ഡെലോയിറ്റ് ഫാസ്റ്റ് 50 ഇന്ത്യ പട്ടികയില്‍ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്

തിരുവനന്തപുരം: അതിവേഗം വളരുന്ന സ്ഥാപനങ്ങള്‍ക്കുള്ള ‘ഡെലോയിറ്റ് ടെക്നോളജി ഫാസ്റ്റ് 50 ഇന്ത്യ 2024’ പട്ടികയില്‍ ഇടം നേടി ടെക്നോപാര്‍ക്കിലെ ആഗോള ഐടി സൊല്യൂഷന്‍സ് സേവന ദാതാവായ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഐടി മേഖലയിലെ നവീകരണം, പങ്കാളിത്തം, ഉപഭോക്തൃ വിശ്വാസം എന്നിവയിലെ മികവ് അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ‘ഡെലോയിറ്റ് ടെക്നോളജി ഫാസ്റ്റ് 50 ഇന്ത്യ 2024’ പട്ടികയില്‍ കമ്പനി ഇടം നേടിയത്. രാജ്യത്തെ അതിവേഗം വളരുന്നതും സാങ്കേതികവിദ്യാധിഷ്ഠിത സേവനങ്ങളും ഉത്പന്നങ്ങളും നല്കുന്നതുമായ 50 കമ്പനികളെയാണ് ‘ഡെലോയിറ്റ് ടെക്നോളജി ഫാസ്റ്റ് 50 ഇന്ത്യ 2024’ റാങ്കിംഗില്‍ തിരഞ്ഞെടുത്തത്. ഒരു കമ്പനിയുടെ മൂന്ന് വര്‍ഷത്തെ വരുമാന വളര്‍ച്ചയെ ശതമാനാടിസ്ഥാനത്തില്‍ കണക്കാക്കിയാണ് തിരഞ്ഞെടുപ്പ്. ഈ കാലയളവില്‍ റിഫ്ലക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് 336 ശതമാനം വളര്‍ച്ച നേടിയെന്നത് ശ്രദ്ധേയം. സ്ത്രീകളെ ശാക്തീകരിക്കുന്നതില്‍ സാങ്കേതികവിദ്യയുടെ പങ്ക് ചൂണ്ടിക്കാട്ടുന്ന ‘ഷെക്സോ ഇന്‍ ടെക്’ വിഭാഗത്തിലും റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് സ്ഥാനം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കമ്പനിയുടെ 336 ശതമാനം വളര്‍ച്ചയ്ക്ക് കാരണം ജീവനക്കാരുടെ സാങ്കേതിക വൈദഗ്ധ്യവും നൂതന മനോഭാവവുമാണെന്ന് റിഫ്ലക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിന്‍റെ സിഇഒ ദീപ സരോജമ്മാള്‍ പറഞ്ഞു. ഉപഭോക്താക്കളുടെയും നിക്ഷേപകരുടെയും മികച്ച പിന്തുണയും ലഭിച്ചിട്ടുണ്ട്. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഡെലോയിറ്റ് ഫാസ്റ്റ് 50 പട്ടികയില്‍ ഇടം നേടിയത് അഭിമാനകരമാണ്. നൂതനവും ഫലപ്രദവുമായ സാങ്കേതിക പരിഹാരങ്ങള്‍ നല്‍കുന്നതില്‍ കമ്പനിയുടെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരം കൂടിയാണിത്. അത്യാധുനിക ഉത്പന്നങ്ങളിലൂടെയും ഉപഭോക്തൃ കേന്ദ്രീകൃത സമീപനത്തിലൂടെയും ഉപഭോക്താക്കള്‍ക്കാവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കാന്‍ കമ്പനി പ്രതിജ്ഞാ ബദ്ധമാണ്. ഈ വിജയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നതായും ദീപ പറഞ്ഞു. നൂതന നയങ്ങള്‍, സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗം, ആഗോള അംഗീകാരം എന്നിവയിലൂടെ ഇന്ത്യയുടെ ടെക് ആവാസവ്യവസ്ഥ പുതിയ മാനങ്ങള്‍ കൈവരിക്കുകയാണെന്ന് ഡെലോയിറ്റ് ഇന്ത്യാ പങ്കാളിയും ടിഎംടി വ്യവസായ പ്രമുഖനുമായ പീയുഷ് വൈഷ് പറഞ്ഞു. റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിനെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്നതും ചലനാത്മകവുമായ പൊതു, സ്വകാര്യ സാങ്കേതിക ബിസിനസുകളെ അംഗീകരിക്കുന്ന 2005 ല്‍ ആരംഭിച്ച ഡെലോയിറ്റ് ടെക്നോളജി ഫാസ്റ്റ് 50 ഇന്ത്യ പ്രോഗ്രാം സംയോജിത ഏഷ്യാ പസഫിക് പ്രോഗ്രാമിന്‍റെ ഭാഗമാണ്. ഡെലോയിറ്റ് ടച്ച് തോഹ് മാറ്റ്സു ഇന്ത്യ എല്‍എല്‍പി ആണ് ഇത് നല്കുന്നത്. ഐടി മേഖലിലെ പ്രമുഖ സാങ്കേതിക ഇന്നവേഷന്‍ സേവന ദാതാവാണ് 2008 ല്‍ സ്ഥാപിതമായ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്. റീട്ടെയില്‍, ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഹെല്‍ത്ത്കെയര്‍, ലോജിസ്റ്റിക്സ്, ട്രാന്‍സ്പോര്‍ട്ടേഷന്‍, ഓട്ടോമോട്ടീവ്, മീഡിയ, എന്‍റര്‍ടൈന്‍മെന്‍റ് എന്നിവയില്‍ ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് ആര്‍ഒഐ അധിഷ്ഠിത ഡാറ്റ സയന്‍സ് ആന്‍റ് അനലിറ്റിക്സ്, എഐ/ മെഷീന്‍ ലേണിംഗ്, ക്ലൗഡ്, ഹൈപ്പര്‍ ഓട്ടോമേഷന്‍, സൈബര്‍ സുരക്ഷ, ആപ്പ് ആന്‍റ് പ്രൊഡക്റ്റ് ഡെവലപ്മെന്‍റ്, ബ്ലോക്ക് ചെയിന്‍, മെറ്റാവേര്‍സ് സൊല്യൂഷനുകള്‍ തുടങ്ങിയ സേവനങ്ങളാണ് റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് ലഭ്യമാക്കുന്നത്.