യുഎഇയില്‍ ഇ-കൊമേഴ്‌സ് മേഖല ശക്തിയാര്‍ജിക്കുന്നു; ഷോപ്പുകളുടെ എണ്ണത്തില്‍ 21 ശതമാനം വളര്‍ച്ച
1 min readകോവിഡ്-19ന് മുമ്പ് യുഎഇയിലെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയ്ക്ക് രാജ്യത്തെ മൊത്തം ജിഡിപിയില്‍ 4.3 ശതമാനം പങ്കാളിത്തമാണ് ഉണ്ടായിരുന്നത്
ദുബായ്: യുഎഇയില്‍ ഓണ്‍ലൈന്‍ വ്യാപാരം കൂടുതല്‍ ശക്തിയാര്‍ജിക്കുന്നു. ഇ-കൊമേഴ്‌സ് മേഖലയിലെ ഉപഭോക്തൃ ചിലവിടലില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. ഓണ്‍ലൈന്‍ ഷോപ്പുകെലുടെ എണ്ണത്തില്‍ 21 ശതമാനം വളര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷം രാജ്യത്ത് രേഖപ്പെടുത്തിയത്. ഓണ്‍ലൈന്‍ ഷോപ്പിംഗിന് ഡിമാന്‍ഡ് വര്‍ധിക്കുന്ന കാഴ്ചയാണ് പകര്‍ച്ചവ്യാധിക്കാലത്ത് ലോകം കണ്ടത്. കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ 900 ബില്യണ്‍ ഡോളറിന്റെ ഓണ്‍ലൈന്‍ വ്യാപാരം നടന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
പശ്ചിമേഷ്യന്‍ മേഖലയിലെ മുന്‍നിര ഓണ്‍ലൈന്‍ റീട്ടെയ്ല്‍ മാര്‍ക്കറ്റായ യുഎഇയില്‍ 2019-2020 കാലയളവില്‍ വലിയ രീതിയില്‍ വില്‍പ്പന നടക്കുന്ന ഇ-കൊമേഴ്‌സ് വ്യാപാര പങ്കാളികളുടെ എണ്ണത്തില്‍ 44 ശതമാനം വളര്‍ച്ചയുണ്ടായെന്നാണ് മാസ്റ്റര്‍കാര്‍ഡിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കോവിഡ്-19ന്റെ സാഹചര്യത്തില്‍ ഭൂരിഭാഗം ആളുകളും വീടുകള്‍ക്കുള്ളില്‍ തന്നെ തുടരുന്നതിനാല്‍ പലചരക്ക് സാധനങ്ങള്‍ മുതല്‍ പൂന്തോട്ട പരിപാലന സാമഗ്രികള്‍ വരെ ഓണ്‍ലൈനായി വാങ്ങുന്ന ശീലം ആളുകളില്‍ വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം റീട്ടെയ്ല്‍ രംഗത്ത് ഉപഭോക്താക്കള്‍ ചിലവിട്ട ഓരോ അഞ്ച് ഡോളറില്‍ ഒരു ഡോളര്‍ ഇ-കൊമേളഴ്‌സ് മേഖലയിലേക്കാണ് എത്തിയതെന്ന് മാസ്റ്റര്‍കാര്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2019ല്‍ ഓരോ ഏഴ് ഡോളറിനും ഒരു ഡോളര്‍ എന്നതായിരുന്നു റീട്ടെയ്ല്‍ രംഗത്തെ ഇ-കൊമേഴ്‌സ് വില്‍പ്പനയുടെ അനുപാതം.
ദുബായ് ഫ്യൂച്ചര്‍ ഫൗണ്ടേഷനില്‍ നിന്നുള്ള വിവരപ്രകാരം കോവിഡ്-19 പകര്‍ച്ചവ്യാധിക്ക് മുമ്പ് യുഎഇയിലെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയ്ക്ക് രാജ്യത്തെ ജിഡിപിയിലുള്ള പങ്കാളിത്തം 4.3 ശതമാനമായിരുന്നു. ഓണ്‍ലൈന്‍ ഷോപ്പിംഗിലെ നിലവിലെ പ്രവണത കണക്കിലെടുക്കുമ്പോള്‍ 2023ഓടെ രാജ്യത്തെ ഇ-കൊമേഴ്‌സ് രംഗം 62.8 ബില്യണ്‍ ഡോളര്‍ വലുപ്പത്തില്‍ എത്തുമെന്നാണ് ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍ പ്രതീക്ഷിക്കുന്നത്. കോവിഡ്-19നുമായി ബന്ധപ്പെട്ട് ലോകത്ത് ഡിജിറ്റല്‍ ഇടപാടുകളിലുണ്ടായ മാറ്റത്തിന്റെ 20-30 ശതമാനം എന്നന്നേക്കും നിലനില്‍ക്കുമെന്നാണ് മാസ്റ്റര്‍കാര്‍ഡ് റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നത്.
ഗള്‍ഫ് മേഖലയിലെ ഓണ്‍ലൈന്‍ ഷോപ്പിംഗ് മാര്‍ക്കറ്റ് ഈ വര്‍ഷം കൂടുതല്‍ വളര്‍ച്ച നേടുമെന്നും 2021 അവസാനത്തോടെ 30 ബില്യണ്‍ ഡോളര്‍ മൂല്യത്തിലേക്ക് ഉയരുമെന്നും മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെയും വംദയുടെയും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2020 അവസാനം 22 ബില്യണ്‍ ഡോളറായിരുന്നു പ്രാദേശിക ഇ-കൊമേഴ്‌സ് വിപണിയുടെ മൂല്യം. സൗദി അറേബ്യ, ഈജിപ്ത്, യുഎഇ എന്നീ രാജ്യങ്ങളില്‍ ഇ-കൊമേഴ്‌സിലുണ്ടായ വളര്‍ച്ചയാണ് മേഖലയുടെ മൊത്തത്തിലുള്ള ഓണ്‍ലൈന്‍ വളര്‍ച്ചയ്ക്ക് പിന്നില്‍. ഗള്‍ഫ് മേഖലയുടെ മൊത്തത്തിലുള്ള ഇ-കൊമേഴ്‌സ് വിപണിയുടെ 80 ശതമാനവും ഈ മൂന്ന് രാജ്യങ്ങളിലാണ്. 2024ഓടെ സൗദി അറേബ്യയില്‍ ഇ-കൊമേഴ്‌സ് വിപണിയുടെ വലുപ്പം 8.2 ബില്യണ്‍ ഡോളറാകുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നു.
ആഗോളതലത്തില്‍ വെബ്‌സൈറ്റുകളിലൂടെയും ഓണ്‍ലൈന്‍ മാര്‍ക്കറ്റ്് ഇടങ്ങളിലൂടെയും ഷോപ്പിംഗ് നടത്തുന്നവരുടെ എണ്ണത്തില്‍ മുമ്പൊന്നും കാണാത്ത വര്‍ധനയുണ്ടായിട്ടുണ്ടെന്നാണ് മാസ്റ്റര്‍കാര്‍ഡിന്റെ സര്‍വ്വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇറ്റലി, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകളിലൂടെ സാധനങ്ങള്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ 33 ശതമാനം വര്‍ധനയാണ് ഉണ്ടായത്. റഷ്യ (29 ശതമാനം), യുകെ (22 ശതമാനം), യുഎഇ (21 ശതമാനം) എന്നീ രാജ്യങ്ങളിലും ഓണ്‍ലൈന്‍ വില്‍പ്പനയില്‍ കാര്യമായ വളര്‍ച്ചയുണ്ടായിട്ടുണ്ട്.
ആളുകള്‍ വീട്ടില്‍ കുടുങ്ങിപ്പോയ അവസ്ഥയില്‍ ഇ-കൊമേഴ്‌സ് മുഖേന അവരുടെ കയ്യിലുള്ള പണം വളരെ ദൂരം സഞ്ചരിച്ചുവെന്ന് മാസ്റ്റര്‍കാര്‍ഡിലെ മുഖ്യ സാമ്പത്തിക വിദഗ്ധനും മാസ്റ്റര്‍കാര്‍ഡ് ഇക്കോണമിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവിയുമായ ബ്രിക്ലിന്‍ ഡ്യൂവര്‍ പറഞ്ഞു. ഇതുമൂലം പല നേട്ടങ്ങളും ഉണ്ടായി. രാജ്യങ്ങളും കമ്പനികളും നേട്ടങ്ങള്‍ക്കായി ഡിജിറ്റല്‍രംഗത്തെ വ്യാപകമായി ഉപയോഗപ്പെടുത്തി തുടങ്ങി. വളരെ ചെറിയ ബിസിനസുകള്‍ക്ക് പോലും ഡിജിറ്റല്‍രംഗത്തേക്കുള്ള ചുവടുവെപ്പ് വലിയ നേട്ടമേകിയതായി തങ്ങളുടെ പഠനത്തിലൂടെ വ്യക്തമായതായി ഡ്യൂവര്‍ പറഞ്ഞു.
പകര്‍ച്ചവ്യാധി ആഗോളതലത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് വഴിവെച്ചെങ്കിലും ഡിജിറ്റല്‍വല്‍ക്കരണത്തിന് പകര്‍ച്ചവ്യാധി ഏറെ ഗുണം ചെയ്തു. പകര്‍ച്ചവ്യാധിക്ക് മുമ്പ് ഡിജിറ്റല്‍ രംഗത്ത് ചെറിയ സാന്നിധ്യമുണ്ടായിരുന്ന കമ്പനികള്‍ പോലും പകര്‍ച്ചവ്യാധിക്കാലത്ത് ഓണ്‍ലൈന്‍ ഷോപ്പിംഗിന് ഡിമാന്‍ഡ് ഏറിയതോടെ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കി. പകര്‍ച്ചവ്യാധിക്കാലത്ത് ആഗോളതലത്തില്‍ ഇ-കൊമേഴ്‌സ് രംഗം 25-30 ശതമാനം വളര്‍ച്ചയാണ് നേടിയത്.