ഖാലിദ് അല്‍ തമീമി യുഎഇയിലെ കേന്ദ്രബാങ്ക് ഗവര്‍ണറായി നിയമിതനായി
നേരത്തെ കേന്ദ്രബാങ്കിന്റെ ഡെപ്യൂട്ടി ഗവര്‍ണറായിരുന്നു
ദുബായ്: ഖാലിദ് മുഹമ്മദ് ബലാമ അല്‍ തമീമിയെ യുഎഇ കേന്ദ്രബാങ്ക് ഗവര്‍ണറായി നിയമിതനായി. യുഎഇ പ്രസിഡന്റ് ഷേഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഖാലിദ് അല്‍ തമീമിയെ ഗവര്‍ണറായി നിയമിച്ച് കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
ബാങ്കിംഗ്, ധനകാര്യ സേവനം, ആസ്തി പരിപാലനം, നിക്ഷേപ മേഖലകളില്‍ മുപ്പത് വര്‍ഷത്തെ പരിചയ സമ്പത്തുള്ള വ്യക്തിയാണ് അല്‍ തമീമി. മുമ്പ് കേന്ദ്രബാങ്ക്, ജനറല്‍ പെന്‍ഷന്‍ ആന്‍ഡ് സോഷ്യല്‍ സെക്യൂരിറ്റി അതോറിട്ടി, എമിറേറ്റ്‌സ് ഇന്റെഗ്രേറ്റ് ടെലികമ്മ്യൂണിക്കേഷന്‌സ് കമ്പനി എന്നിവയുടെ ബോര്‍ഡംഗമായിരുന്നു. ഈ വര്‍ഷം ഫെബ്രുവരി മുതല്‍ കേന്ദ്രബാങ്കിന്റെ ഡെപ്യൂട്ടി ഗവര്‍ണറായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. 2020 ഏപ്രിലില്‍ ഗവര്‍ണറായി നിയമിതനായ അബ്ദുള്‍ഹമീദ് സയീദ് അലഹദിയില്‍ നിന്നുമാണ് അല്‍ തമീമി ഗവര്‍ണറിന്റെ ചുമതല ഏറ്റെടുക്കുക.
യുഎഇയുടെ സഹ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ അഫയേഴ്‌സ് മന്ത്രിയം കേന്ദ്രബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ഷേഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ അധ്യക്ഷതയില്‍ ബുധനാഴ്ച ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ഗവര്‍ണറെ തെരഞ്ഞെടുത്തത്. ദേശീയ ബാങ്കുകളും ഇന്‍സ്റ്റിറ്റിയൂഷനുകളും സ്ഥാപിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷകള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചു. ഇയര്‍ ഓഫ് ഫിഫ്റ്റിക്കായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി പേപ്പര്‍ കറന്‍സി പുറത്തിറക്കുന്നതിനും ബോര്‍ഡ് അനുമതി നല്‍കി.
കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ മറികടക്കുന്നതിന്റെ ഭാഗമായി യുഎഇ കഴിഞ്ഞ വര്‍ഷം കോടിക്കണക്കിന് ദിര്‍ഹത്തിന്റെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ഭൂരിഭാഗം ധന സഹായ പദ്ധതികളും തിരിച്ചടവുകളില്‍ ഇളവുകള്‍ അനുവദിക്കുന്നതിനുള്ള ധനസഹായ പദ്ധതികളായിരുന്നു. ഈ വര്‍ഷം യുഎഇ സമ്പദ് വ്യവസ്ഥ 3.1 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് അന്താരാഷ്ട്ര നാണ്യനിധിയുടെ അനുമാനം. കഴിഞ്ഞ വര്‍ഷം സമ്പദ് വ്യവസ്ഥ ആറ് ശതമാനം സാമ്പത്തിക ചുരുക്കം നേരിട്ട സ്ഥാനത്താണിത്.