മാംസാഹാരികളേക്കാള്‍ ആരോഗ്യകരമായ ബയോമാര്‍ക്കറുകള്‍ കൂടുതല്‍ സസ്യാഹാരികളില്‍
1 min readമാംസാഹാരം കഴിക്കുന്നവരില്‍ സസ്യാഹാരം കഴിക്കുന്നവരെ അപേക്ഷിച്ച് അസുഖങ്ങളുമായി ബന്ധപ്പെട്ട ബയോമാര്‍ക്കറുകള്‍ കൂടുതലായി കണ്ടെത്തി
മാംസാഹാരം കഴിക്കുന്നവരേക്കാള്‍ കൂടുതല്‍ ആരോഗ്യകരമായ ബയോമാര്‍ക്കറുകള്‍ സസ്യാഹാരം കഴിക്കുന്നവരിലാണെന്ന് പഠന റിപ്പോര്‍ട്ട്. പ്രായമോ, ഭാരമോ, പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങളോ ഈ വസ്തുതയെ ബാധിക്കുന്നില്ലെന്നും യുകെ ആസ്ഥാനമായി നടന്ന പഠനം തെളിയിക്കുന്നു. യൂറോപ്യന്‍ കോണ്‍ഗ്രസ് ഓണ്‍ ഒബിസിറ്റിയില്‍ (ഇസിഒ) പഠന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബയോമാര്‍ക്കറുകള്‍ ശരീരത്തെ ഗുണകരമായും ദോഷകരമായും ബാധിക്കാറുണ്ട്. അര്‍ബുദം, കാര്‍ഡിയോവാസ്‌കുലാര്‍ രോഗങ്ങള്‍, പ്രായസംബന്ധമായ രോഗങ്ങള്‍ മറ്റ് ഗുരുതര അസുഖങ്ങള്‍ക്ക് എന്നിവയ്ക്ക് കാരണമാകുകയോ അല്ലെങ്കില്‍ അവ ഇല്ലാതാക്കുകയോ ചെയ്യുക തുടങ്ങി ബയോമാര്‍ക്കറുകള്‍ ആരോഗ്യത്തെ പല രീതിയില്‍ സ്വാധീനിക്കാറുണ്ട്. എന്നാല്‍ സസ്യാഹാരം കഴിക്കുന്നത് മൂലം ബയോമാര്‍ക്കര്‍ പ്രൊഫൈലിനുണ്ടാകുന്ന ഗുണങ്ങള്‍ ഇതുവരെ അവ്യക്തമായിരുന്നു.
മാംസാഹാരം, സസ്യാഹാരം എന്നിങ്ങനെ ഭക്ഷണത്തില്‍ ഓരോ വ്യക്തികളുടെയും തെരഞ്ഞെടുപ്പുകള്‍ രക്തത്തിലെയും മൂത്രത്തിലെയും ഡിസീസ് മാര്‍ക്കറുകളില്‍ (രോഗവുമായി ബന്ധപ്പെട്ട ബയോമാര്‍ക്കറുകള്‍) ഉണ്ടാക്കുന്ന വ്യത്യാസം മനസിലാക്കുകയെന്ന ലക്ഷ്യത്തോടൊണ് യുകെയിലെ ഗ്ലാസ്‌ഗോ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ ഇത് സംബന്ധിച്ച് പഠനം നടത്തിയത്. യുകെ ബയോബാങ്ക് പഠനത്തില്‍ പങ്കെടുത്ത മുപ്പത്തിയേഴിനും എഴുപത്തിമൂന്നിനും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്മാരായ 177,723 പേരുടെ വിവരങ്ങളാണ് ഗവേഷകര്‍ വിലയിരുത്തിയത്. അഞ്ചുവര്‍ഷ കാലയളവില്‍ ഭക്ഷണക്രമത്തില്‍ കാര്യമായ വ്യത്യാസങ്ങള്‍ വരുത്താത്തവരായിരുന്നു ഇവര്‍. സസ്യാഹാരികള്‍ (മാംസമോ മത്സ്യമോ കഴിക്കാത്തവര്‍, 4,111 പേര്‍), മാംസാഹാരികള്‍ (166,516 പേര്‍) എന്നിങ്ങനെ ഇവരെ തരംതിരിച്ചു. പിന്നീട് ഇവരുടെ രക്തത്തിലെയും മൂത്രത്തിലെയും പ്രമേഹം, കാര്‍ഡിയോ വാസ്‌കുലാര്‍ രോഗം, അര്‍ബുദം, കരള്‍, എല്ല്, സന്ധികള്‍ എന്നിവയുടെ ആരോഗ്യം, വൃക്കയുടെ പ്രവര്‍ത്തനം തുടങ്ങിയവമായി ബന്ധപ്പെട്ടിരിക്കുന്ന പത്തൊമ്പതോളം ബയോമാര്‍ക്കറുകള്‍ ഗവേഷകര്‍ പഠന വിധേയമാക്കി.
പ്രായം, ലിംഗം, വിദ്യാഭ്യാസം, വംശം, പൊണ്ണത്തടി, പുകവലി, മദ്യപാനം തുടങ്ങി ബയോമാര്‍ക്കറുകളെ സ്വാധീനിച്ചേക്കാവുന്ന ഘടകങ്ങള്‍ കണക്കിലെടുത്താല്‍ പോലും മാംസാഹാരികളെ അപേക്ഷിച്ച് സസ്യാഹാരികളില്‍ ടോട്ടല്‍ കൊളസ്‌ട്രോള്‍, ചീത്ത കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍(എല്‍ഡിഎല്‍) കൊളസ്‌ട്രോള്‍, അപോലിപോപ്രോട്ടീന്‍ എ( കാര്‍ഡിയോ വാസ്‌കുലാര്‍ രോഗവുമായി ബന്ധപ്പെട്ടത്), അപോലിപോപ്രോട്ടീന്‍ ബി( കാര്‍ഡിയോ വാസ്‌കുലാര്‍ രോഗവുമായി ബന്ധപ്പെട്ടത്), ഗാമ ഗ്ലുട്ടമൈല്‍ ട്രാന്‍സ്‌ഫെറൈസ്(സിജിടി), കരളിലെ കോശങ്ങളുടെ നാശമോ അണുബാധയോ സൂചിപ്പിക്കുന്ന അലനൈന്‍ അമിനോട്രാന്‍സ്‌ഫെറൈസ്(എഎസ്ടി), അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയും വ്യാപനവും പ്രോത്സാഹിപ്പിക്കുന്ന ഹോര്‍മോണായ ഇന്‍സുലിന്‍-ലൈക്ക് ഗ്രോത്ത് ഫാക്ടര്‍ (ഐജിഎഫ്-1,) യൂറൈറ്റ്, ടോട്ടല്‍ പ്രോട്ടീന്‍, വൃക്കയുടെ പ്രവര്‍ത്തനത്തകരാര്‍ സൂചിപ്പിക്കുന്ന മാര്‍ക്കറായ ക്രിയാറ്റിന്‍ തുടങ്ങി അസുഖങ്ങളുമായി ബന്ധപ്പെട്ട 13ഓളം ബയോമാര്‍ക്കറുകള്‍ വളരെ കുറവാണെന്ന് ഗവേഷകര്‍ കണ്ടെത്തി.
അതേസമയം, ഹൈ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍ (എച്ച്ഡിഎല്‍) കൊളസ്‌ട്രോള്‍, വൈറ്റമിന്‍ ഡി, കാല്‍സ്യം തുടങ്ങിയ നല്ല ബയോമാര്‍ക്കറുകള്‍ സസ്യാഹാരികളിലും കുറവായിരുന്നു. മാത്രമല്ല, ഇവരുടെ രക്തത്തില്‍ കൊഴുപ്പും വൃക്കയുടെ മോശം പ്രവര്‍ത്തനം സൂചിപ്പിക്കുന്ന സിസ്റ്റാസ്റ്റിന്‍ സിയും (ട്രൈഗ്ലിസറൈഡുകള്‍) വളരെ അധികമാണെന്നും ഗവേഷകര്‍ കണ്ടെത്തി. എന്നാല്‍ രക്തത്തിലെ പഞ്ചസാര, സിസ്റ്റോളിക് രക്തസമ്മര്‍ദ്ദം, അസ്പരറ്റേറ്റ് അമിനോട്രാന്‍സ്ഫറൈസ് (എഎസ്ടി, കരള്‍ കോശങ്ങളുടെ നാശം സൂചിപ്പിക്കുന്ന മാര്‍ക്കര്‍), സി-റിയാക്ടീവ് പ്രോട്ടീന്‍ (സിആര്‍പി, അണുബാധ സൂചിപ്പിക്കുന്ന മാര്‍ക്കര്‍) എന്നിവയുടെ അളവും സസ്യാഹാരമോ മാംസാഹാരമോ തമ്മില്‍ യാതൊരുവിധ ബന്ധവും കണ്ടെത്താനായില്ല.
ഭക്ഷണത്തിലെ തെരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച് ആളുകള്‍ക്ക് പുതിയൊരു ദിശാബോധം നല്‍കുന്നതാണ് തങ്ങളുടെ കണ്ടെത്തലുകള്‍ എന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഗ്ലാസ്‌കോ സര്‍വ്വകലാശാലയില്‍ നിന്നുള്ള ഡോ.കാര്‍ലോസ് സെലിസ്-മോറലെസ് അവകാശപ്പെട്ടു. ഹൃദ്രോഗങ്ങളുമായും ചിലയിനം അര്‍ബുദങ്ങളുമായും ബന്ധമുള്ള മാംസാഹാരം, പ്രത്യേകിച്ച് റെഡ് മീറ്റും സംസ്‌കരിച്ച മാംസവും കഴിക്കാതിരിക്കുകയും പോഷകങ്ങളും ഫൈബറും ശരീരത്തിന് ഗുണം ചെയ്യുന്ന മറ്റ് സംയുക്തങ്ങളും ധാരാളമായി അടങ്ങിയ പച്ചക്കറികളും പഴങ്ങളും പരിപ്പുകളും കൂടുതലായി കഴിക്കുകയും ചെയ്യുന്നത് മൂലമാകാം സസ്യാഹാരരീതി പിന്തുടരുന്നവരില്‍ കോശനാശവും ഗുരുതര അസുഖങ്ങളും സൂചിപ്പിക്കുന്ന അസുഖങ്ങളുമായി ബന്ധപ്പെട്ട ബയോമാര്‍ക്കറുകള്‍ കുറഞ്ഞ് കാണപ്പെടുന്നതെന്ന് ഡോ.കാര്‍ലോസ് വിശദീകരിച്ചു.
നിരവധിയാളുകളെ പങ്കെടുപ്പിച്ച് നടത്തിയ പഠനമാണെങ്കില്‍ കൂടിയും സസ്യാഹാരികളിലും മാംസാഹാരികളിലും ബയോമാര്‍ക്കറുകളിലുള്ള ഈ വ്യത്യാസത്തിന്റെ കാരണമോ അതിന്റെ പ്രത്യാഘാതമോ സംബന്ധിച്ച് കൃത്യമായൊരു നിഗമനം പഠനം മുന്നോട്ടുവെക്കുന്നില്ല. മാത്രമല്ല, പഠനത്തില്‍ പങ്കെുത്തവരുടെ ബയോമാര്‍ക്കര്‍ സാമ്പിളുകള്‍ ഒരിക്കല്‍ മാത്രമേ പരിശോധിക്കാനായുള്ളുവെന്നതും ഭക്ഷണക്രമവുമായി ബന്ധമില്ലാത്ത നിലവിലുള്ള അസുഖങ്ങള്‍, പരിഗണനയില്‍ വരാത്ത ജീവിതശൈലിയുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ എന്നിവയും ബയോമാര്‍ക്കറുകളെ സ്വാധീനിക്കാമെന്നതുമടക്കം നിരവധി പോരായ്മകളും പഠനത്തിനുണ്ടെന്ന് ഗവേഷകര്‍ സമ്മതിക്കുന്നു.