് സ്റ്റിയറിംഗ് ഡാംപര്‍, ഭാരം കുറഞ്ഞ ‘മാര്‍ച്ചെസിനി’ ചക്രങ്ങള്‍ എന്നിവ ലഭിച്ചതാണ് സ്ട്രീറ്റ്ഫൈറ്റര്‍ വി4 എസ്.
അഗ്രസീവ് ഡിസൈന്‍, ബോള്‍ഡ് ലൈനുകള്‍, സിംഗിള്‍ സൈഡ് സ്വിംഗ്ആം എന്നിവ നല്‍കിയതോടെ ഭൂമുഖത്തെ ബെസ്റ്റ് ലുക്കിംഗ് മോട്ടോര്‍സൈക്കിളുകളില്‍ ഉള്‍പ്പെടുന്നതാണ് ഡുകാറ്റി സ്ട്രീറ്റ്ഫൈറ്റര്‍ വി4. 2019 ഐക്മ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ ഏറ്റവും ബ്യൂട്ടിഫുള്‍ മോട്ടോര്‍സൈക്കിള്‍ എന്ന പുരസ്‌കാരം നേടിയതാണ് ഡുകാറ്റി സ്ട്രീറ്റ്ഫൈറ്റര്‍ വി4. മോട്ടോജിപി സ്‌റ്റൈല്‍ ബൈ പ്ലെയിന്‍ വിംഗ്സ് ലഭിച്ചതോടെ സ്പോര്‍ട്ടിനെസ് വര്‍ധിച്ചു. മോട്ടോര്‍സൈക്കിളിന്റെ സൈഡ് പാനലുകളിലാണ് വിംഗ്സ് ഘടിപ്പിച്ചിരിക്കുന്നത്. മണിക്കൂറില്‍ 270 കിമീ വേഗതയില്‍ പായുമ്പോള്‍ 28 കിലോഗ്രാം ഡൗണ്‍ഫോഴ്സ് സൃഷ്ടിക്കുന്നതാണ് ബൈ പ്ലെയിന്‍ വിംഗ്സ്.
ഡുകാറ്റി സ്ട്രീറ്റ്ഫൈറ്റര്‍ വി4 എസ് വകഭേദത്തിന് 2020 ഒക്റ്റോബറിലാണ് ‘ഡാര്‍ക്ക് സ്റ്റെല്‍ത്ത്’ എന്ന മാറ്റ് ബ്ലാക്ക് കളര്‍ ഓപ്ഷന്‍ നല്‍കിയത്. വലിയ റേഡിയേറ്ററിന് ചുറ്റും, ഫൂട്ട്പെഗുകള്‍, എക്സോസ്റ്റ് കവര്‍ എന്നിവിടങ്ങളില്‍ വെള്ളിനിറ സാന്നിധ്യം കാണാം. പുതിയ പെയിന്റ് സ്‌കീമിന് കോണ്‍ട്രാസ്റ്റ് നല്‍കുന്നതാണ് ഈ വെള്ളിനിറം. ഇതോടൊപ്പം ഡുകാറ്റി റെഡ് കളര്‍ സ്‌കീമില്‍ ചെറിയ ഗ്രാഫിക്‌സ് നല്‍കി. സ്ട്രീറ്റ്‌ഫൈറ്റര്‍ വി4 എസ് വകഭേദം മാത്രമാണ് കറുത്ത കളര്‍ സ്‌കീമില്‍ ലഭിക്കുന്നത്.
1,103 സിസി, വി4 സിലിണ്ടര്‍, ഡെസ്‌മോസെഡിച്ചി സ്ട്രഡാലെ എന്‍ജിനാണ് ഡുകാറ്റി സ്ട്രീറ്റ്ഫൈറ്റര്‍ വി4, വി4 എസ് ബൈക്കുകള്‍ക്ക് കരുത്തേകുന്നത്. ഈ മോട്ടോര്‍ 13,000 ആര്‍പിഎമ്മില്‍ 205 ബിഎച്ച്പി കരുത്തും 9,500 ആര്‍പിഎമ്മില്‍ 122 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. ഓപ്ഷണലായി ‘അക്രാപോവിച്ച്’ പെര്‍ഫോമന്‍സ് എക്‌സോസ്റ്റ് ലഭിക്കും. ഇതോടെ മോട്ടോര്‍സൈക്കിളിന്റെ ഭാരം ആറ് കിലോഗ്രാം കുറയുകയും കരുത്ത് 218 ബിഎച്ച്പി, ടോര്‍ക്ക് 130 എന്‍എം എന്നിങ്ങനെ വര്‍ധിക്കുകയും ചെയ്യും.
മുന്നില്‍ 43 എംഎം ‘ഷോവ’ ബിഗ് പിസ്റ്റണ്‍ ഫോര്‍ക്കുകളാണ് (ബിപിഎഫ്) സ്ട്രീറ്റ്‌ഫൈറ്റര്‍ വി4 മോട്ടോര്‍സൈക്കിളില്‍ സസ്‌പെന്‍ഷന്‍ നിര്‍വഹിക്കുന്നത്. സ്പ്രിംഗ്, പ്രീലോഡ്, കംപ്രഷന്‍, റീബൗണ്ട് ഡാംപിംഗ് എന്നിവ പൂര്‍ണമായും ക്രമീകരിക്കാന്‍ കഴിയും. മുന്നില്‍ ‘സാക്‌സ്’ സ്റ്റിയറിംഗ് ഡാംപര്‍ കൂടി നല്‍കി. പിന്നില്‍ പൂര്‍ണമായി ക്രമീകരിക്കാവുന്ന ‘സാക്‌സ്’ ഷോക്ക് അബ്‌സോര്‍ബര്‍ നല്‍കി. എന്‍ജിനുമായി (ഫോര്‍ജ്ഡ് അലുമിനിയം ബ്രാക്കറ്റ് വഴി) ഒരു വശത്തെ ഷോക്ക് അബ്‌സോര്‍ബര്‍ ബന്ധിപ്പിച്ചു. അതേസമയം, മുന്നില്‍ ഒഹ്‌ലിന്‍സ് 43 എംഎം നിക്‌സ് 30 ഫോര്‍ക്ക്, പിന്നില്‍ ഒഹ്‌ലിന്‍സ് ടിടിഎക്‌സ്36 ഷോക്ക് അബ്‌സോര്‍ബര്‍, ഒഹ്‌ലിന്‍സ് ഇവന്റ് ബേസ്ഡ് സ്റ്റിയറിംഗ് ഡാംപര്‍ എന്നിവയാണ് സ്ട്രീറ്റ്‌ഫൈറ്റര്‍ വി4 എസ് വകഭേദം ഉപയോഗിക്കുന്നത്.
റൈഡര്‍, ട്രാക്ക്/റൂട്ട്, കാലാവസ്ഥ എന്നിവയനുസരിച്ച് മോട്ടോര്‍സൈക്കിളിന്റെ പെര്‍ഫോമന്‍സ് അനുസൃതമാക്കുന്നതിന് റേസ്, സ്‌പോര്‍ട്ട്, സ്ട്രീറ്റ് എന്നീ മൂന്ന് പ്രീസെറ്റ് റൈഡിംഗ് മോഡുകള്‍ നല്‍കി. 6 ആക്‌സിസ് ഐഎംയു, കോര്‍ണറിംഗ് എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, സ്ലൈഡ് കണ്‍ട്രോള്‍, വീലി കണ്‍ട്രോള്‍, പവര്‍ ലോഞ്ച്, ബൈ ഡയറക്ഷണല്‍ ക്വിക്ക് ഷിഫ്റ്റര്‍, എന്‍ജിന്‍ ബ്രേക്ക് കണ്‍ട്രോള്‍, ഇലക്ട്രോണിക് സസ്‌പെന്‍ഷന്‍ എന്നിവ ഉള്‍പ്പെടുന്ന ഇലക്ട്രോണിക്‌സ് പാക്കേജ് നല്‍കി. ഡുകാറ്റി മള്‍ട്ടിമീഡിയ സിസ്റ്റം (ഡിഎംഎസ്) സഹിതം 5 ഇഞ്ച് ഫുള്‍ ടിഎഫ്ടി ഹൈ റെസലൂഷന്‍ കളര്‍ സ്‌ക്രീന്‍ ലഭിച്ചു.