Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാഷ്ട്രത്തിനു സമർപ്പിച്ചു

1 min read

PM dedicates to the Nation Vizhinjam International Seaport in Thiruvananthapuram, Kerala on May 02, 2025.

ന്യൂഡൽഹി : പ്രധാനമന്ത്രിഇന്ന് 8800 കോടി രൂപയുടെ വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടൽ വിവിധോദ്ദേശ്യ തുറമുഖം തിരുവനന്തപുരത്ത് രാഷ്ട്രത്തിനു സമർപ്പിച്ചു. അനന്തസാധ്യതകളാൽ സമ്പന്നമായ വിശാലമായ സമുദ്രം ഒരുവശത്തു നിലകൊള്ളുമ്പോൾ, മറുവശത്ത്, പ്രകൃതിയുടെ അതിശയിപ്പിക്കുന്ന സൗന്ദര്യം അതിന്റെ പ്രൗഢി വർധിപ്പിക്കുന്നുവെന്നു ശ്രീ മോദി പറഞ്ഞു. ഇതിനെല്ലാം ഇടയിൽ, വിഴിഞ്ഞം ആഴക്കടൽ തുറമുഖം ഇപ്പോൾ നവയുഗ വികസനത്തിന്റെ പ്രതീകമായി ഉയർന്നുവന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ ശ്രദ്ധേയമായ നേട്ടത്തിന് അദ്ദേഹം കേരള ജനതയെയും രാജ്യത്തെയാകെയും അഭിനന്ദിച്ചു. വിഴിഞ്ഞം ആഴക്കടൽ തുറമുഖം 8,800 കോടി ചെലവിൽ വികസിപ്പിച്ചുവെന്നു പറഞ്ഞ പ്രധാനമന്ത്രി, വരുംവർഷങ്ങളിൽ ഈ കപ്പൽചരക്കുകൈമാറ്റ കേന്ദ്രത്തിന്റെ ശേഷി മൂന്നിരട്ടിയാകുമെന്നും ഇതു ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലുകൾ സുഗമമായി എത്തിച്ചേരുന്നതിനു സഹായകമാകുമെന്നും അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ കപ്പൽച്ചരക്കുകൈമാറ്റ പ്രവർത്തനങ്ങളുടെ 75% മുമ്പു വിദേശ തുറമുഖങ്ങളിലാണു നടന്നിരുന്നതെന്നും ഇതു രാജ്യത്തിനു ഗണ്യമായ വരുമാനനഷ്ടമുണ്ടാക്കിയിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സ്ഥിതി മാറാൻ പോകുന്നു എന്നു വ്യക്തമാക്കിയ അദ്ദേഹം, ഇന്ത്യയുടെ പണം ഇപ്പോൾ ഇന്ത്യയെ സേവിക്കുമെന്നും, ഒരിക്കൽ രാജ്യത്തിനു പുറത്തേക്ക് ഒഴുകിയിരുന്ന പണം ഇപ്പോൾ കേരളത്തിനും വിഴിഞ്ഞത്തെ ജനങ്ങൾക്കും പുതിയ സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുമെന്നും പറഞ്ഞു. കോളനിവാഴ്ചയ്ക്കു മുമ്പ്, ഇന്ത്യ നൂറ്റാണ്ടുകളുടെ സമൃദ്ധിക്കു സാക്ഷ്യം വഹിച്ചിരുന്നുവെന്നു ശ്രീ മോദി അഭിപ്രായപ്പെട്ടു. ഒരു ഘട്ടത്തിൽ ആഗോള ജിഡിപിയിൽ ഇന്ത്യ പ്രധാന പങ്കുവഹിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആ കാലഘട്ടത്തിൽ ഇന്ത്യയെ മറ്റു രാജ്യങ്ങളിൽനിന്നു വ്യത്യസ്തമാക്കിയതു സമുദ്രശേഷിയും തുറമുഖനഗരങ്ങളുടെ സാമ്പത്തിക പ്രവർത്തനവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സമുദ്രശക്തിയിലും സാമ്പത്തിക വളർച്ചയിലും കേരളം പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, സമുദ്ര വ്യാപാരത്തിൽ കേരളത്തിന്റെ ചരിത്രപരമായ പങ്ക് എടുത്തുകാട്ടി. അറബിക്കടലിലൂടെ ഇന്ത്യ വിവിധ രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം നിലനിർത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽനിന്നുള്ള കപ്പലുകൾ വിവിധ രാജ്യങ്ങളിലേക്കു ചരക്കുകൾ കൊണ്ടുപോയിരുന്നു. ഇതു സുപ്രധാന ആഗോള വാണിജ്യ കേന്ദ്രമാക്കി മാറ്റിയിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇന്ന്, സാമ്പത്തിക ശക്തിയുടെ ഈ മാർഗത്തിനു കൂടുതൽ കരുത്തേകാൻ ഇന്ത്യാ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്” – അദ്ദേഹം കൂട്ടിച്ചേർത്തു. “ഇന്ത്യയുടെ തീരദേശ സംസ്ഥാനങ്ങളും തുറമുഖ നഗരങ്ങളും വികസിത ഇന്ത്യയുടെ പ്രധാന വളർച്ചാകേന്ദ്രങ്ങളായി മാറും”, അദ്ദേഹം പറഞ്ഞു. “അടിസ്ഥാനസൗകര്യങ്ങളും വ്യവസായനടത്തിപ്പു സുഗമമാക്കലും ഒരുമിച്ചു പ്രോത്സാഹിപ്പിക്കപ്പെടുമ്പോൾ തുറമുഖ സമ്പദ്‌വ്യവസ്ഥ അതിന്റെ പൂർണശേഷിയിലെത്തും” – പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 10 വർഷമായി, ഇന്ത്യാ ഗവൺമെന്റിന്റെ തുറമുഖ-ജലപാത നയത്തിന്റെ രൂപരേഖ ഇതാണെന്ന് അദ്ദേഹം പറഞ്ഞു. വ്യാവസായിക പ്രവർത്തനങ്ങൾക്കും സംസ്ഥാനങ്ങളുടെ സമഗ്ര വികസനത്തിനുമുള്ള ശ്രമങ്ങൾ ഗവണ്മെന്റ് ത്വരിതപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സാഗർമാല പദ്ധതി പ്രകാരം, സംസ്ഥാന ഗവണ്മെന്റുകളുമായി സഹകരിച്ച്, ഇന്ത്യാ ഗവൺമെന്റ് തുറമുഖ അടിസ്ഥാനസൗകര്യങ്ങൾ നവീകരിച്ച് തുറമുഖ സമ്പർക്കസൗകര്യത്തിനു കരുത്തേകിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പിഎം ഗതിശക്തിയുടെ കീഴിൽ, ജലപാതകൾ, റെയിൽപ്പാതകൾ, ഹൈവേകൾ, വ്യോമപാതകൾ എന്നിവ തടസ്സമില്ലാത്ത സമ്പർക്കസൗകര്യത്തിനായി വേഗത്തിൽ സംയോജിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യാപാരം സുഗമമാക്കുന്നതിനുള്ള ഈ പരിഷ്കാരങ്ങൾ തുറമുഖങ്ങളിലും അടിസ്ഥാനസൗകര്യ മേഖലകളിലും കൂടുതൽ നിക്ഷേപത്തിനു കാരണമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ സമുദ്രസഞ്ചാരികളെ സംബന്ധിച്ച നിയന്ത്രണങ്ങൾ ഇന്ത്യാ ഗവൺമെന്റ് പരിഷ്കരിച്ചിട്ടുണ്ടെന്നും ഇതു ഗണ്യമായ ഫലങ്ങൾ നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 2014ൽ ഇന്ത്യൻ സമുദ്രസഞ്ചാരികളുടെ എണ്ണം 1.25 ലക്ഷത്തിൽ താഴെയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന്, ഈ കണക്ക് 3.25 ലക്ഷത്തിലധികം ഉയർന്നു. ഈ എണ്ണത്തിൽ ആഗോളതലത്തിൽ മികച്ച മൂന്നു രാജ്യങ്ങളിൽ ഇന്ത്യ ഇപ്പോൾ സ്ഥാനം പിടിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു ദശാബ്ദം മുമ്പ് കപ്പലുകൾക്കു തുറമുഖങ്ങളിൽ ദീർഘനേരം കാത്തുകിടക്കേണ്ടി വന്നിരുന്നുവെന്നും, ഇതു ചരക്കിറക്കൽ പ്രവർത്തനങ്ങൾ ഗണ്യമായി വൈകിപ്പിച്ചിരുന്നുവെന്നും പറഞ്ഞ ശ്രീ മോദി, ഈ മാന്ദ്യം വാണിജ്യ-വ്യവസായങ്ങളെയും മൊത്തത്തിലുള്ള സമ്പദ്‌വ്യവസ്ഥയെയും ബാധിച്ചിരുന്നുവെന്നും ചൂണ്ടിക്കാട്ടി. ഈ സ്ഥിതി ഇപ്പോൾ മാറിയിട്ടുണ്ടെന്നും കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിലെ പ്രധാന തുറമുഖങ്ങൾ കപ്പൽച്ചരക്കുനീക്കസമയം 30% കുറച്ചിട്ടുണ്ടെന്നും ഇതു പ്രവർത്തനകാര്യക്ഷമത മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മെച്ചപ്പെട്ട തുറമുഖകാര്യക്ഷമതയാൽ, ഇന്ത്യ ഇപ്പോൾ കുറഞ്ഞ കാലയളവിൽ കൂടുതൽ ചരക്കു കൈകാര്യം ചെയ്യുന്നുണ്ടെന്നും ഇതു രാജ്യത്തിന്റെ ലോജിസ്റ്റിക്സും വ്യാപാരശേഷിയും ശക്തിപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  “സമുദ്രമേഖലയിലെ ഇന്ത്യയുടെ വിജയം ദശാബ്ദക്കാലത്തെ കാഴ്ചപ്പാടിന്റെയും പരിശ്രമത്തിന്റെയും ഫലമാണ്” – കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യ തുറമുഖങ്ങളുടെ ശേഷി ഇരട്ടിയാക്കുകയും ദേശീയ ജലപാതകൾ എട്ടുമടങ്ങു വികസിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ന്, ലോകത്തിലെ ഏറ്റവും മികച്ച 30 തുറമുഖങ്ങളിൽ രണ്ട് ഇന്ത്യൻ തുറമുഖങ്ങൾ ഉൾപ്പെടുന്നുവെന്നും ലോജിസ്റ്റിക്സ് പ്രകടനസൂചികയിൽ ഇന്ത്യയുടെ റാങ്കിങ് മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, ആഗോള കപ്പൽ നിർമാണത്തിലെ മികച്ച 20 രാജ്യങ്ങളിൽ ഇന്ന് ഇന്ത്യയുമുണ്ടെന്നും അദ്ദേഹം എ‌ടുത്തുപറഞ്ഞു. രാജ്യത്തിന്റെ അടിസ്ഥാനസൗകര്യങ്ങൾക്കു കരുത്തേകിയ ശേഷം, ആഗോള വ്യാപാരത്തിൽ ഇന്ത്യയുടെ തന്ത്രപരമായ സ്ഥാനത്തേക്ക് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള ഇന്ത്യയുടെ സമുദ്രതന്ത്രത്തെ രൂപപ്പെടുത്തുന്ന മാരിടൈം അമൃത് കാൽ കാഴ്ചപ്പാടിനു തുടക്കം കുറിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി സ്ഥാപിക്കുന്നതിന് ഇന്ത്യ നിരവധി പ്രധാന രാജ്യങ്ങളുമായി സഹകരിച്ചു പ്രവർത്തിച്ച ജി-20 ഉച്ചകോടിയുടെ കാര്യം അദ്ദേഹം പരാമർശിച്ചു. ഈ ഇടനാഴിയിൽ കേരളത്തിന്റെ നിർണായക പങ്ക് എടുത്തുകാട്ടിയ അദ്ദേഹം, ഈ സംരംഭത്തിൽനിന്നു സംസ്ഥാനത്തിനു വളരെയധികം പ്രയോജനം ലഭിക്കുമെന്നും വ്യക്തമാക്കി.  ഇന്ത്യയുടെ സമുദ്ര വ്യവസായത്തെ പുതിയ ഉയരങ്ങളിലേക്ക് ഉയർത്തുന്നതിൽ സ്വകാര്യ മേഖലയുടെ നിർണായക പങ്ക് അടിവരയിട്ടുകൊണ്ട്, കഴിഞ്ഞ 10 വർഷത്തിനിടെ പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ ആയിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപം നടന്നിട്ടുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. ഈ സഹകരണം ഇന്ത്യയിലെ തുറമുഖങ്ങളെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുക മാത്രമല്ല, അവയെ ഭാവിയിലേക്ക് സജ്ജമാക്കുകയും ചെയ്തുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സ്വകാര്യ മേഖലയുടെ പങ്കാളിത്തം നവീകരണത്തിനും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും കാരണമായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൊച്ചിയിൽ ഒരു കപ്പൽ നിർമ്മാണ, അറ്റകുറ്റപ്പണി ക്ലസ്റ്റർ സ്ഥാപിക്കുന്നതിലേക്ക് ഇന്ത്യ മുന്നേറുകയാണെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. പൂർത്തിയാകുമ്പോൾ, ഈ ക്ലസ്റ്റർ നിരവധി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അത് കേരളത്തിലെ പ്രതിഭകൾക്കും യുവാക്കൾക്കും വളർച്ചയ്ക്കുള്ള വേദി നൽകുമെന്നും അദ്ദേഹം പറഞ്ഞു. കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, കേന്ദ്ര മന്ത്രിമാരായ ശ്രീ സുരേഷ് ​ഗോപി, ശ്രീ ജോർജ് കുര്യൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

  എന്‍റെ കേരളം: കെഎസ്‌യുഎം പവലിയന്‍

 

Maintained By : Studio3