യുഎൻ സെക്രട്ടറി ജനറൽ പദവിയിൽ തുടരാൻ തയ്യാറെന്ന് അന്റോണിയോ ഗുട്ടറെസ്
1 min read
ന്യൂയോർക്ക്: അംഗരാജ്യങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ അടുത്ത അഞ്ച് വർഷം കൂടി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ പദവിയിൽ തുടരാൻ തയ്യാറാണെന്ന് അന്റോണിയോ ഗുട്ടറെസ്. രണ്ടാംതവണയും സെക്രട്ടറി ജനറൽ പദവി വഹിക്കുന്നത് സംബന്ധിച്ച് 75ാമത് യുഎൻ ജനറൽ അസംബ്ലി പ്രസിഡന്റ് വോൾക്കൻ ബോസ്കിർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായി ഗുട്ടറെസ് ഇക്കാര്യം വ്യക്തമാക്കിയതായി അദ്ദേഹത്തിന്റെ മുഖ്യ വക്താവ് സ്റ്റീഫൻ ദുജാറിക് അറിയിച്ചു.
വീറ്റോ അധികാരമുള്ള സുരക്ഷാസമിതിയിലെ അഞ്ച് അംഗരാജ്യങ്ങളോടും പ്രാദേശിക നേതാക്കളോടും രാഷ്ട്രീയ സംഘങ്ങളോടും ഗുട്ടറെസ് ഇക്കാര്യം അറിയിച്ചതായാണ് സൂചന. സുരക്ഷാ സമിതിയുടെ ജനുവരിയിലെ പ്രസിഡന്റും ടൂണീഷ്യയിൽ നിന്നുള്ള സ്ഥിരം പ്രതിനിധിയുമായ അംബാസഡർ താരെഖ് ലഡെബിന് അയച്ച കത്തിലും അംഗരാജ്യങ്ങൾക്ക് താൽപ്പര്യമാണെങ്കിൽ പദവിയിൽ തുടരാമെന്ന് ഗുട്ടെറസ് അറിയിച്ചിരുന്നു. കുടുംബാംഗങ്ങളുമായും ഇക്കാര്യം സംബന്ധിച്ച് ഗുട്ടറെസ് ചർച്ച നടത്തിയിരുന്നതായി ദുജാറിക് വ്യക്തമാക്കി.
2017 ജനുവരിയിലാണ് ബാൻ കി മൂണിന്റെ പിൻഗാമിയായി അന്റോണിയോ ഗുട്ടറെസ് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലായി അധികാരമേറ്റത്. പോർച്ചുഗലിന്റെ മുൻ പ്രധാനമന്ത്രി ആയിരുന്ന ഗുട്ടറെസ് 2005-2015 കാലയളവിൽ ഐക്യരാഷ്ട്രസഭ അഭയാർത്ഥി ഏജൻസിയുടെ ഹൈക്കമ്മീഷണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.