യുഎഇ ഇന്തോനേഷ്യയിലെ പുതിയ വെല്‍ത്ത് ഫണ്ടില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും
1 min readരാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയുടെ വികസനം ലക്ഷ്യമിട്ട് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിദദോ ഇന്തോനേഷ്യ ഇന്‍വെസ്റ്റ്‌മെന്റ് അതോറിട്ടി രൂപീകരിച്ചത്.
അബുദാബി ഇന്തോനേഷ്യയിലെ സോവറീന്‍ വെല്‍ത്ത് ഫണ്ടായ ഇന്തോനേഷ്യ ഇന്‍വെസ്റ്റ്‌മെന്റ് അതോറിട്ടിയില്‍ യുഎഇ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനകളുടെ ഉപ സര്‍വ്വ സൈന്യാധിപനുമായ ഷേഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദ്ദേശ പ്രകാരമുള്ള നിക്ഷേപം ഇന്തോനേഷ്യയിലെ അടിസ്ഥാന സൗകര്യം, റോഡുകള്‍, തുറമുഖങ്ങള്‍, ടൂറിസം, കാര്‍ഷികം, തുടങ്ങി വളര്‍ച്ചാ സാധ്യതയുള്ളതും രാജ്യത്തിന്റെ വളര്‍ച്ചയിലും സാമ്പത്തിക, സാമൂഹിക പുരോഗതിയിലും വളരെ പ്രധാനപ്പെട്ടതുമായ മേഖലകളെ ലക്ഷ്യമിട്ടുള്ളതായിരിക്കുമെന്
രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയുടെ വികസനം ലക്ഷ്യമിട്ട് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിദദോ ഇന്തോനേഷ്യ ഇന്‍വെസ്റ്റ്‌മെന്റ് അതോറിട്ടി രൂപീകരിച്ചത്. കഴിഞ്ഞ മാസമാണ് വിദദോ അതോറിട്ടിയിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയും മറ്റ് ഉന്നതാധികാരികളെയും പ്രഖ്യാപിച്ചത്. പിടി ബാങ്ക് പെര്‍മതയുടെ മുന്‍ ചീഫ് എക്‌സിക്യുട്ടീവ് റിദ വീരകുസുമ ആണ് ഫണ്ടിന്റെ ചീഫ് എക്‌സിക്ുട്ടീവ്. ആരിഫ് ബുദിമാനെ ഫണ്ടിന്റെ ഡെപ്യൂട്ടി ചീഫ് ആയും നിയമിച്ചു.
അടിസ്ഥാനസൗകര്യ വികസനം, കലിമന്തനില്‍ പുതിയ തലസ്ഥാന നഗരം നിര്‍മിക്കല്‍ തുടങ്ങി രാജ്യ വികസനത്തെ പിന്താങ്ങുന്ന തന്ത്രപ്രധാന പദ്ധതികള്‍ക്കാവും ഇന്തോനേഷ്യന്‍ സോവറീന്‍ ഫണ്ട് ഊന്നല്‍ നല്‍കുക. സ്വകാര്യ മേഖലയും സര്‍ക്കാര്‍ സംരംഭങ്ങളും നടപ്പിലാക്കുന്ന പദ്ധതികളില്‍ ഇന്തോനേഷ്യ ഇന്‍വെസ്റ്റ്‌മെന്റ് അതോറിട്ടി നിക്ഷേപം നടത്തിയേക്കുമെന്നും നിക്ഷേപം നടത്താനും വായ്പയെടുക്കാനും അതോറിട്ടിക്ക് അധികാരമുണ്ടാകുമെന്നും ഫിച്ച് റേറ്റിംഗ്‌സ് അഭിപ്രായപ്പെട്ടു. എണ്ണ, വാതക പദ്ധതികളേക്കാള്‍ ടോള്‍ റോഡുകള്‍ പോലുള്ള പദ്ധതികള്‍ക്കാവും അതോറിട്ടി പ്രഥമ പരിഗണന നല്‍കുകയെന്നും ഫിച്ച് വിലയിരുത്തി. അതേസമയം വന്‍കിട അടിസ്ഥാന സൗകര്യ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ഫണ്ടിന് അധിക മൂലധനം ആവശ്യമായി വരുമെന്നും എന്നാല്‍ കൂടുതല്‍ വിദേശ പങ്കാളികളെ ആകര്‍ഷിക്കാനായാല്‍ ധനസമാഹരണത്തിന് ഫണ്ടിന് കൂടുതല്‍ സാധ്യകള്‍ ഉണ്ടാകുമെന്നും റേറ്റിംഗ് ഏജന്‍സി അഭിപ്രായപ്പെട്ടു. യുഎസ് ഇന്റെര്‍നാഷണല്‍ ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ പോലുള്ള നിരവധി വിദേശ ഫണ്ടുകളും സര്‍ക്കാര്‍ പിന്തുണയോടെയുള്ള വികസന ഏജന്‍സികളും ഇന്തോനേഷ്യ ഇന്‍വെസ്റ്റ്‌മെന്റ് അതോറിട്ടിയില്‍ നിക്ഷേപ താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്.
യുഎഇ-ഇന്തോനേഷ്യ വീക്ക് 2021ന് പിന്നാലെയാണ് യുഎഇ ഫണ്ടില്‍ പത്ത് ബില്യണ്‍ നിക്ഷേപിക്കുമെന്ന പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. യുഎഇ-ഇന്തോനേഷ്യ വീക്ക് 2021ല്‍ തുറമുഖങ്ങള്‍, ലോജിസ്റ്റിക്‌സ്, തന്ത്രപ്രധാന, പ്രതിരോധ വ്യവസായങ്ങള്‍, ഊര്‍ജം, ടൂറിസം, സര്‍ഗാത്മക സമ്പദ് വ്യവസ്ഥ എന്നിവയുമായി ബന്ധപ്പെട്ട് നിരവധി സഹകരണ കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചിരുന്നു. രാഷ്ട്രീയം, സാമ്പത്തികം, സാംസ്‌കാരികം തുടങ്ങിയ മേഖലകളില്‍ യുഎഇയും ഇന്തോനേഷ്യയും തമ്മില്‍ ശക്തമായ ബന്ധമാണുള്ളത്. 1976ലാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഔദ്യോഗിക നയതന്ത്ര ബന്ധങ്ങള്‍ ആരംഭിച്ചത്. 1978 ഒക്ടോബറിലാണ് അബുദാബിയില്‍ ഇന്തോനേഷ്യന്‍ എംബസ്സി പ്രവര്‍ത്തനം ആരംഭിച്ചത്.1990ല്‍ ഖേഷ് സായിദിന്റെ ചരിത്രപ്രധാന ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തിന് തൊട്ടടുത്ത വര്‍ഷം ജക്കാര്‍ത്തയില്‍ യുഎഇ എംബസ്സിയും ആരംഭിച്ചു.
2019ല്‍ യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്തോനേഷ്യ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം ഇന്തോനേഷ്യന്‍ പ്രസിഡന്റ് യുഎഇ സന്ദര്‍ശനം നടത്തി. ഇന്തോനേഷ്യയുമായി 23 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ കരാറുകളിലാണ് അന്ന് യുഎഇ ഒപ്പുവെച്ചത്. ഇന്തോനേഷ്യയില്‍ എണ്ണയില്‍ നിന്നും പെട്രോകെമിക്കലുകള്‍ നിര്‍മിക്കുന്ന സംരംഭം ആരംഭിക്കുന്നതിനായി പെര്‍ടാമിന, ചന്ദ്ര അസ്രി എന്നീ കമ്പനികളുമായി അബുദാബി നാഷണല്‍ ഓയില്‍ കമ്പനി പ്രാഥമിക കരാറില്‍ ഒപ്പുവെച്ചിരുന്നു. അബുദാബി ആസ്ഥാനമായ സംശുദ്ധ ഊര്‍ജ കമ്പനിയായ മസ്ദറും ഇന്തോനേഷ്യയിലെ പൊതുമേഖല വൈദ്യുതി കമ്പനിയുമായി വൈദ്യുതി വാങ്ങുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചിരുന്നു. രാജ്യത്തെ ആദ്യ ഫ്‌ളോട്ടിംഗ് സോളാര്‍ ഫോട്ടോവോള്‍ട്ടായിക് നിലയത്തിന്റെ വികസനവും ഈ കരാറിന്റെ ഭാഗമാണ്.
ഇരുരാജ്യങ്ങളും തമ്മില്‍ ഏതാണ്ട് 3.7 ബില്യണ്‍ ഡോളറിന്റെ വ്യാപാര, സാമ്പത്തിക ബന്ധങ്ങളാണുള്ളത്.