‘ക്വാണ്ടിഫി’ യ്ക്ക് ടെക്നോപാര്‍ക്കില്‍ പുതിയ ഓഫീസ്

തിരുവനന്തപുരം: പ്രമുഖ എഐ അനലിറ്റിക്സ് സേവന ദാതാക്കളായ ‘ക്വാണ്ടിഫി’ യ്ക്ക് ടെക്നോപാര്‍ക്കില്‍ പുതിയ ഓഫീസ്. ടെക്നോപാര്‍ക്ക് ഫേസ് വണ്ണിലെ കാര്‍ണിവല്‍ കെട്ടിടത്തിലാണ് പുതിയ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്. ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ (റിട്ട) സഞ്ജീവ് നായര്‍, ക്വാണ്ടിഫി സഹസ്ഥാപകരായ രഘു ഹരിഹരന്‍, റിതേഷ് പട്ടേല്‍ എന്നിവര്‍ ചേര്‍ന്ന് ഓഫീസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ തിരുവനന്തപുരം ക്വാണ്ടിഫി സെന്‍റര്‍ മേധാവി ഹരീഷ് ഫില്‍ഡസ് ഫെര്‍ണാണ്ടസ് സ്വാഗതം ആശംസിച്ചു. നിര്‍മ്മിത ബുദ്ധി, മെഷീന്‍ ലേണിംഗ് സേവനങ്ങള്‍ക്കുള്ള ആവശ്യകത വര്‍ധിക്കുന്ന സാഹചര്യത്തില്‍ ക്വാണ്ടിഫിയുടെ പുതിയ ഓഫീസ് ടെക്നോപാര്‍ക്കില്‍ തുടങ്ങുന്നത് ഉചിതമായ സമയത്താണെന്ന് കേണല്‍ (റിട്ട) സഞ്ജീവ് നായര്‍ പറഞ്ഞു. ഒരു ദശാബ്ദത്തിലേറെയായി എഐ/ മെഷീന്‍ ലേണിംഗ് മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്വാണ്ടിഫി ടെക്നോപാര്‍ക്കിന്‍റെ നൂതന സാങ്കേതിക ആവാസവ്യവസ്ഥയിലേക്കെത്തിയ മികച്ച കമ്പനികളിലൊന്നാണ്. ടെക്നോപാര്‍ക്കിലെ പ്രധാനപ്പെട്ട പല കമ്പനികളും കാര്‍ണിവല്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ടെക്നോപാര്‍ക്കിലെ ഐടി ആവാസവ്യവസ്ഥയിലേക്ക് മുന്‍നിര കമ്പനികളെ ആകര്‍ഷിക്കുന്നതിനായി അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളാണ് ലഭ്യമാക്കുന്നത്. അതിന്‍റെ ഫലമായാണ് ക്വാണ്ടിഫി പോലെയുള്ള കമ്പനികള്‍ ടെക്നോപാര്‍ക്കിലേക്ക് എത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടെക്നോപാര്‍ക്കിലെ ക്വാണ്ടിഫിയുടെ പുതിയ ഓഫീസ് കമ്പനിയുടെ വളര്‍ച്ചയിലെ സുപ്രധാന നാഴികക്കല്ലാണെന്ന് ക്വാണ്ടിഫിയുടെ സഹസ്ഥാപകന്‍ രഘു ഹരിഹരന്‍ പറഞ്ഞു. മുംബൈയിലെയും ബാംഗ്ലൂരിലെയും വിജയത്തിനുശേഷമാണ് ക്വാണ്ടിഫി തിരുവനന്തപുരത്ത് ഓഫീസ് ആരംഭിക്കുന്നത്. നൂതന സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ നൂതന ഉത്പന്നങ്ങളും പരിഹാരങ്ങളും സേവനങ്ങളും നല്കുന്നതിലൂടെ ക്വാണ്ടിഫിയ്ക്ക് ഉപഭോക്താക്കളുടെ സങ്കീര്‍ണമായ ബിസിനസ് പ്രശ്നങ്ങള്‍ പരിഹരിക്കാനാകും. ടെക്നോപാര്‍ക്കിലെ പുതിയ ഓഫീസിലൂടെ എഐ മേഖലയിലെ പ്രാദേശിക പ്രതിഭകള്‍ക്ക് കൂടുതല്‍ അവസരം നല്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തനമാരംഭിച്ച് 10 വര്‍ഷത്തിനുള്ളില്‍ മുംബൈയിലെയും ബാംഗ്ലൂരിലെയും മികച്ച മൂന്ന് എഐ സേവന ദാതാക്കളില്‍ ഒന്നായി മാറാന്‍ ക്വാണ്ടിഫിയ്ക്ക് സാധിച്ചത് അഭിമാനകരമാണെന്ന് ക്വാണ്ടിഫിയുടെ സഹസ്ഥാപകന്‍ റിതേഷ് പട്ടേല്‍ പറഞ്ഞു. ടെക്നോപാര്‍ക്കിലെ പുതിയ ഓഫീസില്‍ അത്തരം വളര്‍ച്ച പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ക്വാണ്ടിഫിയുടെ തിരുവനന്തപുരത്തെ ഓഫീസില്‍ നിലവില്‍ നൂറ്റിപ്പത്തോളം ജീവനക്കാരുണ്ടെന്നും വരും വര്‍ഷങ്ങളില്‍ വിപുലീകരണം സാധ്യമാകുമെന്നും ക്വാണ്ടിഫിയുടെ സെന്‍റര്‍ ഹെഡ് ഹരീഷ് ഫില്‍ഡസ് ഫെര്‍ണാണ്ടസ് പറഞ്ഞു. വ്യാവസായിക വൈദഗ്ദ്ധ്യം, മികച്ച ക്ലൗഡ് സിസ്റ്റം, ഡാറ്റ-എഞ്ചിനീയറിംഗ് പ്രാക്ടീസുകള്‍, എഐ അധിഷ്ഠിത അത്യാധുനിക പരിഹാരങ്ങള്‍ എന്നിവയുടെ സംയോജനത്തിലൂടെ സങ്കീര്‍ണ്ണമായ ബിസിനസ്സ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ക്വാണ്ടിഫിയ്ക്ക് കഴിയും. ഗൂഗിള്‍ ക്ലൗഡ്, ആമസോണ്‍ വെബ് സര്‍വീസസ്, ടെന്‍സര്‍ഫ്ലോ, എന്‍വിഡിയ തുടങ്ങിയ മുന്‍നിര ബിസിനസ് പങ്കാളികളുമായുള്ള സഹകരണവും ക്വാണ്ടിഫിയ്ക്കുണ്ട്. സാമ്പത്തിക സേവനം, ആരോഗ്യ സംരക്ഷണം, ലൈഫ് സയന്‍സസ്, വിദ്യാഭ്യാസം, പൊതുമേഖല, റീട്ടെയില്‍, എണ്ണ, ഗ്യാസ് തുടങ്ങിയ മേഖലകളിലെ മികച്ച 500 ആഗോള കമ്പനികള്‍ ക്വാണ്ടിഫിയുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. 2017, 2018 വര്‍ഷങ്ങളിലെ ഗൂഗിള്‍ ക്ലൗഡ് മെഷീന്‍ ലേണിംഗ് പാര്‍ട്ണര്‍ ഓഫ് ദി ഇയര്‍, സാമൂഹിക നന്മയ്ക്കായി എഐ ഉപയോഗിച്ചതിനുള്ള 2019 ലെ ഗൂഗിള്‍ ക്ലൗഡ് സോഷ്യല്‍ ഇംപാക്ട് പാര്‍ട്ണര്‍ ഓഫ് ദി ഇയര്‍, കൊക്ക കോളയുടെ നോര്‍ത്ത് അമേരിക്കന്‍ ബോട്ടിലിംഗ് ടെക്നോളജി ആം) ഇന്നൊവേഷന്‍ പാര്‍ട്ണര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് തുടങ്ങിയ അംഗീകാരങ്ങളും ക്വാണ്ടിഫിയ്ക്ക് ലഭിച്ചിട്ടുണ്ട്. 2019 ല്‍ സീരീസ് എ ഫണ്ടിംഗില്‍ 20 ദശലക്ഷം യുഎസ് ഡോളര്‍ സമാഹരിക്കാനും കമ്പനിയ്ക്ക് സാധിച്ചു.