December 3, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോവിഡ് വാക്സിൻ: ജനങ്ങളെ വിശ്വാസത്തിലെടുക്കാൻ പരസ്യ പ്രചാരണവുമായി ഓസ്ട്രേലിയ

1 min read

കാൻബെറ: കൊറോണ വൈറസിനെതിരായ വാക്സിനേഷൻ ഫെബ്രുവരിയിൽ ആരംഭിക്കാനിരിക്കെ യുവാക്കളും കുടിയേറ്റക്കാരുമുൾപ്പടെയുള്ള ജനവിഭാഗങ്ങളെ വിശ്വാസത്തിലെടുക്കാൻ പരസ്യ പ്രചാരണവുമായി ഓസ്ട്രേലിയ. യുവതികൾ, കുടിയേറ്റക്കാർ, തദ്ദേശീയരായ ഓസ്ട്രേലിയക്കാർ എന്നിവരെ ലക്ഷ്യമിട്ടാണ് കോവിഡ് വാക്സിൻ ബോധവൽക്കരണത്തിനായി പരസ്യ പ്രചാരണം നടത്തുന്നതെന്ന് ഓസ്ട്രേലിയൻ ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് വ്യക്തമാക്കി.

വാക്സിനേഷൻ ആരംഭിക്കുന്നതിന് ആഴ്ചകൾക്ക് മുമ്പ് തുടങ്ങുന്ന പരസ്യ പ്രചാരണം പ്രതിരോധ കുത്തിവെപ്പ് സംബന്ധിച്ച എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്ന സമഗ്ര വിജ്ഞാന പരിപാടി ആയിരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഏതാണ്ട് 24 മില്യൺ ഡോളറാണ് വാക്സിനെ കുറിച്ചുള്ള പരസ്യ പ്രചാരണത്തിനായി ഓസ്ട്രേലിയ നീക്കിവെച്ചിരിക്കുന്നത്. തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ അംഗീകരിച്ച വാക്സിൻ സ്വീകരിക്കാൻ ഓസ്ട്രേലിയയിലെ 80 ശതമാനം ആളുകൾക്ക് സമ്മതമാണെങ്കിലും 30-39നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ വാക്സിൻ സംബന്ധിച്ച് നിരവധി ആശങ്കകൾ പങ്കുവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആശങ്കയുള്ള ജനവിഭാഗങ്ങളെ വിശ്വസത്തിലെടുക്കാൻ വിപുലമായ പരസ്യപ്രചാരണം നടത്താൻ ആരോഗ്യ വകുപ്പ് തീരുമാനമെടുത്തത്.

വാക്സിനിൽ ഓസ്ട്രേലിയക്കാർക്കുള്ള വിശ്വാസം ദൃഢമാക്കാൻ പരസ്യം സഹായകമാകുമെന്ന് ഹണ്ട് പറഞ്ഞു. ഗർഭിണികൾ, യുവജനങ്ങൾ തുടങ്ങിയ ജനവിഭാഗങ്ങളുടെ ആശങ്കകൾ മനസിലാക്കുന്നതിനും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള വിവരങ്ങളും ആശയവിനിമയ സംവിധാനങ്ങളും വികസിപ്പിക്കുന്നതിനും ആരോഗ്യവകുപ്പ് ശ്രമം നടത്തുന്നുണ്ടെന്ന് ഹണ്ട് വ്യക്തമാക്കി.

മുൻനിര പോരാളികൾ, വികലാംഗർ, പ്രായമായവർ എന്നിവർക്ക് മുൻഗണന നൽകിക്കൊണ്ടുള്ള ആദ്യഘട്ട പ്രതിരോധ വാക്സിൻ കുത്തിവെപ്പ് ഫെബ്രുവരി പകുതിയോടെ ആരംഭിക്കുമെന്നാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ഈ മാസം ആദ്യം പറഞ്ഞിരുന്നത്.

Maintained By : Studio3