യെമന് യുഎഇ 230 മില്യണ്‍ ഡോളര്‍ സഹായം പ്രഖ്യാപിച്ചു
1 min read2015ന് ശേഷം ആറ് ബില്യണ്‍ ഡോളറിന്റെ സഹായം യുഎഇ യെമന് നല്‍കിയിട്ടുണ്ട്
ദുബായ്: യുദ്ധക്കെടുതികള്‍ അനുഭവിക്കുന്ന യെമന് 230 മില്യണ്‍ ഡോളര്‍ അധിക സഹായം നല്‍കാന്‍ യുഎഇ തീരുമാനം. യെമനിലെ ആരോഗ്യം, പോഷണം, ഭക്ഷ്യ സുരക്ഷ തുടങ്ങിയ മേഖലകളിലെ ആവശ്യങ്ങള്‍ നിറവേറുന്നതിനുള്ള അന്താരാഷ്ട്ര പദ്ധതികള്‍ക്കാണ് ഈ ഫണ്ടിംഗ് ലഭ്യമാകുക.
2015ന് ശേഷം 6 ബില്യണ്‍ ഡോളറിന്റെ സഹായങ്ങള്‍ യുഎഇ യെമന് നല്‍കിയിട്ടുണ്ട്. പ്രധാനമായും വിദ്യാഭ്യാസം, അവശ്യ സേവനങ്ങള്‍ തുടങ്ങി മാനുഷിക പരിഗണന അര്‍ഹിക്കുന്ന മേഖലകളിലാണ് യുഎഇ യെമന് സഹായം നല്‍കിയിട്ടുള്ളത്. യെമനിലെ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവുമധികം സഹായം നല്‍കുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ എന്ന് ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു. പകര്‍ച്ചവ്യാധിക്കാലത്ത് 122 ടെണ്‍ മെഡിക്കല്‍ ഉപകരണങ്ങളാണ് യുഎഇ യെമനിലേക്ക് അയച്ചതെന്ന് യുഎഇയിലെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിന്റ് ഇബ്രാഹിം അല്‍ ഹാഷ്മി പറഞ്ഞു.
യെമന് ജനതയുടെ ജീവിത സാഹചര്യങ്ങള്‍, പ്രത്യേകിച്ച് ആരോഗ്യം, ഭക്ഷ്യ സുരക്ഷ, പോഷകാഹാരക്കുറവ് തുടങ്ങിയവ യുഎഇ നിരന്തരമായി നിരീക്ഷിക്കുന്നുണ്ടെന്നും ഹാഷ്മി കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ അവശ്യ ജനവിഭാഗങ്ങളിലേക്ക് സഹായങ്ങള്‍ എത്തിച്ചേരുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ഐക്യരാഷ്ട്ര സഭയുമായും മറ്റ് അന്താരാഷ്ട്ര സന്നദ്ധ സംഘടനകളുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ച് വരികയാണെന്നും മന്ത്രി അറിയിച്ചു.
യെമന്‍ പ്രതിസന്ധിയില്‍ രാഷ്ട്രീയമായ പ്രശ്‌ന പരിഹാരത്തെയാണ് യുഎഇ പിന്തുണയ്ക്കുന്നതെന്ന് അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട യെമന്‍ സര്‍ക്കാരും സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സിലും തമ്മിലുള്ള അധികാരം പങ്കിടല്‍ കരാറിന് വേണ്ടി ശ്രമം നടത്തുന്ന സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ ഇടപെടല്‍ ഉദ്ദേശിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.