ബിഎസ്6, 2021 ബജാജ് പള്‍സര്‍ 180 പുറത്തിറക്കി
മുംബൈ എക്‌സ് ഷോറൂം വില 1,04,768 രൂപ
ന്യൂഡെല്‍ഹി: ഭാരത് സ്റ്റേജ് 6 (ബിഎസ് 6) ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ പാലിക്കുന്ന 2021 ബജാജ് പള്‍സര്‍ 180 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. നേക്കഡ് റോഡ്‌സ്റ്റര്‍ മോട്ടോര്‍സൈക്കിളിന് 1,04,768 രൂപയാണ് മുംബൈ എക്‌സ് ഷോറൂം വില. ബ്ലാക്ക് റെഡ് എന്ന ഏക കളര്‍ ഓപ്ഷനിലായിരിക്കും ബിഎസ് 6 മോഡല്‍ തല്‍ക്കാലം ലഭിക്കുന്നത്.
ഇരട്ട ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സഹിതം സിംഗിള്‍ പോഡ് ഹെഡ്‌ലൈറ്റ്, ടിന്റഡ് വൈസര്‍ എന്നിവ മുന്നിലെ സ്‌റ്റൈലിംഗ് സൂചകങ്ങളാണ്. പകുതി ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ലഭിച്ചു. ഷ്രൗഡുകള്‍ സഹിതം മസ്‌കുലര്‍ ഇന്ധന ടാങ്ക്, എന്‍ജിന്‍ കൗള്‍, സ്പ്ലിറ്റ് സ്റ്റൈല്‍ സീറ്റുകള്‍, 2 പീസ് പില്യണ്‍ ഗ്രാബ് റെയ്ല്‍ എന്നിവയാണ് മറ്റ് ഡിസൈന്‍ സവിശേഷതകള്‍.
മെക്കാനിക്കല്‍ സ്‌പെസിഫിക്കേഷനുകള്‍, സൈക്കിള്‍ പാര്‍ട്ടുകള്‍ എന്നിവ പള്‍സര്‍ 180എഫ് മോട്ടോര്‍സൈക്കിളിന് സമാനമാണ്. 178.6 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 8,500 ആര്‍പിഎമ്മില്‍ 16.7 ബിഎച്ച്പി കരുത്തും 6,500 ആര്‍പിഎമ്മില്‍ 14.52 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 5 സ്പീഡ് ഗിയര്‍ബോക്‌സ് ചേര്‍ത്തുവെച്ചു.
മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഗ്യാസ് ചാര്‍ജ്ഡ് ഇരട്ട സ്പ്രിംഗുകളുമാണ് സസ്‌പെന്‍ഷന്‍ നിര്‍വഹിക്കുന്നത്. മുന്നില്‍ 280 എംഎം സിംഗിള്‍ ഡിസ്‌ക്കും പിന്നില്‍ 230 എംഎം സിംഗിള്‍ ഡിസ്‌ക്കും ബ്രേക്കിംഗ് കൈകാര്യം ചെയ്യും. സിംഗിള്‍ ചാനല്‍ എബിഎസ് സുരക്ഷാ ഫീച്ചറാണ്. ഹോണ്ട ഹോര്‍ണറ്റ് 2.0, ടിവിഎസ് അപ്പാച്ചി ആര്‍ടിആര്‍ 180 എന്നിവയാണ് പ്രധാന എതിരാളികള്‍.