അധിക വായ്പയ്ക്ക് യോഗ്യത നേടിയത് 20 സംസ്ഥാനങ്ങള്‍
1 min readന്യൂഡെല്‍ഹി: ഇതുവരെ “ഈസ് ഓഫ് ഡുയിംഗ് ബിസിനസ്” പരിഷ്കാരങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഇരുപത് സംസ്ഥാനങ്ങള്‍ അധിക വായ്പയെടുക്കാന്‍ യോഗ്യത നേടി. മൊത്തം സംസ്ഥാന ആഭ്യന്തര ഉല്‍പാദനത്തിന്‍റെ (ജിഎസ്ഡിപി) 0.25 ശതമാനം അധിക വായ്പയെടുക്കുന്നതിനാണ് പരിഷ്കരണങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം അനുമതി നല്‍കുന്നത്.
അരുണാചല്‍ പ്രദേശ്, ഛത്തീസ്ഗഡ്, ഗോവ, മേഘാലയ, ത്രിപുര എന്നീ അഞ്ച് സംസ്ഥാനങ്ങള്‍ കൂടി ചെലവ് വകുപ്പ് നിശ്ചയിച്ചിട്ടുള്ള ‘ഈസ് ഓഫ് ഡുയിംഗ് ബിസിനസ്’ പരിഷ്കാരങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും വായ്പയെടുക്കുന്നതിനുള്ള യോഗ്യതാ പട്ടികയില്‍ ഇതുവരെ ഉള്‍പ്പെടിത്തിയിട്ടില്ല.
വ്യവസായ- ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പിന്‍റെ (ഡിപിഐഐടി) ശുപാര്‍ശ പ്രകാരം ഓപ്പണ്‍ മാര്‍ക്കറ്റ് വായ്പകളിലൂടെ 39,521 കോടി രൂപയുടെ അധിക സമാഹരണം നടത്തുന്നതിനാണ് 20 സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളത്.
ബിസിനസ്സ് സുഗമമാക്കുന്നതിനുള്ള പരിഷ്കാരങ്ങള്‍ ഏറ്റെടുക്കുന്ന സംസ്ഥാനങ്ങള്‍ക്ക് അധിക വായ്പ അനുവദിക്കുന്നതിനുള്ള അനുമതി നല്‍കുന്നതിന് 2020 മെയ് മാസത്തിലാണ് ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കോവിഡ് -19 മഹാമാരി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാനുള്ള വിഭവ ആവശ്യകത കണക്കിലെടുത്ത്, 2020 മെയ് 17 ന് ഇന്ത്യാ ഗവണ്‍മെന്‍റ് അവരുടെ ജിഎസ്ഡിപിയുടെ രണ്ട് ശതമാനം വായ്പാ പരിധി വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളാണ് പരിഷ്കരണങ്ങളിലൂടെ അധിക വായ്പയ്ക്ക് അനുമതി നേടിയിട്ടുള്ളത്.