January 8, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അമേരിക്കയിലെ സിഇഎസ്- 2026ൽ കേരള ഐടി കമ്പനികള്‍

1 min read

തിരുവനന്തപുരം: കേരള ഐടി യ്ക്ക് കീഴില്‍ ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള പതിനൊന്ന് മുന്‍നിര ടെക്നോളജി കമ്പനികള്‍ അമേരിക്കയിലെ ലാസ് വെഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോയില്‍ (സിഇഎസ്- 2026) സ്റ്റാള്‍ തുറന്നു. ലോസ് ഏഞ്ചല്‍സിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. കെ. ജെ ശ്രീനിവാസ കേരള ഐടി പവലിയന്‍ ഉദ്ഘാടനം ചെയ്തു. ജനുവരി ആറിന് ആരംഭിച്ച നാല് ദിവസത്തെ പരിപാടി ഒന്‍പതിന് അവസാനിക്കും. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ടെക്നോളജി ട്രേഡ് അസോസിയേഷനായ കണ്‍സ്യൂമര്‍ ടെക്നോളജി അസോസിയേഷനാണ് (സിടിഎ) പരിപാടി സംഘടിപ്പിക്കുന്നത്. അത്യാധുനിക ഉപഭോക്തൃ ടെക്നോളജി ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷനുകള്‍, ടെക്നോളജി ഡെലിവറി സിസ്റ്റംസ്, നൂതന സൊല്യൂഷനുകള്‍ തുടങ്ങിയവയുടെ നിര്‍മ്മാതാക്കള്‍, ഡെവലപ്പര്‍മാര്‍, വിതരണക്കാര്‍ എന്നിവരുള്‍പ്പെടെ ലോകമെമ്പാടുമുള്ള വിവിധ കമ്പനികളെ ഒരുമിച്ച് കൊണ്ടുവരുന്ന വേദിയാണിത്. ആഗോള ടെക്നോളജി ഹബ് എന്ന നിലയില്‍ സംസ്ഥാനത്തിന്‍റെ സ്ഥാനം ഉയര്‍ത്തിക്കാട്ടുന്ന വിധത്തിലാണ് കേരള പ്രതിനിധി സംഘത്തിന്‍റെ സ്റ്റാള്‍ രൂപകല്പന ചെയ്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള ടെക്നോളജി ഇവന്‍റുകളില്‍ ഒന്നാണ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോ. കേരളത്തിന്‍റെ ഇന്നൊവേഷന്‍, അഡ്വാന്‍സ്ഡ് എഞ്ചിനീയറിംഗ്, ഭാവിക്ക് അനുയോജ്യമായ ഡിജിറ്റല്‍ സൊല്യൂഷനുകള്‍ എന്നിവയിലെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് സിഇഎസ് അവസരമൊരുക്കും. ഡീപ്-ടെക് മേഖലയിലെ പുരോഗതി, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, പ്രോഡക്ട് എഞ്ചിനീയറിംഗ്, എന്‍റര്‍പ്രൈസ് സൊല്യൂഷനുകള്‍ എന്നിവയില്‍ സംസ്ഥാനത്തിന്‍റെ മുന്നേറ്റം വിളിച്ചോതുന്ന കാഴ്ചകളാണ് കേരള പവലിയനില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്. കേരളത്തിന്‍റെ ശക്തമായ പ്രതിഭാ അടിത്തറ, ഊര്‍ജ്ജസ്വലമായ നവീകരണ സംസ്കാരം, ആഗോള സഹകരണത്തിനുള്ള തയ്യാറെടുപ്പ് എന്നിവ പ്രതിനിധി സംഘം പ്രതിഫലിപ്പിക്കുന്നു. ഇന്‍ഫിനിറ്റ് ഓപ്പണ്‍ സോഴ്സ് സൊല്യൂഷന്‍സ് എല്‍എല്‍പി, തിങ്ക്പാം ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ടെക്ബ്രെയിന്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, സെക്വോയ അപ്ലൈഡ് ടെക്നോളജീസ്, ആര്‍ഐഒഡി ലോജിക് പ്രൈവറ്റ് ലിമിറ്റഡ്, ഹാഷ്റൂട്ട് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, സോഫ്റ്റ് നോഷന്‍സ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് കാബോട്ട് ടെക്നോളജി സൊല്യൂഷന്‍സ്, ആക്സിയ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ക്യൂബെറ്റ് ടെക്നോളജീസ് ലാബ്സ് പ്രൈവറ്റ് ലിമിറ്റഡ്, സൂണ്ടിയ സോഫ്റ്റ് വെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് സിഇഎസ് 2026 ല്‍ പങ്കെടുക്കുന്ന കേരള ഐടി കൂട്ടായ്മയുടെ ഭാഗമായ കമ്പനികള്‍. കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോയില്‍ പങ്കെടുക്കുന്നതിലൂടെ അന്താരാഷ്ട്ര പങ്കാളികളെ ആകര്‍ഷിക്കാനും സഹകരണം വളര്‍ത്താനും കേരള ഐടി പ്രതിനിധി സംഘം ലക്ഷ്യമിടുന്നു. അതോടൊപ്പം ആഗോള സാങ്കേതിക പുരോഗതി കൈവരിക്കുന്നതിനുള്ള സംസ്ഥാനത്തിന്‍റെ പ്രതിബദ്ധതയും പ്രകടമാക്കുന്നു.

  അനുഭവവേദ്യ ടൂറിസത്തിന് പ്രാധാന്യമേറുന്നു

 

Leave a Reply

Your email address will not be published. Required fields are marked *

Maintained By : Studio3