കെഎസ് യുഎം സ്റ്റാര്‍ട്ടപ്പിൻറെ എഐ ലേര്‍ണിംഗ് പ്ലാറ്റ് ഫോം

തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠനം എളുപ്പമാക്കുന്നതിന് വേണ്ടിയുള്ള കേരളത്തിലെ ആദ്യത്തെ എഐ ലേര്‍ണിംഗ് പ്ലാറ്റ് ഫോമായ സുപലേണ്‍ വ്യവസായ മന്ത്രി പി.രാജീവ് പുറത്തിറക്കി. ഞായറാഴ്ച സമാപിച്ച മവാസോ സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവല്‍ വേദിയില്‍ വെച്ചാണ് കെഎസ് യുഎമ്മിന്‍റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന എഡ്യുടെക് കമ്പനിയായ ആംഗിള്‍ ബിലേണ്‍ വികസിപ്പിച്ച സുപലേണ്‍ പുറത്തിറക്കിയത്. ഓരോ കുട്ടിയുടെയും പഠനത്തിലെ പോരായ്മകള്‍ എഐ വിലയിരുത്തലിലൂടെ തിരിച്ചറിഞ്ഞ് അനുയോജ്യമായ വ്യക്തിഗത പരിശീലനം ലഭ്യമാക്കാന്‍ സുപലേണിലൂടെ സാധിക്കും. പഠന സാമഗ്രികള്‍ക്ക് പുറമെ പഠന പദ്ധതി തയ്യാറാക്കുന്നതിനും മികച്ച പഠനരീതി കണ്ടെത്തുന്നതിനുമുള്ള മാര്‍ഗനിര്‍ദേശവും ഇതിലൂടെ ലഭ്യമാകും. എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ പ്ലാറ്റ് ഫോമിലൂടെ വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് എഐ സഹായത്തോടെ മറുപടി ലഭിക്കും. സ്കൂള്‍ വിദ്യാര്‍ഥികളുടെ പഠനം കൂടുതല്‍ എളുപ്പമാക്കുക, പഠനം സമ്മര്‍ദരഹിതമാക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് സുപലേണ്‍ വികസിപ്പിച്ചതെന്ന് സിഇഒ ആഷിഖ് മുഹമ്മദ് പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും മികച്ച എഐ ലേര്‍ണിംഗ് പ്ലാറ്റ് ഫോമായി ആഗോളതലത്തില്‍ സുപലേണിനെ ഉയര്‍ത്തിക്കൊണ്ടു വരാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.