ബ്രിട്ടീഷ് പ്രധാനമന്ത്രി ഏപ്രിലില്‍ ഇന്ത്യ സന്ദര്‍ശിക്കും
1 min readലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഏപ്രില്‍ അവസാനം ഇന്ത്യ സന്ദര്‍ശിക്കും. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പുറത്തുപോയതിനുശേഷം അദ്ദേഹം നടത്തുന്ന ആദ്യ അന്താരാഷ്ട്ര യാത്രയാകുമിത്. മേഖലയില്‍ യുകെയുടെ അവസരങ്ങള്‍ വര്‍ധിപ്പിക്കുക എന്നതാകും സന്ദര്‍ശനത്തിനുപിന്നിലെ ലക്ഷ്യം.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ ത്വരിതപ്പെടുത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായി ജനുവരിയില്‍ ജോണ്‍സണ്‍ ഒരു ഇന്ത്യന്‍ യാത്ര ആസൂത്രണം ചെയ്തിരുന്നു. എന്നാല്‍ ബ്രിട്ടനില്‍ കോവിഡ് അണുബാധ നിരക്ക് ഉയര്‍ന്നതിനെത്തുടര്‍ന്ന് സന്ദര്‍ശനം മാറ്റിവെക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനാകുകയായിരുന്നു. ജൂണില്‍ ജി 7 രാജ്യങ്ങളുടെ യോഗം യുകെയില്‍ നടക്കുന്നതിനുമുമ്പ് ഇന്ത്യന്‍ യാത്ര ഷെഡ്യൂള്‍ചെയ്യണമെന്ന് ജോണ്‍സണ്‍ നിര്‍ദേശിച്ചിരുന്നു. കാരണം ജി7 യോഗത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും പ്രത്യേക ക്ഷണിതാവായി പങ്കെടുക്കുന്നുണ്ട്.
വരുംവര്‍ഷങ്ങളില്‍ സര്‍ക്കാര്‍ നയത്തിന്‍റെ സമഗ്ര അവലോകനത്തിന്‍റെ ഭാഗമായി ഇന്തോ-പസഫിക് മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ അറിയിച്ചു. ഭൗമ രാഷ്ട്രീയ കേന്ദ്രത്തില്‍ ഈ മേഖലയുടെ പ്രാധാന്യം വളരെവലുതാണെന്ന് യുകെ തിരിച്ചറിയുന്നു. ബ്രെക്സിറ്റിനു ശേഷമുള്ള വ്യാപാരത്തിനും സ്വാധീനത്തിനും പുതിയ വഴികള്‍ തുറക്കുന്നതിനായി 11 രാജ്യങ്ങളുടെ കൂട്ടായ്മയില്‍ അംഗത്വം ആവശ്യപ്പെട്ട് ട്രാന്‍സ്-പസഫിക് പങ്കാളിത്തത്തിനായുള്ള സമഗ്രവും പുരോഗമനപരവുമായ കരാറില്‍ ചേരുന്നതിന് ബ്രിട്ടന്‍ കഴിഞ്ഞ മാസം ഔദ്യോഗിക അഭ്യര്‍ത്ഥന നടത്തിയിരുന്നു.