കണക്കുകള്‍ കഥ പറയുന്ന ബംഗാള്‍ തെരഞ്ഞെടുപ്പ്
1 min readമമതയുടെ വിജയം പ്രദേശികകക്ഷികള്‍ക്ക് പ്രചോദനം
കൊല്‍ക്കത്ത: നിരവധി കാരണങ്ങളാല്‍ ബംഗാള്‍ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ രാഷ്ട്രീയ പരിസ്ഥിതി വ്യവസ്ഥയില്‍ നിര്‍ണായകമായിരുന്നു. ഒന്നാമതായി, ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി), കോണ്‍ഗ്രസ്-ലെഫ്റ്റ് ഫ്രണ്ട്-ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട് (ഐഎസ്എഫ്) സഖ്യത്തില്‍ നിന്ന് ഭരണകക്ഷിയായ ടിഎംസി നേരിടുന്ന കടുത്ത പോരാട്ടമായിരുന്നു അത്. 2014 മുതല്‍ രാജ്യത്ത് ബിജെപിയുടെ അസാധാരണമായ ഉയര്‍ച്ചയ്ക്ക് ശേഷം, ബംഗാളിലും അതിനു പ്രതിഫലനമുണ്ടായിരുന്നു. 2016ല്‍ കേവലം മൂന്നുസീറ്റുകള്‍ മാത്രം വിജയിച്ച ബിജെപി 2019ആയപ്പോഴേക്കും അവിടെ വലിയ ശക്തിയായി ഉയര്‍ന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 121മണ്ഡലങ്ങളില്‍ ബിജെപിക്ക് മേധാവിത്വം നേടാനായി. തുടര്‍ന്നു നടന്ന ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് അമിത ആത്മവിശ്വാസം തന്നെ ഉണ്ടായിരുന്നു.കൂടാതെ നേരിട്ടോ സഖ്യകക്ഷികളിലൂടെയോ ബിജെപി ഇതുവരെ ഭരണം നടത്തിയിട്ടില്ലാത്ത ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു പശ്ചിമ ബംഗാള്‍.
രണ്ടാമതായി, പ്രധാന മത്സരം ടിഎംസിയും ബിജെപിയും തമ്മിലുള്ളതായിരുന്നു. പൗരത്വ ഭേദഗതി നിയമം, രാഷ്ട്രീയ അതിക്രമങ്ങള്‍, ആംഫാന്‍ ചുഴലിക്കാറ്റ്, ജാതി രാഷ്ട്രീയം തുടങ്ങിയവ തെരഞ്ഞെടുപ്പ് വിഷയങ്ങളായിരുന്നു. കോവിഡും എല്ലാറ്റിനും മീതെ ഉയര്‍ന്നു നിന്നു. അതിനാല്‍ ബംഗാളില്‍ ഒരു അനായാസ വിജയം ടിഎംസിക്ക് ആരും പ്രവചിച്ചിരുന്നില്ല. എങ്കിലും ഏവരും സാധ്യത കല്‍പ്പിച്ചത് മമതാ ബാനര്‍ജിയ്ക്കുതന്നെയായിരുന്നു.
തെരഞ്ഞെടുപ്പിനുമുമ്പ് ഭൂതകാലം കൊണ്ട് കണക്കുകൂട്ടിയ ഫോര്‍മുലകള്‍ തെറ്റാണെന്നാണ് വോട്ടെടുപ്പ് ഫലം തെളിയിച്ചത്. ബിജെപിയിലേക്ക് തെരഞ്ഞെടുപ്പിനുമുമ്പ് വന്‍ കുടിയേറ്റമാണ് ടിഎംസിയില്‍നിന്നും ഉണ്ടായത്. ചിലര്‍ തൃണമൂലിലേക്കും എത്തിയിരുന്നു. മമതയുടെ വിശ്വസ്തന്‍വരെ ബിജെപിയോടൊപ്പം ചേര്‍ന്നപ്പോള്‍ സ്വാഭാവികമായും ബംഗാളില്‍ ഒരു താമരത്തരംഗം ഉണ്ടാകുമെന്ന് നേതാക്കള്‍ പ്രതീക്ഷിച്ചു. എന്നാല്‍ ചേക്കേറിയ നേതാക്കള്‍ക്ക് സ്വാധീനമില്ലാത്ത ഏറെ മണ്ഡലങ്ങള്‍ ബംഗാളിലുണ്ടായിരുന്നു. 294 സീറ്റുകളാണ് അവിടെയുള്ളത്. അടിയൊഴുക്ക് സംഭവിച്ചിട്ടില്ലാത്ത മണ്ഡലങ്ങള്‍ മമതക്കൊപ്പം നിന്നപ്പോള്‍ തന്നെ അവര്‍ മൂന്നക്കം കടന്നിരുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. കോണ്‍ഗ്രസ് -ഇടത് സഖ്യം സംപൂജ്യരായപ്പോള്‍ മമത 213സീറ്റുകളുമായി മൃഗീയ വിജയമാണ് നേടിയത്. ബിജെപി 77 സീറ്റുകള്‍ സ്വന്തമാക്കി പ്രതിപക്ഷമായി. മൂന്നില്‍നിന്നാണ് ഈ സംഖ്യയിലേക്ക് ഉയര്‍ന്നതെങ്കിലും പ്രചാരണത്തിനനുസരിച്ചുള്ള ഫലമല്ല പാര്‍ട്ടിക്കുലഭിച്ചത്.
ജംഗല്‍ മഹലിലെ ജില്ലകള്‍, പ്രധാനമായും ബന്‍കുര, പുരുലിയ, വെസ്റ്റ് മിഡ്നാപൂര്‍, ജാര്‍ഗ്രാം എന്നിവ ഇക്കുറി തൃണമൂലിന്‍റെ മികച്ച വിജയത്തിന് വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. രസകരമെന്നു പറയട്ടെ, ബങ്കുറ, വെസ്റ്റ് ബര്‍ദ്ധമാന്‍, ഡാര്‍ജിലിംഗ് ജില്ലകള്‍ ബിജെപിയോടൊപ്പം നിന്നു. കണക്കുകള്‍ പ്രകാരം പുരുലിയയ്ക്കും ജാര്‍ഗ്രാമിനും ഒരു ടിഎംസി സെഗ്മെന്‍റ് മാത്രമേ നിലനിര്‍ത്താനാകു. ഈ രണ്ട് ജില്ലകളിലെ ബാക്കി അസംബ്ലി സെഗ്മെന്‍റുകളില്‍ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നില്‍ നിന്നിരുന്നു. എന്നിരുന്നാലും, ഈ ജില്ലകളില്‍ ടിഎംസി വീണ്ടും ഒരു പ്രധാന ശക്തിയായി ഉയര്‍ന്നുവന്നു (ഡാര്‍ജിലിംഗ് ഒഴികെ).
ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സിന് (എന്‍ഡിഎ) ഇപ്പോഴും ലോക്സഭയില്‍ മികച്ച ഭൂരിപക്ഷമുണ്ട്. 336 സീറ്റുകളാണ് സഖ്യത്തിനുള്ളത്. അതിനാല്‍ ഒരു പ്രാദേശിക പാര്‍ട്ടിയെന്ന നിലയില്‍ ടിഎംസിയുടെ വിജയം കേന്ദ്രത്തിന് ശക്തമായ എതിര്‍പ്പിനാകും കാരണമാകുക എന്നു വിലയിരുത്തുന്നത് അല്‍പ്പം അമിതമാകും. എങ്കിലും തൃണമൂലിന്‍റെ വിജയം പ്രത്യേകതയുള്ളതാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും നിരവധി തവണ ബംഗാള്‍ സന്ദര്‍ശിച്ച് നടത്തിയ പ്രചാരണങ്ങളില്‍ വീഴാതെ മമത പിടിച്ചു നിന്നു. ഈ സാഹചര്യത്തില്‍ ടിഎംസിക്ക് മികച്ച വിജയം നേടാനായി എന്നത് ചെറിയ കാര്യമല്ല.ടിഎംസിയുടെ വിജയം പ്രാദേശിക പാര്‍ട്ടികളുടെ നില ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് 2024 ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ശക്തമായ അടിത്തറ ഉണ്ടാക്കാന്‍ അവരെ സഹായിച്ചേക്കാം.
തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ബംഗാളില്‍ കണക്കാക്കേണ്ട വന്‍ ശക്തിയായി ബിജെപി വളര്‍ന്നിട്ടുണ്ടെന്നതില്‍ സംശയമില്ല. 2016 മുതല്‍ 2021 വരെ അവരുടെ സീറ്റ് വിഹിതം 26 മടങ്ങ് വര്‍ദ്ധിച്ചു. നിലവില്‍ പശ്ചിമ ബംഗാള്‍ നിയമസഭയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായി അവര്‍ മാറി. ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം, പരമ്പരാഗതമായി ശക്തമായ പാര്‍ട്ടികളായ കോണ്‍ഗ്രസും ഇടതുപക്ഷവും വര്‍ഷങ്ങളായി പിന്തുണ നേടാന്‍ പാടുപെടുകയാണ്. ഈ രണ്ട് പാര്‍ട്ടികള്‍ക്കും ഇത്തവണ ഒരു സീറ്റ് പോലും നേടാന്‍ കഴിഞ്ഞില്ല. അവരുടെ സംയോജിത വോട്ടുവിഹിതം 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത് 56.8 ശതമാനമായിരുന്നു. ഇന്ന് അത് 7.7 ശതമാനമായി ഇടിഞ്ഞു. വാസ്തവത്തില്‍, ഈ പാര്‍ട്ടികളുടെ പിന്തുണയിലെ ഇടിവ് ബിജെപിയ്ക്ക് സാഹചര്യംഒരുക്കാനും സംസ്ഥാനത്ത് വോട്ട് വിഹിതം വര്‍ദ്ധിപ്പിക്കാനും കാരണമായി.
മെയ് 5 ന് മമത ബാനര്‍ജി വീണ്ടും മുഖ്യമന്ത്രിയായി ചുമതലയേറ്റു. പുതുതായി രൂപീകരിച്ച സര്‍ക്കാര്‍ കോവിഡ് -19 പ്രതിസന്ധിയെയും ബംഗാളിന്‍റെ വിവിധ ഭാഗങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട വോട്ടെടുപ്പിന് ശേഷമുള്ള അക്രമങ്ങളെയും അടിയന്തിരമായി നേരിടാന്‍ ഒരുങ്ങി. കലുഷിതമായ അന്തരീക്ഷം ഉടന്‍ ശാന്തമാക്കേണ്ടതുണ്ട്. തുടര്‍ന്നുള്ള ആഴ്ചകളില്‍ ഉപതെരഞ്ഞെടുപ്പുകളുടെ ഒരു പരമ്പര നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, കോവിഡ് കാരണം മാറ്റിവെച്ച കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പും ഈ വര്‍ഷം നടക്കും.