കോവിഡ്-19 വാക്‌സിന്‍ വില 300-500 രൂപയ്ക്ക് ഇടയിലായിരിക്കണമെന്ന് നീതി ആയോഗ്
1 min readസ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമായ വാക്‌സിന് മാത്രമായിരിക്കും വില നല്‍കേണ്ടി വരിക, സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ സൗജന്യമായിരിക്കും
ന്യൂഡെല്‍ഹി മാര്‍ച്ച് ഒന്നിന് ആരംഭിക്കുന്ന മൂന്നാംഘട്ട വാക്‌സിന്‍ വിതരണത്തില്‍ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ മുന്‍ഗണനാ വിഭാഗങ്ങളിലുള്ളവര്‍ക്ക് ലഭ്യമായ കോവിഡ്-19 വാക്‌സിന്റെ വില 300 രൂപയ്ക്കും 500 രൂപയ്ക്കും ഇടയിലായിരിക്കണമെന്ന് നീതി ആയോഗ് ശുപാര്‍ശ ചെയ്തതായി റിപ്പോര്‍ട്ട്. വാക്‌സിന്റെ രണ്ട് ഡോസുകള്‍ക്കും കൂടിയാണ് ഈ വില. അതേസമയം ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്റെ വില ഇതിലും അല്‍പ്പം അധികമായിരിക്കും. ഇക്കാര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയമായിരിക്കും അന്തിമ തീരുമാനമെടുക്കുക.
നീതി ആയോഗിലെ ആരോഗ്യ വിഭാഗം പ്രതിനിധി ഡോ.വി കെ പോളും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് ഉദ്യോഗസ്ഥരും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് വാക്‌സിന്‍ വില സംബന്ധിച്ച് നീതി ആയോഗ് ശുപാര്‍ശ സമര്‍പ്പിച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. സ്വകാര്യ ആശുപത്രികളുടെ സര്‍വീസ് ചാര്‍ജ് ഉള്‍പ്പടെയായിരിക്കും ഈ വില. വാക്‌സിന്‍ വിതരണത്തിന്റെ ഭാഗമായി വരുന്ന അധിക ചിലവുകള്‍ നേരിടുന്നതിനായി സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് വാക്‌സിന്‍ ഗുണഭോക്താക്കളില്‍ നിന്നും നൂറ് രൂപ വരെ സര്‍വീസ് ചാര്‍ജ് ഈടാക്കാമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വാക്‌സിന്റെ വിലയ്ക്ക് പുറമേയാണിത്.
നിലവിലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡിന് കേന്ദ്രസര്‍ക്കാര്‍ 210 രൂപയാണ് ഒരു ഡോസിന് നല്‍കുന്നത്. അതേസമയം ഭാരത് ബയോടെക്കിന്റെ കോവാക്‌സിന് ഡോസൊന്നിന് 290 രൂപയാണ് കേന്ദ്രം നല്‍കുന്നത്.
60 വയസിന് മുകളിലുള്ളവരും ഗുരുതര രോഗങ്ങളുള്ള 45 വയസിന് മുകളിലുള്ളവരും ഉള്‍പ്പടെ 27 കോടി ജനങ്ങളെയാണ് നാളെ ആരംഭിക്കുന്ന മൂന്നാംഘട്ട വാക്‌സിനേഷന്‍ യജ്ഞം ലക്ഷ്യമിടുന്നത്. 10,000 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 20,000 സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലുമായിട്ടാണ് മൂന്നാം ഘട്ടം പദ്ധതിയിട്ടിരിക്കുന്നത്. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിന്ന് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് സൗജന്യമായും സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിശ്ചിത തുകയ്ക്കും വാക്സന്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.