January 22, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ ഇന്‍വെസ്റ്റ് കേരള പവലിയന്‍

1 min read

തിരുവനന്തപുരം: സ്വിറ്റ്സര്‍ലാന്‍ഡിലെ ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ ശ്രദ്ധ നേടി ഇന്‍വെസ്റ്റ് കേരള പവലിയന്‍. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്‍റെ നേതൃത്വത്തിലുള്ള പവലിയന്‍ കേരളത്തിന്‍റെ വ്യവസായ സാധ്യതകളും നിക്ഷേപ സൗഹൃദ അന്തരീക്ഷവുമാണ് പ്രതിഫലിപ്പിക്കുന്നത്. കേരളം വ്യവസായ സൗഹൃദമാണെന്ന സന്ദേശം നല്‍കുന്നതിലൂടെ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനും ഫെബ്രുവരി 21, 22 തീയതികളില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടിയില്‍ കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാനുമാണ് കേരളം ലക്ഷ്യമിടുന്നത്. സുസ്ഥിര, ഉത്തരവാദിത്ത വ്യവസായ ലക്ഷ്യങ്ങളില്‍ ഊന്നിയുള്ള ‘വി ആര്‍ ചേഞ്ചിങ് ദ നേച്വര്‍ ഓഫ് ബിസിനസ്’ ( We are changing the nature of business) എന്ന കാമ്പയിന്‍ ആണ് കേരള പവലിയന്‍ മുന്നോട്ടുവയ്ക്കുന്നത്. ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങില്‍ ഒന്നാമതെത്തിയ ശേഷമുള്ള കേരളത്തിന്‍റെ നിക്ഷേപ സാധ്യതകളും ഫെബ്രുവരിയില്‍ നടക്കുന്ന അന്താരാഷ്ട്ര നിക്ഷേപക സംഗമത്തിന്‍റെ വിവരങ്ങളും പവലിയനിലൂടെ പരിചയപ്പെടുത്തുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, പാലക്കാട് വ്യാവസായിക ഇടനാഴി, കേരളത്തിന്‍റെ സുസ്ഥിര, ഉത്തരവാദിത്ത വ്യവസായ മാതൃക എന്നിവയ്ക്ക് പവലിയനില്‍ ഊന്നല്‍ നല്‍കുന്നു. ആദ്യമായാണ് ദാവോസ് ഫോറത്തില്‍ ഇന്‍വെസ്റ്റ് ഇന്ത്യയുടെ കീഴില്‍ കേരളം പവലിയന്‍ ഒരുക്കുന്നത്. വേള്‍ഡ് ഇക്കോണമിക് ഫോറത്തില്‍ കേരളത്തിന്‍റെ പവലിയന്‍ സ്ഥാപിക്കുന്നതു വഴി ലോകത്തെ പ്രധാന നിക്ഷേപകര്‍ക്ക് മുന്നില്‍ കേരളത്തെ പരിചയപ്പെടുത്താനും സംരംഭക ആവാസവ്യവസ്ഥ അവതരിപ്പിക്കാന്‍ അവസരമൊരുക്കിയതായും വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ജനങ്ങളെ പിന്തുണച്ചുകൊണ്ടും പരിസ്ഥിതിക്ക് ദോഷം വരുത്താതെയുമുള്ള വ്യവസായങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന സന്ദേശമാണ് കേരളം മുന്നോട്ടുവയ്ക്കുന്നത്. പ്രകൃതി, ജനങ്ങള്‍, വ്യവസായം (നേച്ചര്‍, പിപ്പിള്‍, ഇന്‍ഡസ്ട്രി) എന്നതാണ് ഇന്‍വെസ്റ്റ് കേരളയുടെ ടാഗ് ലൈന്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ ജയതിലക്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി എസ്. ഹരികിഷോര്‍, എക്സിക്യുട്ടീവ് ഡയറക്ടര്‍ ഹരികൃഷ്ണന്‍ ആര്‍ എന്നിവരും സംഘത്തിലുണ്ട്. ജനുവരി 20 ന് ആരംഭിച്ച വേള്‍ഡ് ഇക്കണോമിക് ഫോറത്തിലെ കേരള പവലിയനില്‍ നിരവധി സംരംഭകരും നിക്ഷേപകരുമാണ് കേരള പവലിയനിലെത്തിയത്. സുസ്ഥിരതയും ഉത്തരവാദിത്തവുമുള്ള വ്യവസായ നയത്തിന് നല്‍കുന്ന പ്രാധാന്യവും വൈവിധ്യവും ഉള്‍പ്പെടുത്തലുമാണ് കേരളത്തിലെ വ്യവസായത്തിന്‍റെ ശക്തിയെന്നുമുള്ള ആശയങ്ങള്‍ സംസ്ഥാനം സംരംഭകരോട് പങ്കുവച്ചു. എംഎസ്എംഇകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ടൂറിസം, മെഡിക്കല്‍ ഡിവൈസ്-ഹെല്‍ത്ത് കെയര്‍, മാരിടൈം, ഐടി, സ്പേസ്-സ്പേസ് ടെക്, സ്പൈസസ്-ഫുഡ് പ്രൊസസിങ് തുടങ്ങി ആഗോള തലത്തില്‍ കേരളത്തിന് ഏറ്റവുമധികം വളര്‍ച്ച സാധ്യതയുള്ള മേഖലകളെ പവലിയനില്‍ അവതരിപ്പിച്ചു.

  നൂതനാശയങ്ങള്‍, സംരംഭകത്വം, സാങ്കേതികവിദ്യ, കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ടൂറിസം വകുപ്പും തമ്മിൽ ധാരണ
Maintained By : Studio3