‘വര്‍ക്കേഷന്‍’ മാതൃകയുമായി ടെക്നോപാര്‍ക്ക് ഫെയ്സ് 5
കൊല്ലം: ജോലിയ്ക്കും വിനോദത്തിനും ഒരേ സ്ഥലം ലഭ്യമാക്കുന്ന പുത്തന്‍ മാതൃകയുമായി ടെക്നോപാര്‍ക്ക് ഫെയ്സ് 5 (കൊല്ലം). വര്‍ക്കേഷന്‍ (വര്‍ക്കിംഗ് – വെക്കേഷന്‍) എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ ടെക്കികള്‍ക്ക് ജോലി ചെയ്യുന്നതിനൊപ്പം വിനോദത്തിനുള്ള സാധ്യതകളും തുറന്നു കിട്ടും. ടെക്നോപാര്‍ക്ക് കൊല്ലത്തിലെ മനോഹരവും അത്യാധുനിക സൗകര്യങ്ങളോടു കൂടിയതുമായ കാമ്പസിലാണ് വര്‍ക്കേഷന്‍ പദ്ധതി നടപ്പിലാക്കുക. ഇന്ത്യയിലെ തന്നെ ആദ്യത്തെ കായല്‍തീര ഐടി പാര്‍ക്കാണ് കുണ്ടറയില്‍ അഷ്ടമുടി കായലിന്‍റെ തീരത്ത് സ്ഥിതി ചെയ്യുന്ന ടെക്നോപാര്‍ക്ക് ഫെയ്സ് 5 (കൊല്ലം). കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ടചര്‍ ലിമിറ്റഡുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള പ്രത്യേക സാമ്പത്തിക മേഖലകളുടെ (സെസ്) അനുമതി ലഭിക്കുന്നതോടെ വര്‍ക്കേഷന്‍ പ്രവര്‍ത്തനമാരംഭിക്കും.
ടെക്നോപാര്‍ക്ക് കൊല്ലം വര്‍ക്കേഷന്‍ മോഡല്‍ നടപ്പിലാക്കുന്നതിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണെന്ന് ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ (റിട്ട) സഞ്ജീവ് നായര്‍ പറഞ്ഞു. പ്രകൃതി മനോഹാരിതയ്ക്ക് പുറമെ ആരോഗ്യകരമായ ചുറ്റുപാടും ഇവിടേക്ക് എത്തിച്ചേരാനുള്ള മികച്ച ഗതാഗത സൗകര്യവും ടെക്നോപാര്‍ക്ക് കൊല്ലത്തിന്‍റെ പ്രത്യേകതയാണ്. ടെക്നോപാര്‍ക്ക് കൊല്ലത്തിലെ ‘അഷ്ടമുടി’ എന്ന കെട്ടിടത്തിന് ഒരു ലക്ഷം ചതുരശ്ര അടി സ്ഥലമുണ്ട്. ഇവിടെയെത്തുന്ന കമ്പനികള്‍ക്കും സംരംഭകര്‍ക്കും ഇതിന്‍റെ സാധ്യതകള്‍ ഉപയോഗിക്കാനാകുമെന്നും അത് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വര്‍ക്കേഷന്‍ ഐടി ഡെസ്റ്റിനേഷനായി ടെക്നോപാര്‍ക്ക് കൊല്ലത്തിനെ മാറ്റുന്നതിന് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. വര്‍ക്കേഷന്‍ ആശയം പ്രാവര്‍ത്തികമാകുന്നതോടെ ടെക്നോപാര്‍ക്ക് കൊല്ലം കാമ്പസിന് പുറത്തുള്ള ഐടി, ഐടി ഇതര കമ്പനികള്‍ക്കും കാമ്പസിലെ സൗകര്യങ്ങള്‍ ഒരു നിശ്ചിത കാലയളവിലേക്ക് ഉപയോഗിക്കാനാകും. നൂതനമായ ആശയങ്ങളും പരിഹാരങ്ങളും കണ്ടെത്തുന്നതിനും ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കാനും കമ്പനികള്‍ക്ക് ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടെക്നോപാര്‍ക്ക് കൊല്ലത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിന്‍റെ ഭാഗമായി ആംഫി തിയേറ്റര്‍, കളിസ്ഥലം, ഗസ്റ്റ് ഹൗസ്, ലേഡീസ് ഹോസ്റ്റല്‍, ക്ലബ്ബ് ഹൗസ് തുടങ്ങിയവ കാമ്പസില്‍ പുതുതായി സ്ഥാപിക്കുമെന്ന് ടെക്നോപാര്‍ക്കിലെ കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എജിഎം വസന്ത് വരദ പറഞ്ഞു. 20000 ചതുരശ്രയടി സ്ഥലത്തിന് പുറമെ 8 സീറ്റര്‍ മുതല്‍ 25 സീറ്റര്‍ വരെയുള്ള ഏഴ് പ്ലഗ് ആന്‍റ് പ്ലേ മോഡ്യൂളുകളും ടെക്നോപാര്‍ക്ക് കൊല്ലത്തിലുണ്ട്. ഐടി മേഖലയിലെ പ്രത്യേക സാമ്പത്തിക മേഖലയിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. സെസിന്‍റെ പ്രവര്‍ത്തന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് ഐടി / ഐടി ഇതര മേഖലകളുമായി ബന്ധപ്പെട്ട കമ്പനികള്‍ക്ക് ഈ പദ്ധതിയുടെ ഭാഗമാകാമെന്നും അദ്ദേഹം പറഞ്ഞു.
ടെക്നോപാര്‍ക്ക് കൊല്ലത്തില്‍ തനിക്ക് നല്ല പിന്തുണയും സൗകര്യങ്ങളും ലഭിച്ചിട്ടുണ്ടെന്നും, വിപുലീകരണ സാധ്യതകള്‍ ആരായുന്നുണ്ടെന്നും എന്‍ട്രെഗര്‍ സൊല്യൂഷന്‍സ് സിഇഒ പ്രവീണ്‍ പറഞ്ഞു. നൈറ്റ് ഷിഫ്റ്റ് ചെയ്യേണ്ടി വരുന്ന ജീവനക്കാര്‍ക്ക് ടെക്നോപാര്‍ക്ക് ഫെയ്സ് 5 (കൊല്ലം) ല്‍ മെച്ചപ്പെട്ട സൗകര്യങ്ങളാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ന്യൂ ജനറേഷന്‍ ജീവനക്കാരും സംരംഭകരും വര്‍ക്കേഷന്‍ മോഡല്‍ ആഗ്രഹിക്കുന്നുവെന്ന് ഇന്‍ക്രെഡിബിള്‍ വിസിബിലിറ്റി സൊല്യൂഷന്‍സ് എച്ച്.ആര്‍. മാനേജര്‍ നയന പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ ബിസിനസ് വര്‍ദ്ധിപ്പിക്കുന്നതിന് ടെക്നോപാര്‍ക്ക് കൊല്ലത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ വളരെ ഉപയോഗപ്രദമാണെന്ന് വെബ്സോര്‍ബ്സ് സിഇഒ സനന്ത് പറഞ്ഞു.
ടെക്നോപാര്‍ക്ക് കൊല്ലത്തിനായി കെഎസ്ഐടിഐ യില്‍ നിന്ന് 4.44 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തത്. 2015-ല്‍ 4.44 ഏക്കറിന് (1.80 ഹെക്ടര്‍ ) സെസ് കോ-ഡെവലപ്പര്‍ പദവി ലഭിച്ചു. ടെക്നോപാര്‍ക്ക് ഫേസ് ഫൈവ് എന്ന് അറിയപ്പെടുന്ന ടെക്നോപാര്‍ക്ക് കൊല്ലം അഷ്ടമുടി കെട്ടിടത്തിന് ലീഡ് ഗോള്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. ഏഴ് നിലകളിലായി സജ്ജീകരിച്ചിരിക്കുന്ന ഐടി കെട്ടിടത്തില്‍ ഏകദേശം 350 ജീവനക്കാരുള്ള 15 ഐടി/ ഐടി ഇതര കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. 27 സ്മാര്‍ട്ട് ബിസിനസ് സെന്‍ററുകളാണ് കെട്ടിടത്തിന്‍റെ ആദ്യത്തെ മൂന്ന് നിലകളിലുള്ളത്. നാലു മുതല്‍ ആറു വരെയുള്ള നിലകളില്‍ അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ ഓഫീസ് സ്ഥലവും ലഭ്യമാകും. ഏഴാമത്തെ നില ഭക്ഷണത്തിനും വിനോദത്തിനുമുള്ളതാണ്. ടെക്നോപാര്‍ക്ക് കൊല്ലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ക്രെഡിബിള്‍ വിസിബിലിറ്റി സൊല്യൂഷന്‍സ് 2017 ലെ 806 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിന്ന് 10,573 ചതുരശ്ര അടിയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. 2656 ചതുരശ്ര അടി വലിപ്പമുള്ള എന്‍ട്രിഗര്‍ സൊല്യൂഷന്‍സില്‍ 32 ലധികം പേരാണ് നിലവില്‍ ജോലി ചെയ്യുന്നത്.