November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മിസൈല്‍ പരീക്ഷണം തുടര്‍ന്നാല്‍ പ്രതികരിക്കുമെന്ന് ബൈഡന്‍

വാഷിംഗ്ടണ്‍: ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണം തുടരുകയാണെങ്കില്‍ ഉത്തരകൊറിയക്കെതിരെ പ്രതികരിക്കുമെന്ന് യുഎസ് പ്രസിന്‍റ് ജോ ബൈഡന്‍ മുന്നറിയിപ്പുനല്‍കി. ഈ വിഷയം “ഞങ്ങള്‍ ഞങ്ങളുടെ സഖ്യകക്ഷികളുമായും പങ്കാളികളുമായും കൂടിയാലോചിക്കുന്നു. അതിനനുസരിച്ച് പ്രതികരണങ്ങളുണ്ടാകും.’ബൈഡന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പുതിയ യുഎസ് പ്രസിഡന്‍റ് അധികാരമേറ്റതിനുശേഷം വ്യാഴാഴ്ച പുലര്‍ച്ചെ ഉത്തര കൊറിയ തങ്ങളുടെ ആദ്യത്തെ ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചു.

യുഎസ് ഉത്തരകൊറിയ വിഷയത്തില്‍ നയതന്ത്ര നീക്കങ്ങള്‍ക്ക് തയ്യാറാണ്. എന്നാല്‍ അന്തിമഫലം ആണവനിരായുധീകരണം ആയിരിക്കണമെന്നും ബൈഡന്‍ പറയുന്നു.
ഉത്തര കൊറിയ തന്‍റെ വിദേശ നയത്തിലെ പ്രധാന പ്രശ്നമാണോ എന്ന് ഒരു റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോള്‍ അതെ എന്നായിരുന്നു യുഎസ് പ്രസിഡന്‍റിന്‍റെ ഉത്തരം. പ്യോങ്യാങിന്‍റെ മിസൈല്‍ പരീക്ഷണത്തെ വാഷിംഗ്ടണിന്‍റെ ഏറ്റവും അടുത്ത സഖ്യകക്ഷികളിലൊന്നായ ജപ്പാന്‍ ഉടനടി അപലപിച്ചിരുന്നു. ജപ്പാന്‍ കടലിലേക്ക് പ്യോങ്യാങ് മിസൈലുകള്‍ വിക്ഷേപിച്ചതിനുശഷം ടോക്കിയോ കടുത്ത പ്രതിഷേധമാണ് രേഖപ്പെടുത്തിയത്. ഉത്തരകൊറിയയുടെ നിരുത്തരവാദപരമായി ഇത്തരം നടപടികളെ ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിതെ സുഗ അപലപിക്കുകയും ചെയ്തു. മിസൈല്‍ പരീക്ഷണങ്ങള്‍ ജപ്പാന്‍റെയും കൂടാതെ മേഖലയുടെയും സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാണെന്നും ഇത് ഐക്യരാഷ്ട്ര സുരക്ഷാ സമിതിയുടെ പ്രമേയങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും സുഗ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

അതേസമയം കൊറിയന്‍ ഉപദ്വീപിലെ സമാധാന പ്രക്രിയയെക്കുറിച്ച് പുതിയ ചര്‍ച്ചകള്‍ക്ക് റഷ്യയുടെ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് ആഹ്വാനം ചെയ്തു. ഉപദ്വീപിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സിയോള്‍ സന്ദര്‍ശന വേളയിലാണ് ലാവ്റോവ് ചര്‍ച്ചകള്‍ക്ക് ആഹ്വാനം ചെയ്തത്. മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും റഷ്യ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ആഴ്ചയില്‍ രണ്ടാം തവണയാണ് പ്യോങ്യാങ് മിസൈലുകള്‍ പരീക്ഷിച്ചത്. ഞായറാഴ്ചയായിരുന്നു ആദ്യ പരീക്ഷണം.

Maintained By : Studio3