കര്‍ഷക സമരം: കൂടുതല്‍ നടപടികളുമായി കോണ്‍ഗ്രസ്
ന്യൂഡെല്‍ഹി: കര്‍ഷകരുടെ സമരത്തിനെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് കൂടുതല്‍ പ്രചാരണ പരിപാടികള്‍ നടത്താന്‍ തയ്യാറെടുക്കുന്നു. ഉത്തരാഖണ്ഡിലെ മുന്‍ മന്ത്രിയായ നവപ്രഭാത് വികാസ്‌നഗറില്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നു. മോദി സര്‍ക്കാരിന്റെ മണ്ടത്തരം എന്നാണ് അദ്ദേഹം പുതിയ കാര്‍ഷിക നിയമത്തെ വിശദീകരിക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ കാരണം കര്‍ഷകര്‍ മാത്രമല്ല ചെറുകിട വ്യാപാരികളും കഷ്ടപ്പെടുമെന്നും അദ്ദേഹം പറയുന്നു. ഇത് പാര്‍ട്ടിക്ക് ലഭിച്ച ഒരവസരമാണ്. അഖിലേന്ത്യാ തലത്തില്‍ പ്രതിഷേധം ഉയര്‍ത്താന്‍ കോണ്‍ഗ്രസിനാകുമെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്.
കര്‍ഷകരെ പിന്തുണച്ച് കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി വിഭാഗമായ എന്‍എസ്യുഐ ജയ്പൂരില്‍ നിന്ന് ദില്ലിയിലേക്ക് സൈക്കിള്‍ റാലിയും ആരംഭിച്ചിരുന്നു. ഇത് ഇന്നലെ ഡെല്‍ഹി അതിര്‍ത്തിയിലെത്തി. ഞങ്ങളുടെ മാര്‍ച്ച് കര്‍ഷകരുടെ അവകാശങ്ങള്‍ക്കുവേണ്ടിയാണ്, കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രസ്ഥാനത്തിന് ഞങ്ങളുടെ എല്ലാ പിന്തുണയും നല്‍കുന്നു’ മാധ്യമങ്ങളോട് സംസാരിച്ച എന്‍എസ്യുഐ മേധാവി നീരജ് കുന്ദന്‍ പറഞ്ഞു. പ്രക്ഷോഭത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് കോണ്‍ഗ്രസ് എംഎല്‍എമാര്‍ നഷ്ടപരിഹാരം നല്‍കുമെന്ന് ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ നടന്ന ഏഴാം ഘട്ട ചര്‍ച്ചകള്‍ക്ക് ഫലമുണ്ടായില്ല. ഇതിനെതുടര്‍ന്ന്ാണ് പ്രക്ഷോഭം നടത്തുന്ന കര്‍ഷകരെ പിന്തുണച്ച് കോണ്‍ഗ്രസ് ഇപ്പോള്‍ പരസ്യമായി രംഗത്തുവരുന്നത്. ഇതിനുമുമ്പ് കര്‍ഷക സമരത്തിന് പാര്‍ട്ടി ധാര്‍മിക പിന്തുണയാണ് പ്രഖ്യാപിച്ചിരുന്നത്. പ്രക്ഷോഭത്തില്‍ പങ്കുചേരുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇന്ന് പാര്‍ട്ടിയുടെ പരിഗണനയിലുണ്ട്. ഒരു സമവായം ഉണ്ടാക്കാന്‍ സാധിച്ചില്ലെങ്കില്‍ സമരം വലിയ പ്രക്ഷോഭമായി മാറിയേക്കാം. കര്‍ഷക യൂണിയനുകളും സര്‍ക്കാരും തമ്മിലുള്ള അടുത്ത ചര്‍ച്ച ഈ മാസം എട്ടിന് നടക്കും.