താലിബാന്‍: ഇറാന്‍റെ മാറുന്ന നയത്തിനെതിരെ വിമര്‍ശനം
1 min readഭീകരസംഘടനയെ വിശ്വസിക്കരുതെന്ന് പുരോഹിതര്‍
ടെഹ്റാന്‍: ഒരു തീവ്രവാദ ഗ്രൂപ്പിനെ ഒരിക്കലും വിശ്വസിക്കരുതെന്നും അവരുടെ തിന്മകളും കൂട്ടക്കൊലകളും ലോകത്തിന് രഹസ്യമല്ലെന്നും ഇറാനിലെ ഏറ്റവും മുതിര്‍ന്ന പുരോഹിതന്മാരില്‍ ഒരാളായ ഗ്രാന്‍ഡ് അയതോല്ല ലോത്ഫൊല്ല സഫി ഗോല്‍പെയ്ഗാനി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. അഫ്ഗാനിസ്ഥാനില്‍ അതിവേഗമുള്ള താലിബാന്‍ മുന്നേത്തിന്‍റെ പശ്ചാത്തലത്തില്‍ വ്യാപകമാകുന്ന അക്രമങ്ങള്‍ കണക്കിലെടുത്ത് ഇറാന്‍റെ മയപ്പെടുത്തിയ നിലപാടിനെതിരെയാണ് പുരോഹിതന്‍ പ്രസ്താവന ഇറക്കിയത് എന്നത് ശ്രദ്ധേയമാണ്. അത്തരമൊരു സമീപനം ‘ഗുരുതരമായതും പരിഹരിക്കാനാകാത്തതുമായ തെറ്റാണ്’ എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
‘അടിച്ചമര്‍ത്തപ്പെട്ട അഫ്ഗാനികള്‍ക്കെതിരായ താലിബാന്‍ ആക്രമണം’ ഒഴിവാക്കാന്‍ ‘ഗൗരവത്തോടെ പ്രവര്‍ത്തിക്കണമെന്ന്’ ഗോല്‍പെയ്ഗാനി ഇറാനോടും അന്താരാഷ്ട്ര സമൂഹത്തോടും ആഹ്വാനം ചെയ്തു.
അഫ്ഗാനിസ്ഥാനിലുടനീളമുള്ള ഭൂപ്രദേശങ്ങളില്‍ താലിബാന്‍ നിയന്ത്രണം വര്‍ധിച്ചുവരുന്നതിന്‍റെ പശ്ചാത്തലത്തില്‍ ഇറാന്‍റെ സമീപനത്തിലും മാറ്റം സംഭവിക്കുന്നുണ്ട്. ഇതിനെതിരെയാണ് ഗോല്‍പെയ്ഗാനി വിമര്‍ശനവുമായി രംഗത്തുവന്നതെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്ത് നിന്ന് യുഎസും നാറ്റോയും പിന്മാറിയതോടെ ഉണ്ടായ അരാജകത്വത്തില്‍നിന്നും സാധ്യതകള്‍ തേടാനാകണം ഇറാന്‍ താലിബാനെതിരായ നിലപാടുകള്‍ മയപ്പെടുത്തിയത്. പുതിയ പവര്‍ പ്ലേയിലെ സാന്നിധ്യം പുനര്‍നിര്‍വചിക്കാന്‍ ടെഹ്റാന്‍ കൂടുതല്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞയാഴ്ചയാണ് അഫ്ഗാനിസ്ഥാന്‍റെ രാഷ്ട്രീയ ഭാവിയില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ പ്രതിനിധി സംഘവും താലിബാന്‍ നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (ഐആര്‍ജിസി) ഉള്‍പ്പെടെയുള്ള ഭരണസ്ഥാപനത്തിന്‍റെ ഏറ്റവും കടുത്ത മേഖലകളെ പ്രതിനിധീകരിക്കുന്ന മാധ്യമങ്ങളാണ് ഈ നിലപാട് കൂടുതല്‍ വ്യക്തമായി മുന്നോട്ട് വച്ചിരിക്കുന്നത്.
ഏറ്റവും പ്രധാനമായി, താലിബാന്‍ മുന്നേറ്റത്തെക്കുറിച്ച് ജൂലൈ ആദ്യം എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചതിന് ശേഷം അള്‍ട്രാ കണ്‍സര്‍വേറ്റീവ് ദിനപത്രമായ കെയ്ഹാന്‍ ഇറാനികളില്‍ നിന്നും അഫ്ഗാനികളില്‍ നിന്നും വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ‘ഐഎസ് രീതിയിലുള്ള അതിക്രമങ്ങളുടെ ലക്ഷണമൊന്നും ഉണ്ടായിട്ടില്ല’ എന്നും ഷിയ സമുദായങ്ങളെ ദ്രോഹിക്കാനുള്ള ഉദ്ദേശ്യം പ്രഖ്യാപിച്ചിട്ടില്ലെന്നും അതില്‍ പറയുന്നു. കെയ്ഹാന്‍ തീവ്രവാദ ഗ്രൂപ്പിന്‍റെ വക്താവായി പ്രവര്‍ത്തിച്ചതായി എതിരാളികളായ പരിഷ്കരണവാദി പത്രം എറ്റെമാഡ് ആരോപിച്ചു. വര്‍ദ്ധിച്ചുവരുന്ന തിരിച്ചടി നേരിട്ട പേപ്പര്‍ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഒരു എഡിറ്റോറിയലിലെ നിലപാട് പിന്‍വലിക്കുകയായിരുന്നു.
ഇറാന്‍റെ നിലപാടുകള്‍ക്കെതിരെ അഫ്ഗാന്‍ പ്രസിഡന്‍റിന്‍റെ ഓഫീസിലെ മുതിര്‍ന്ന ഉപദേഷ്ടാവ് ഷാഹുസൈന്‍ മുര്‍തസവി മുന്നറിയിപ്പു നല്‍കി. താലിബാന്‍ നടത്തിയ ഇറാനിയന്‍ നയതന്ത്രജ്ഞരുടെ കൊലപാതകം ടെഹ്റാന്‍ മറക്കരുതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. താലിബാന്‍ ആക്രമണത്തിന്‍റെ ഭാഗമായി അഫ്ഗാന്‍ നഗരമായ മസാര്‍-ഇ-ഷെരീഫിലെ ഇറാനിയന്‍ കോണ്‍സുലേറ്റ് തീവ്രവാദികള്‍ ആക്രമിച്ചതിനെയാണ് മുര്‍തസവി പരാമര്‍ശിച്ചത്. 1998ലായിരുന്നു ഇത്. അന്ന് എട്ട് ഇറാനിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെയും ഒരു പത്രപ്രവര്‍ത്തകനെയും വെടിവച്ചു കൊന്നിരുന്നു. ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ഉള്‍പ്പെടെയുള്ളവര്‍ തെളിവുകള്‍ നിരത്തിയിട്ടും കൊലപാതകങ്ങളുടെ ഉത്തരവാദിത്തം താലിബാന്‍ നിഷേധിക്കുകയായിരുന്നു.