അമിത വിലയക്ക് കോവിഡ് വാക്‌സിന്‍ വാങ്ങുന്നതിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
1 min readനിര്‍മാതാക്കളില്‍ നിന്ന് നേരിട്ട് വാക്‌സിന്‍ വാങ്ങി ഇടനിലക്കാര്‍ യഥാര്‍ത്ഥ വിലയുടെ ഇരട്ടി വിലയ്ക്ക് രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ വില്‍ക്കുന്നതായുള്ള സംഭവങ്ങള്‍ കഴിഞ്ഞിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു
ജനീവ: ഇടനിലക്കാരില്‍ നിന്നും അമിത വിലയ്ക്ക് കോവിഡ്-19 വാക്‌സിന്‍ വാങ്ങുന്നതിനെതിരെ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടന സാക്ഷ്യപ്പെടുത്തിയ വാക്‌സിന്‍ വാങ്ങാന്‍ രാജ്യങ്ങള്‍ ശ്രദ്ധിക്കണമെന്നും വാക്‌സിന്‍ എവിടെയാണ് നിര്‍മിച്ചിരിക്കുന്നതെന്ന് മനസിലാക്കണമെന്നും ലോകാരോഗ്യ സംഘടന രാജ്യങ്ങളോട് നിര്‍ദ്ദേശിച്ചു.
നിര്‍മാതാക്കള്‍ ഈടാക്കുന്ന വിലയേക്കാള്‍ ഉയര്‍ന്ന വിലയില്‍ ഇടനിലക്കാര്‍ വാക്‌സിനുകള്‍ വില്‍ക്കുന്നതായുള്ള ആശങ്കാജനകമായ വിവരങ്ങള്‍ സംഘടനയ്ക്ക് ലഭിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയിലെ മരുന്ന്, ആരോഗ്യ ഉല്‍പ്പന്ന വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ജനറലായ മാരിയേഞ്ചല ബാരിസ്റ്റ ഗാല്‍വൗ സിമാവോ പത്ര സമ്മേളനത്തില്‍ അറിയിച്ചു. നിര്‍മാതാക്കളില്‍ നിന്നും ഇടനിലക്കാര്‍ വാക്‌സിന്‍ വാങ്ങി ഉയര്‍ന്ന വിലയ്ക്ക് മറ്റ് രാജ്യങ്ങള്‍ക്ക് വില്‍ക്കുന്നതായുള്ള ആരോപണം സമീപകാലത്തായാണ് ഉയര്‍ന്നത്. നിര്‍മാതാക്കളില്‍ നിന്നും വാങ്ങിയ സ്പുട്‌നിക് വാക്‌സിന്‍ വാങ്ങി യഥാര്‍ത്ഥ വിലയുടെ ഇരട്ടിവിലയ്ക്ക് പാക്കിസ്ഥാനും ഖാനയ്ക്കും വിറ്റതിന് യുഎഇയിലുള്ള ഇടനിലക്കാരന്‍ കഴിഞ്ഞിടെ പിടിക്കപ്പെട്ടിരുന്നു.
രാജ്യങ്ങള്‍ നിര്‍മാതാക്കളില്‍ നിന്ന് നേരിട്ട് വാക്‌സിന്‍ വാങ്ങുകയോ അല്ലെങ്കില്‍ നിര്‍മാതാക്കലുമായി ബന്ധപ്പെട്ട് അംഗീകൃത ഇടനിലക്കാരില്‍ നിന്നാണോ തങ്ങള്‍ വാക്‌സിന്‍ വാങ്ങിക്കുന്നതെന്ന് ഉറപ്പ് വരുത്തുകയോ ചെയ്യണമെന്ന് സിമാവോ ആവശ്യപ്പെട്ടു. നിലവാരം കുറഞ്ഞതും വ്യാജവുമായ നിരവധി കോവിഡ് ഉല്‍പ്പന്നങ്ങള്‍ വിപണിയിലുണ്ടെന്നും എവിടെ നിര്‍മ്മിക്കപ്പെട്ട ഉല്‍പ്പന്നങ്ങളാണെന്ന് മനസിലാക്കി വേണം കോവിഡുമായി ബന്ധപ്പെട്ട സാധനങ്ങള്‍ പ്രത്യേകിച്ച് വാക്‌സിനുകള്‍ വാങ്ങാനെന്നും സിമാവോ കൂട്ടിച്ചേര്‍ത്തു.
ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള ഉല്‍പ്പന്നങ്ങള്‍ കൊണ്ടായിരിക്കണം ജനങ്ങള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തേണ്ടതെന്നും സിമാവോ ഓര്‍മ്മിപ്പിച്ചു. അടിയന്തര ഉപയോഗ പട്ടികയില്‍ ഇടം ലഭിച്ച വാക്‌സിനുകള്‍ ഉപയോഗിക്കണമെന്നാണ് രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നത്. പുതിയ വാക്‌സിനുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനായുള്ള ലോകാരോഗ്യ സംഘടനയുടെ സംവിധാനമാണ് എമര്‍ജന്‍സി യൂസ് ലിസ്റ്റിംഗ്. നിലവില്‍ എട്ട് കോവിഡ്-19 വാക്‌സിനുകള്‍ക്കാണ് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചിരിക്കുന്നത്.