November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വിഭവങ്ങളുടെ യുക്തിപൂര്‍വമായ ഉപയോഗം കൊവിഡാനന്തര ഇന്ത്യയെ ശക്തിപ്പെടുത്തും

തിരുവനന്തപുരം: ഉദാരവ്തകരണത്തിന്‍റെ ഭാഗമായി രാജ്യത്തെ സാമ്പത്തിക അസമത്വം വര്‍ധിച്ചിട്ടുണ്ടെങ്കിലും പ്രകൃതി വിഭവങ്ങളുടെ യുക്തിപൂര്‍വമായ ഉപയോഗം രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാകുമെന്ന് തമിഴ്നാട് ധനകാര്യമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ പറഞ്ഞു. ആഗോളതലത്തിലുണ്ടായിരിക്കുന്ന മാന്ദ്യം മുതലെടുക്കാന്‍ ഇന്ത്യയ്ക്ക് ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഭാവി എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെമിക്കല്‍ എന്‍ജിനീയറിംഗില്‍ ഡോക്ടറേറ്റും അമേരിക്കയിലെ എംഐടിയില്‍ നിന്ന് എംബിഎയും നേടിയ വ്യക്തിയാണ് പളനിവേല്‍ ത്യാഗരാജന്‍.

പൂര്‍വേഷ്യന്‍ ശക്തികളായ ജപ്പാനും ദക്ഷിണ കൊറിയയും വിദേശത്ത് നിക്ഷേപ സാധ്യതകള്‍ ആരായുകയാണ്. നിലവിലെ ആഗോള സാമ്പത്തിക മാന്ദ്യം അത്ര രൂക്ഷമല്ലെന്നതിനാല്‍ ശ്രദ്ധാപൂര്‍വം നീങ്ങിയാല്‍ ഇന്ത്യയ്ക്ക് ഏറെ മെച്ചമുണ്ടാക്കാന്‍ സാധിക്കും.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

പുനരുപയോഗ ഊര്‍ജ്ജത്തിന്‍റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ രാജ്യത്തിന് കഴിയും. തമിഴ്നാട്ടില്‍ കാറ്റില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് വലിയ സാധ്യതയുണ്ട്. ഉത്തരേന്ത്യയില്‍ സൗരോര്‍ജ്ജത്തിന് അനന്ത സാധ്യതയാണുള്ളത്.

മൂലധനമില്ലാത്തതിനാല്‍ ഇന്ത്യ വിദേശനിക്ഷേപത്തിനായി ഉറ്റുനോക്കുകയാണ്. പുറംരാജ്യങ്ങളില്‍ നിന്ന് നിക്ഷേപത്തിന് ശ്രമിക്കുകയും സാമ്പത്തികസഹകരണം ശക്തിപ്പെടുത്തുകയുമാണ് ചെയ്യേണ്ടത്. രാജ്യത്ത് 30 ശതമാനം തൊഴിലില്ലായ്മയുള്ള സാഹചര്യത്തില്‍ ഈ നീക്കം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കണക്കിലുള്ള മെച്ചം സാമ്പത്തികവളര്‍ച്ചയെ സൂചിപ്പിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വളര്‍ച്ച ഗുണമേന്‍മയുള്ളതാകണം. സ്വതന്ത്രവ്യാപാരകരാര്‍ രാജ്യത്തിന്‍റെ സാമ്പത്തികവളര്‍ച്ച വര്‍ധിപ്പിച്ചെങ്കിലും അസമത്വം വളര്‍ന്നു. രാജ്യത്തെ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന രണ്ട് സംസ്ഥാനങ്ങളായ മഹാരാഷ്ട്രയിലെയും തമിഴ്നാട്ടിലെയും ആളോഹരി വരുമാനം ഈ പട്ടികയിലെ അവസാനമുള്ള സംസ്ഥാനങ്ങളെക്കാള്‍ ഇരട്ടിയായിരുന്നു. സമീപകാലത്തെ പഠനങ്ങളില്‍ അത് വീണ്ടും വഷളായി അഞ്ച് മടങ്ങിലധികമായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ
ഉദാരവത്കരണത്തിന്‍റെ തുടക്കത്തില്‍ ഇന്ത്യ, ചൈന എന്നിവരുടെ ആളോഹരി വരുമാനം ഏറെക്കുറെ സമാനമായിരുന്നു. ഇന്ന് ചൈനയുടേത് ഇന്ത്യയേക്കാള്‍ മൂന്നു മുതല്‍ അഞ്ച് ശതമാനം അധികമാണ്. എന്‍ഡിഎ സര്‍ക്കാര്‍ 2014 ല്‍ അധികാരമേറ്റെടുത്തതു മുതല്‍ സാമൂഹ്യസുരക്ഷയ്ക്ക് ഭരണപരിഗണന കുറഞ്ഞു വരികയാണെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യവികസനത്തിലാണ് സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഇതു മൂലം നിക്ഷേപം വരുമെന്നാണ് അവരുടെ വിശ്വാസം. എന്നാല്‍ മുതലാളിത്ത അപ്രമാദിദ്യമാണ് ഇതിന്‍റെ ദോഷഫലമെന്നും പളനിവേല്‍ ത്യാഗരാജന്‍ പറഞ്ഞു.

രാജ്യത്തെ സാമ്പത്തിക നയങ്ങളില്‍ വിപ്ലവകരമായ മാറ്റമാണ് വേണ്ടത്. ജനങ്ങള്‍ക്ക് നയങ്ങളുടെ തുടര്‍ച്ച ആവശ്യമാണ്. സമൂഹത്തില്‍ കൂടുതല്‍ സാഹോദര്യം ആവശ്യമാണ്. തൊഴില്‍ നൈപുണ്യ വികസനവും ലളിതമായ ബിസിനസ് വ്യവസ്ഥകളുമാണ് കാലത്തിന്‍റെ ആവശ്യം.

  'ജൈവം': സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ

കൃഷി മുതലാവില്ലെന്ന യാഥാര്‍ഥ്യം രാജ്യത്തെ പരമ്പരാഗത കര്‍ഷകരെ കൃഷിയിടങ്ങളില്‍ നിന്നും അകറ്റുകയാണ്.  താഴെത്തട്ടിലുള്ള കൃഷി പ്രോത്സാഹിപ്പിക്കുക, എല്ലാ കൃഷിയിടങ്ങളിലും വെള്ളമെത്തിക്കുക, ഇടനിലക്കാരെ ഒഴിവാക്കുകയെന്നതാണ് കാര്‍ഷിക വളര്‍ച്ച ത്വരിതപ്പെടുത്താനുള്ള എളുപ്പവഴിയെന്നും അദ്ദഹം പറഞ്ഞു.

Maintained By : Studio3