ടെക്നോപാര്‍ക്ക് കമ്പനി ട്രയാസിക് സൊല്യൂഷന്‍സ് സെക്വേയയുമായി കൈകോര്‍ക്കുന്നു
തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ് വെയര്‍ കമ്പനിയായ ട്രയാസിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, വടക്കേ അമേരിക്കന്‍ വിപണിയില്‍ തങ്ങളുടെ പ്രവര്‍ത്തനം വിപൂലീകരിക്കുന്നതിന്‍റെ ഭാഗമായി അമേരിക്കന്‍ കമ്പനിയായ സെക്വേയ അപ്ലൈഡ് ടെക്നോളജീസുമായി സഹകരിക്കാന്‍ ധാരണയായി. ആരോഗ്യ പരിചരണം, ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍, ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍, ലൈഫ് സയന്‍സസ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് എന്നീ മേഖലകളിലാണ് സഹകരണം. ടെലിഹെല്‍ത്ത്, പൊതുജനാരോഗ്യ നിര്‍വഹണം, ഇഎച്ച്ആര്‍ ഇന്‍റഗ്രേഷന്‍, മെഡിക്കല്‍ ഉപകരണങ്ങളുടെ സോഫ്റ്റ് വെയര്‍ എന്നിവയില്‍ മികവാര്‍ന്ന നൂതന ആരോഗ്യ പരിപാലന സംവിധാനങ്ങള്‍ ലഭ്യമാക്കുന്ന ട്രയാസിക് സൊല്യൂഷന്‍സും സാന്താ ക്ലാരാ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെക്വേയ അപ്ലൈഡ് ടെക്നോളജീസും തമ്മിലൂള്ള സഹകരണത്തിലൂടെ വടക്കേ അമേരിക്കയിലുള്ള ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ടതും നൂതനവുമായ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കും.
അമേരിക്കന്‍ വിപണിയിലെ തങ്ങളുടെ സ്വാധീനം ഈ പങ്കാളിത്തത്തിലൂടെ വര്‍ദ്ധിക്കുമെന്ന് ട്രയാസിക് സൊല്യൂഷന്‍സ് സിഇഒ ശിവകുമാര്‍ എസ് കെ പറഞ്ഞു. ഉപഭോക്താക്കളുമായി അടുത്ത് നില്‍ക്കാന്‍ സാധിക്കുക എന്നത് പരമപ്രധാനമാണ്. അമേരിക്കയിലെ സെക്വേയ അപ്ലൈഡ് ടെക്നോളജീസിന്‍റെ ഡെലിവറി സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിലൂടെ തങ്ങളുടെ ഉപഭോക്താക്കളുടെ സംതൃപ്തിയും അവര്‍ക്കു വേണ്ടിയുള്ള സേവനങ്ങളും ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രയാസിക്കിന്‍റെ വിതരണ വൈദഗ്ധ്യം തങ്ങളുടെ വളര്‍ച്ചയ്ക്ക് കരുത്ത് പകരുമെന്ന് സെക്വേയ അപ്ലൈഡ് ടെക്നോളജീസ് സിഇഒ അജു കുര്യാക്കോസ് പറഞ്ഞു. ഈ പങ്കാളിത്തത്തിലൂടെ സേവന നിലവാരവും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കാനും ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ നിറവേറ്റാനും തങ്ങള്‍ക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സോഫ്റ്റ് വെയര്‍ ഡെവലപ്മെന്‍റ്, പ്രോഡക്റ്റ് എഞ്ചിനീയറിംഗ്, ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ എന്നിവയില്‍ വൈദഗ്ധ്യമുള്ള സാങ്കേതികതയുടെ മുന്‍നിര ദാതാവാണ് സെക്വേയ അപ്ലൈഡ് ടെക്നോളജീസ്.
തന്ത്രപ്രധാനമായ വളര്‍ച്ചയ്ക്കും നവീകരണത്തിനുമായി രണ്ട് കമ്പനികളുടെയും കഴിവുകള്‍ പ്രയോജനപ്പെടുത്തുന്ന സഹകരണമാണ് ഈ ധാരണയുടെ പ്രധാനപ്പെട്ട സവിശേഷത. ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍, ഹെല്‍ത്ത് കെയര്‍, ലൈഫ് സയന്‍സസ്, ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍, എഐ എന്നിവയിലെ നൈപുണ്യം പ്രയോജനപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് ആവശ്യമായ അത്യാധുനിക സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ഈ പങ്കാളിത്തം വഴിയൊരുക്കും.