സുസ്ഥിര ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാന്‍ കേരളത്തിന് കഴിയും: ഐകെജിഎസ്

കൊച്ചി: തന്ത്രപരമായ നിക്ഷേപങ്ങള്‍, സുസ്ഥിര വികസനം, അഭിവൃദ്ധി പ്രാപിച്ച വ്യാവസായിക ആവാസവ്യവസ്ഥ എന്നിവയിലൂടെ 2047 ഓടെ കേരളം 88 ലക്ഷം കോടി രൂപ (1 ട്രില്യണ്‍ ഡോളര്‍) സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് വിദഗ്ധര്‍. കൊച്ചി ലുലു ബോള്‍ഗാട്ടി ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന ദ്വിദിന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി (ഐകെജിഎസ് 2025) യില്‍ ‘കേരളം ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്ക്’ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയിലാണ് ഈ അഭിപ്രായമുയര്‍ന്നത്. ഇന്ത്യയിലെ ആദ്യത്തെ സുസ്ഥിര ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാന്‍ കേരളത്തിന് കഴിയുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 2000 മുതല്‍ കേരളത്തിന്‍റെ മൊത്ത സംസ്ഥാന ആഭ്യന്തര ഉല്‍പ്പാദനം (ജിഎസ്ഡിപി) ഓരോ 6-7 വര്‍ഷത്തിലും ഇരട്ടിയായെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെഎസ്ഐഡിസി ചെയര്‍മാന്‍ സി. ബാലഗോപാല്‍ പറഞ്ഞു. വ്യവസായിക സൗഹൃദ ആവാസവ്യവസ്ഥയും തന്ത്രപരമായ നിക്ഷേപങ്ങളും സുസ്ഥിര വികസനവുമാണ് വളര്‍ച്ചയ്ക്കുള്ള പ്രധാന ഘടകങ്ങള്‍. 1950-70 വരെയുള്ള കാലയളവില്‍ ഭൂപരിഷ്കരണം തുല്യ സമൂഹത്തെയും സാമ്പത്തിക വിതരണ ക്രമവും സൃഷ്ടിച്ചുവെന്ന് ബാലഗോപാല്‍ ചൂണ്ടിക്കാട്ടി. 1980-90 മുതല്‍ ഉല്‍പ്പാദനക്ഷമമായ തൊഴില്‍ ശക്തിയും ഉയര്‍ന്ന മാനവ വികസന സൂചികയും നേടാന്‍ കേരളത്തിനായി. 1990-2000 കാലഘട്ടത്തില്‍ മൂന്ന് ഐടി പാര്‍ക്കുകളുടെയും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെയും ജനനത്തോടെയാണ് ഐടിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇത് ആധുനിക സമ്പദ് വ്യവസ്ഥയ്ക്ക് അടിത്തറ പാകി. 2000-ത്തിന് ശേഷം ടൂറിസത്തിലും സുസ്ഥിര വികസനത്തിലും ഗണ്യമായ വളര്‍ച്ചയ്ക്ക് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ 0.72 ട്രില്യണ്‍ ഡോളറില്‍ നിന്ന് 3.86 ട്രില്യണ്‍ ഡോളറായി വളര്‍ന്നുവെന്ന് ഐബിഎസ് സ്ഥാപകനും എക്സിക്യുട്ടീവ് ചെയര്‍മാനുമായ വികെ മാത്യൂസ് പറഞ്ഞു. 2004-05 ല്‍ കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥ 0.97 ലക്ഷം കോടിയായിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 13.1 ലക്ഷം കോടിയായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. സംസ്ഥാനത്തിന് 1 ട്രില്യണ്‍ ഡോളര്‍ ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്ന് മാത്യൂസ് ചൂണ്ടിക്കാട്ടി. ഇന്ന് ആഗോള സമ്പദ്വ്യവസ്ഥയുടെ 17 ശതമാനം ഡിജിറ്റല്‍ ആണ്. ഇത് ഏകദേശം 18 ട്രില്യണ്‍ ഡോളര്‍ വരും. ഇക്കാര്യത്തില്‍ നമ്മള്‍ ഇനിയും വളരേണ്ടതുണ്ട്. മാലിന്യ സംസ്കരണം, അടിസ്ഥാന സൗകര്യ വികസനം. ഡിജിറ്റലൈസേഷന്‍ എന്നിവയിലൂന്നിയ കേരളമാണ് സംരംഭകത്വത്തിന് ആവശ്യമെന്നും ഇതിനായി സര്‍ക്കാര്‍ ഏറ്റവും മികച്ച നിയമങ്ങളും ചട്ടങ്ങളും സൃഷ്ടിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കിടയിലും സുസ്ഥിര വികസന സംരംഭങ്ങള്‍ക്കിടയിലും കൂടുതല്‍ ഏകോപനത്തിന്‍റെ ആവശ്യകതയെക്കുറിച്ച് ഒഇഎന്‍ ഇന്ത്യ ലിമിറ്റഡ് എംഡി പമേല അന്ന മാത്യു പറഞ്ഞു. പരിസ്ഥിതിയും സാമൂഹിക ഉത്തരവാദിത്തവും പരിഗണിച്ചു കൊണ്ടുള്ള സംരംഭങ്ങള്‍ക്കാണ് കേരളത്തിന്‍റെ നിക്ഷേപ മേഖലയില്‍ ഊന്നല്‍ നല്‍കേണ്ടതെന്ന് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് എംഡി അദീബ് അഹമ്മദ് പറഞ്ഞു. നൈപുണ്യ ശേഷിയിലും സാങ്കേതിക രംഗത്തും മുന്‍പന്തിയിലുള്ള കേരളം വൈജ്ഞാനിക സമ്പദ് വ്യവസ്ഥ എന്ന നിലയിലുള്ള വളര്‍ച്ചയില്‍ ഏറെ മുന്നേറിയെന്ന് ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍ നവാസ് മീരാന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങള്‍ നിരവധിയാണ്. എംഎസ്എംഇ മേഖലകളില്‍ വൈവിധ്യമാര്‍ന്ന സംരംഭകത്വത്തിനും തൊഴിലിനും സാധ്യത ഏറെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്‍വെസ്റ്റ് ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്‍റും ചീഫ് സ്ട്രാറ്റജി ഓഫീസറുമായ സിദ്ധാര്‍ഥ് നാരായണന്‍ സംസാരിച്ചു. ദി ഇക്കണോമിക് ടൈംസ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ശ്രുതിജിത്ത് കെകെ മോഡറേറ്ററായി.