സുപ്രധാന മേഖലകളെ ശാക്തീകരിക്കാന്‍ 30 ബില്യണ്‍ ദിര്‍ഹത്തിന്റെ പദ്ധതിയുമായി യുഎഇ
സുപ്രധാന മേഖലകളിലെ 13,500ത്തോളം കമ്പനികള്‍ക്ക് വരുംവര്‍ഷങ്ങളില്‍ സാമ്പത്തിക സഹായമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം
ദുബായ്: 30 ബില്യണ്‍ ദിര്‍ഹത്തിന്റെ സാമ്പത്തിക സഹായം ഉള്‍പ്പെടുന്ന എമിറേറ്റ്‌സ് ഡെവലപ്‌മെന്റ് ബാങ്ക്(ഇഡിബി) നയത്തിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അംഗീകാരം. വരും ദശാബ്ദത്തില്‍ രാജ്യത്തെ വ്യാവസായിക മേഖലയുടെ വലുപ്പം ഇരട്ടിയാക്കുന്നതിനുള്ള ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് പിന്തുണ നല്‍കിക്കൊണ്ട് സുപ്രധാന മേഖലകളിലെ കമ്പനികള്‍ക്ക് ധനസഹായം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഷേഖ് മുഹമ്മദാണ് പദ്ധതി പ്രഖ്യാപനം നടത്തിയത്. സുപ്രധാന മേഖലകളിലെ 13,500 കമ്പനികളില്‍ 25,000 തൊഴിലുകള്‍ സൃഷ്ടിക്കുന്നതിന് ഈ ഇഡിബിയുടെ ഈ ധനസഹായത്തിന് കഴിയുമെന്ന് ഷേഖ് ട്വിറ്ററില്‍ കുറിച്ചു. ദേശീയ സമ്പദ് വ്യവസ്ഥയുടെ വികസനത്തിന് കരുത്ത് പകരാന്‍ ഇഡിബിയുടെ ഈ നയത്തിലൂടെ സാധിക്കുമെന്ന് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനകളുടെ ഉപ സര്‍വ്വ സൈന്യാധിപനായ ഷേഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.
സമ്പദ് വ്യവസ്ഥയില്‍ രാജ്യത്തെ വ്യാവസായിക മേഖലയ്ക്കുള്ള പങ്ക് ഇരട്ടിയാക്കുന്നതിനായി ഓപ്പറേഷന്‍ 300 ബില്യണ്‍ എന്ന പുതിയ വ്യാവസായിക നയം കഴിഞ്ഞിടെ യുഎഇ പ്രഖ്യാപിച്ചിരുന്നു. 2031ഓടെ വ്യാവസായിക മേഖലയുടെ സാമ്പത്തിക പങ്കാളിത്തം നിലവിലെ 133 ബില്യണ്‍ ദിര്‍ഹത്തില്‍ നിന്നും 300 ബില്യണ്‍ ദിര്‍ഹമാക്കി ഉയര്‍ത്തുന്നതിനുള്ള പദ്ധതികളാണ് ഓപ്പറേഷന്‍ 300ല്‍ ഉള്‍പ്പെടുന്നത്. വ്യാവസായിക, നൂതന സാങ്കേതികവിദ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. യുഎഇയില്‍ ഉല്‍പ്പാദകരായിരിക്കുന്നതിലെ നേട്ടങ്ങള്‍ ബോധ്യപ്പെടുത്തുന്ന മെയ്ക്ക് ഇറ്റ് ഇന്‍ ദ എമിറേറ്റ്‌സ് ക്യാംപെയിനും പദ്ധതിയുടെ ഭാഗമായി നടക്കും.
ഓപ്പറേഷന്‍ 300, മെയ്ക്ക് ഇറ്റ് ഇന്‍ ദ എമിറേറ്റ്‌സ് ഉദ്യമങ്ങളിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ ഉത്തേജിപ്പിക്കാനും മത്സരക്ഷമത മെച്ചപ്പെടുത്താനും സ്വയം പര്യാപ്തത വര്‍ധിപ്പിക്കാനും സാധിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. വ്യാവസായിക മേഖലയിലെ ഗവേഷണ വികസന രംഗത്തെ ചിലവിടല്‍ 2031ഓടെ നിലവിലെ 21 ബില്യണ്‍ ദിര്‍ഹത്തില്‍ നിന്നും 57 ബില്യണ്‍ ദിര്‍ഹമാക്കാനും യുഎഇ പദ്ധതിയിടുന്നുണ്ച്. ഇതിലൂടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ഗവേഷണ വികസന മേഖലയില്‍ നിന്നുള്ള സംഭാവന നിലവിലെ1.3 ശതമാനത്തില്‍ നിന്നും 2 ശതമാനമായി ഉയരുമെന്നാണ് കരുതുന്നത്.