ദക്ഷിണകൊറിയന്‍ ടാങ്കര്‍ ഇറാന്‍ പിടിച്ചെടുത്തു
1 min readടെഹ്‌റാന്‍: പാരിസ്ഥിതിക പ്രോട്ടോക്കോളുകള്‍ ആവര്‍ത്തിച്ച് ലംഘിച്ചതിന്റെ പേരില്‍ ഗള്‍ഫിലെ ഒരു ദക്ഷിണ കൊറിയന്‍ എണ്ണ ടാങ്കര്‍ പിടിച്ചെടുത്തതായി ഇറാനിലെ ഇസ്ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ്‌സ് കോര്‍പ്‌സ് (ഐആര്‍ജിസി) അറിയിച്ചു. ഇറാനിലെ ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലെ പ്രോസിക്യൂട്ടര്‍ ഓഫീസിന്റെ ഉത്തരവ് പ്രകാരം ഇറാനിയന്‍ പോര്‍ട്‌സ് ആന്‍ഡ് മാരിടൈം ഓര്‍ഗനൈസേഷന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് കപ്പല്‍ പിടിച്ചെടുത്തതെന്ന് പ്രസ്താവനയില്‍ പറയുന്നു.
സൗദി തുറമുഖമായ അല്‍-ജുബൈലില്‍ നിന്ന് പുറപ്പെട്ട ടാങ്കര്‍ ഹാങ്കുക് ചെമിയാണ് ഇറാന്റെ പിടിയിലായതെന്ന് ഐആര്‍ജിസി പ്രസ്താവനയില്‍ പറഞ്ഞു. യുണൈറ്റഡ് അറബ് എമിറേറ്റിലേക്കുള്ള യാത്രയിലായിരുന്നു ടാങ്കര്‍. 20ജീവനക്കാരാണ് ടാങ്കറില്‍ ഉണ്ടായിരുന്നത്. പിടിച്ചെടുത്ത ശേഷം കപ്പല്‍ തെക്കന്‍ ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്ത് എത്തിച്ചു.
കപ്പലിന്റെയും ക്രൂമെംബര്‍മാരുടെയും വേഗത്തിലുള്ള മോചനത്തിനായി സിയോള്‍ നയതന്ത്ര ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് ദക്ഷിണ കൊറിയന്‍ വിദേശകാര്യ മന്ത്രി കാങ് ക്യുങ്-വ അറിയിച്ചു. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താന്‍ ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്, ഈ സാഹചര്യം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്,” യോണ്‍ഹാപ്പ് വാര്‍ത്താ ഏജന്‍സിയോട്് മന്ത്രി പറഞ്ഞു. അതേസമയം ഇറാനെതിരായ ഉപരോധം നീക്കാന്‍ അന്താരാഷ്ട്ര സമൂഹത്തെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ടെഹ്‌റാന്റെ ശ്രമത്തിന്റെ ഭാഗമായാണ് പിടിച്ചെടുക്കല്‍ എന്ന്് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അഭിപ്രായപ്പെട്ടു. ദക്ഷിണ കൊറിയയുടെ 70 ശതമാനം എണ്ണ ഇറക്കുമതിയും ഈ കടല്‍പാത വഴിയാണ്.