2022 ലെ മികച്ച തൊഴിൽ ദാതാവായി യു.എസ്.ടി
തിരുവനന്തപുരം: പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് സ്ഥാപനമായ യു.എസ്.ടിക്ക് വടക്കേ അമേരിക്ക, ഏഷ്യാ പെസഫിക് മേഖലകള്‍ക്കായുള്ള ടോപ്പ് എംപ്ലോയേഴസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ടി.ഇ.ഐ) അഭിമാനകരമായ ബ്ലൂസീല്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. കൂടാതെ, അമേരിക്ക, മെക്‌സിക്കോ, ബ്രിട്ടന്‍, ഇന്ത്യ, മലേഷ്യാ, സിങ്കപ്പൂര്‍, ഫിലിപ്പൈന്‍സ് , സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലെ 2022 ലെ മികച്ച തൊഴിൽ ദാതാവായി യു.എസ്.ടി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കാനഡ, തായ് വാൻ എന്നിവിടങ്ങളിലും കമ്പനി മികച്ച തൊഴില്‍ദാതാവായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. യു.കെയിലെ മികച്ച 10 തൊഴില്‍ദാതാക്കളുടെ പട്ടികയിലും യു.എസ്.ടിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആഗോളതലത്തില്‍ ജീവനക്കാര്‍ക്ക് മികച്ച തൊഴില്‍ സാഹചര്യങ്ങളും വ്യക്തിപരവും തൊഴില്‍പരവുമായ വികാസത്തിന് അവസരം നല്‍കുന്നതുമായ തൊഴിലുടമകളെയാണ് ടോപ്പ് എംപ്ലോയേഴസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അംഗീകാരത്തിന് തെരഞ്ഞെടുക്കാറുള്ളത്. ഒരു സ്ഥാപനത്തെ മികച്ച തൊഴില്‍ ദാതാവായി തെരഞ്ഞെടുക്കുന്നത് അവരുടെ ജീവനക്കാരോടും പ്രവര്‍ത്തനങ്ങളോടുമുള്ള അര്‍പ്പണബോധത്തിന്റെ അടിസ്ഥാനത്തിലാണ്.
ബ്ലൂസീല്‍ സര്‍ട്ടിഫിക്കേഷന്‍ ഒരു ഭൂഖണ്ഡാന്തര തലതതിലുള്ള അംഗീകാരമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഈ അംഗീകാരം ലഭിച്ചതോടെ യു.എസ്.ടിയും ജീവനക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ ജാഗ്രത കാട്ടുന്ന ലോകമെമ്പാടുമുള്ള കമ്പനികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുകയാണ്. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ആഗോളതലത്തിലേക്ക് കൂടുതലായി വ്യാപരിക്കുന്ന ഘട്ടത്തില്‍ ലഭിച്ച ഈ അംഗീകാരം സുപ്രധാന നേട്ടമായി കണക്കാക്കുന്നതായി യു.എസ്.ടി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മനു ഗോപിനാഥ് അഭിപ്രായപ്പെട്ടു. ജീവനക്കാരുടെ കഴിവുകളെ പരമാവധി പ്രയോജനപ്പെടുത്തി മികച്ച അന്തരീക്ഷത്തില്‍ അവ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങളാണ് കമ്പനി നടത്തുന്നത്. വെല്ലുവിളികളെ തരണം ചെയ്യാനും ജീവനക്കാര്‍ക്ക് എല്ലാ പിന്തുണയും നല്‍കിക്കൊണ്ടുള്ള മികച്ച തൊഴിലിട സംസ്‌ക്കാരമാണ് യു.എസ്.ടിയെ എന്നും വിജയപഥത്തില്‍ എത്തിക്കുന്നത്. ഞങ്ങളോടൊപ്പം സഹകരിക്കുന്നവരോടും ഉപഭോക്താക്കളോടും സമൂഹത്തോടും എല്ലാം അര്‍ത്ഥവത്തായൊരു ബന്ധം കെട്ടിപ്പടുക്കാന്‍ ഇത് ഏറെ സഹായിച്ചതായും മനു ഗോപിനാഥ് ചൂണ്ടിക്കാട്ടി.
ആറ് എച്ച്.ആര്‍ ഡൊമൈനുളിലായി 20 വിഷയങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍വ്വേയാണ് ടി.ഇ.ഐ നടത്തുന്നത്. ജോലി സ്ഥലത്തെ ചുറ്റുപാടുകള്‍, വിജ്ഞാന സമ്പാദനം, പഠനം, ക്ഷേമം, വൈവിധ്യം, ഉള്‍പ്പെടുത്തല്‍ എന്നിവ ഇതില്‍പ്പെടുന്നു. ഓരോ വര്‍ഷവും ഇതിലെ ഓരോ മാനദണ്ഡങ്ങളിലും യു.എസ്.ടി പുരോഗമനത്തിന്റെ പാതയിലാണ്. നിരവധി രാജ്യങ്ങളില്‍ വ്യാപിച്ച് കിടക്കുന്ന യു.എസ്.ടി തങ്ങളുടെ ജീവനക്കാരോടുളള അചഞ്ചലമായ പ്രതിബദ്ധത ഇതിനോടകം തെളിയിച്ച് കഴിഞ്ഞതായി ടോപ്പ് എംപ്ലോയേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ ഡേവിഡ് പ്ലിങ്ക് പറഞ്ഞു. 2022 ലെ അവരുടെ ഈ നേട്ടത്തില്‍ അഭിനന്ദിക്കാനും ഒരാഘോഷമാക്കി മാറ്റാനും കഴിഞ്ഞതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും അദ്ദേഹം വ്യക്തമാക്കി.
ടോപ്പ് എംപ്ലോയേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കിയ ഈ ആഗോള അംഗീകാരത്തില്‍ ഏറെ അഭിമാനമുണ്ടെന്ന് യു.എസ്.ടി ഹ്യൂമന്‍ റിസോഴ്‌സസ് ഗ്ലോബല്‍ ഹെഡ് കവിതാ കുറുപ്പ് അഭിപ്രായപ്പെട്ടു. കോവിഡ് മഹാമാരിക്കിടയിലും തങ്ങളുടെ സാധ്യതകള്‍ കണ്ടെത്തുന്നതിലും വിലയിരുത്തുന്നതിനും അവയെ മാറിക്കൊണ്ടിരിക്കുന്ന വിപണി സാഹചര്യങ്ങളുമായി കോര്‍ത്തിണക്കുന്നതിലും കമ്പനി പ്രതിജഞാബദ്ധമാണ്. ടി.ഇ.ഐയുടെ ബ്ലൂ സീല്‍ സര്‍ട്ടിഫിക്കേഷന്‍ കമ്പനിയെ ഏറെ സഹായിച്ചത് ഈ മേഖലകളിലാണെന്നും ജീവനക്കാരുടെ ആരോഗ്യവും ക്ഷേമവും പഠന കാര്യങ്ങളും യു.എസ്.ടിയുടെ അജണ്ടയില്‍ ഒന്നാമതായി തന്നെ തുടരുകയാണെന്നും കവിതാകുറുപ്പ് അറിയിച്ചു. ഞങ്ങളുടെ മാനവിക കേന്ദ്രീകൃത സമീപനവും സാങ്കേതിക വിദ്യയുടെ കരുത്തും ഉപയോഗിച്ച് അതിരുകളില്ലാത്ത ഒരു ലോകം സൃഷ്ടിക്കാനാണ് യു.എസ്.ടിയുടെ ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ ഈ നേട്ടത്തിന് പുറമേ 2021 ലെ ബിസിനസ് കള്‍ച്ചര്‍ ടീം പുരസ്‌ക്കാരവും നേടിയിട്ടുണ്ട്. അമേരിക്ക, മലേഷ്യ, യു.കെ , മെക്‌സിക്കോ എന്നി രാജ്യങ്ങളിലെ മികച്ച തൊഴിലടമായി യു.എസ്.ടി. അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 2021 ല്‍ ഇന്ത്യയിലെ സ്ത്രീകള്‍ക്കുള്ള മികച്ച തൊഴിലിടമായും കമ്പനി തെരഞ്ഞെടുക്കപ്പെട്ടു. ആഗോള വിപണിയിലെ വര്‍ദ്ധിച്ചു വരുന്ന ആവശ്യം പരിഗണിച്ചും കമ്പനിയുടെ ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും പതിനായിരത്തോളം ജീവനക്കാരെ നിയമിക്കാനുള്ള പ്രഖ്യാപനവും ഈയിടെയാണ് നടന്നത്.