യുകെയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം ശക്തം
1 min readഏപ്രിലോടെ മുഴുവന്‍ നിയന്ത്രണങ്ങളും എടുത്തുമാറ്റണമെന്നാണ് ടോറികള്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണോട് ആവശ്യപ്പെട്ടിരിക്കുന്നത്
ലണ്ടന്‍: കോവിഡ്-19 നിയന്ത്രണങ്ങള്‍ എടുത്തുമാറ്റാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിന് ജോണ്‍സണ് മേല്‍ സമ്മര്‍ദ്ദം ശക്തം. രണ്ടര മാസത്തിനുള്ളില്‍ എല്ലാ നിയന്ത്രണങ്ങളും പിന്‍വലിക്കണമെന്നും ഏപ്രിലിന് മുന്‍പായി എല്ലാ നിയന്ത്രണങ്ങളും പിന്‍വലിക്കുന്നതിന് ടൈംടേബിള്‍ തയ്യാറാക്കണമെന്നും കോവിഡ് റിക്കവറി ഗ്രൂപ്പ് (സിആര്‍ജി) പ്രധാനമന്ത്രി ബോറിന് ജോണ്‍സണോട് ആവശ്യപ്പെട്ടു.
അതിവേഗത്തിലുള്ള വാക്‌സിനേഷന്‍ വിതരണമെന്നാല്‍ മാര്‍ച്ച് ആദ്യത്തോടെ ഇംഗ്ലണ്ടിലെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിക്കാമെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് ബോറിസ് ജോണ്‍സണ് അയച്ച കത്തില്‍ സിആര്‍ജി പറഞ്ഞു. പറഞ്ഞ തീയതിക്ക് ശേഷവും ഏതെങ്കിലും രീതിയിലുള്ള നിയന്ത്രണങ്ങള്‍ തുടരുകയാണെങ്കില്‍ അതുമൂലമുള്ള നേട്ടവും എപ്പോള്‍ മുതല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് തുടങ്ങാമെന്നത് സംബന്ധിച്ച പ്ലാനും മന്ത്രിമാര്‍ സമര്‍പ്പിക്കണമെന്നും കത്തില്‍ ആവശ്യമുണ്ട്. സിആര്‍ജി ചെയര്‍മാന്‍ മാര്‍ക് ഹാര്‍പറും ഉപാധ്യക്ഷന്‍ സ്റ്റീവ് ബേക്കറും തയ്യാറാക്കിയിരിക്കുന്ന കത്തിന് 63ഓളം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ജനപ്രതിനിധികളുടെ പിന്തുണയുണ്ടെന്ന് സംഘടന അവകാശപ്പെടുന്നു.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാല്‍ നിലവിലുള്ളതിനേക്കാള്‍ വലിയ വൈറസ് വ്യാപനത്തിന് ബ്രിട്ടന്‍ സാക്ഷിയാകേണ്ടി വരുമെന്ന് സര്‍ക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവ് പ്രഫസര്‍ സ്റ്റീവന്‍ റിലേ മുന്നറിയിപ്പ് നല്‍കിയിരിക്കുന്ന അതേ ഘട്ടത്തില്‍ തന്നെയാണ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ പ്രധാനമന്ത്രിക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമായിരിക്കുന്നത്. വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചുവെന്നാല്‍ കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കാമെന്നല്ല അര്‍ത്ഥമാക്കുന്നതെന്നും ഒരു വാക്‌സിനും സമ്പൂര്‍ണമല്ലെന്നും ബിബിസിയുടെ റേസിയോ പരിപാടിയില്‍ റിലേ പറഞ്ഞു.
അതേസമയം സ്‌കൂളുകള്‍ തുറക്കുന്ന കാര്യം ഇപ്പോഴും മുന്‍ഗണനയിലുണ്ടെന്ന് ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കിയിരുന്നു. കടകളും ഹോസ്പിറ്റാലിറ്റി മേഖലയും തുറന്നതിന് ശേഷമായിരിക്കും സ്‌കൂളുകള്‍ തുറക്കുക. മാര്‍ച്ച് എട്ടിന് സ്‌കൂളുകള്‍ തുറക്കാനാണ് സര്‍ക്കാരിന്റെ പദ്ധതിയെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബും സ്ഥിരീകരിച്ചിട്ടുണ്ട്. ഫെബ്രുവരി 15ന് മുമ്പായി 70 വയസിന് മുകളിലുള്ള മുഴുവന്‍ അളുകള്‍ അടക്കം നാല് മുന്‍ഗണനാ വിഭാഗങ്ങളില്‍ പെട്ട 15 ദശലക്ഷം ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
ഫെബ്രുവരി 22ന് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ എടുത്ത് മാറ്റുന്നത് സംബന്ധിച്ച കര്‍മ്മ പരിപാടികള്‍ അവതരിപ്പിക്കുമ്പോള്‍ നിയന്ത്രങ്ങളിലെ ഇളവുകള്‍ സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്ന് പ്രധാനമന്ത്രി സൂചന നല്‍കിയിരുന്നു. എന്നാല്‍, ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പായി രോഗ വിവരങ്ങളും കണക്കുകളും മന്ത്രിമാര്‍ കൃത്യമായി പരിശോധിക്കണമെന്നും രോഗവ്യാപനമുണ്ടായി വീണ്ടും നിയന്ത്രണങ്ങളിലേക്ക് പോകുന്ന സ്ഥിതിയുണ്ടാകരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. മാര്‍ച്ച് എട്ടിന് ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍ തുറക്കുമെന്ന സര്‍ക്കാര്‍ തീരുമാനം എന്തായാലും നടപ്പാക്കണമെന്നും ഈസ്റ്ററോടെ പബ്ബുകളും റെസ്റ്റോറന്റുകളും മറ്റ് ഹോസ്പിറ്റാലിറ്റി മേഖലകളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറക്കണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ സിആര്‍ജി ആവശ്യപ്പെട്ടിട്ടുണ്ട്.