കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളെ കൂടി പ്രോത്സാഹിപ്പിക്കാനുള്ള ശ്രമമാണ് വ്യവസായ വകുപ്പ് നടത്തുന്നത്: സുമൻ ബില്ല ഐ.എ.എസ്.
“കേരളത്തിലെ മനുഷ്യവിഭവശേഷി പുകൾപെറ്റതാണ്, എന്നാൽ പ്രായോഗിക പരിശീലനക്കുറവ് അവരെ പിന്നോട്ടടിക്കുന്നു. ഇതിനൊരു ശാശ്വതപരിഹാരം ഉണ്ടാവണം എന്ന ഉദ്ദേശ്യത്തോടെയാണ് ‘ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ’ എന്ന നവീനആശയവുമായി ഇൻഡസ്ട്രീസ് ഡിപ്പാർട്മെന്റ് മുന്നോട്ടുവന്നിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയ്ക്കു പുറമേ സ്വകാര്യ പാര്‍ക്കുകള്‍ കൂടി വികസിപ്പിച്ച് സംരംഭകരെ ആകര്‍ഷിക്കാനും തൊഴിലവസരം സൃഷ്ടിക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്കൊപ്പം കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളെ കൂടി പ്രോത്സാഹിപ്പിക്കാനുള്ള ശ്രമമാണ് വ്യവസായ വകുപ്പ് ഇപ്പോൾ നടത്തുന്നത്”, സുമൻ ബില്ല പറയുന്നു.
ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ, വിവിധ മേഖലകളിൽ നീണ്ട ഇരുപത്തിയേഴു വർഷത്തെ പ്രവർത്തന പരിചയവുമായാണ് സുമൻ ബില്ല ഇപ്പോൾ കേരളത്തിലെ വ്യവസായ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനം അലങ്കരിക്കുന്നത്. ഇതിനു മുൻപ് അദ്ദേഹം യുണൈറ്റഡ് നേഷൻസ്-വേൾഡ് ടൂറിസം ഓർഗനൈസേഷനിൽ ഡയറക്ടർ (ടെക്നിക്കൽ ആൻഡ് സിൽക്ക് റോഡ്) ആയും, സെൻട്രൽ ഗവൺമെന്റിൽ ടൂറിസം വകുപ്പ് ജോയിന്റ് സെക്രെട്ടറിയായും, കേരളാ ഗവൺമെന്റിൽ ടൂറിസം വകുപ്പ് സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹം ഫ്യൂച്ചർ കേരളാ ലേഖകന് നൽകിയ അഭിമുഖത്തിൽ നിന്നുള്ള പ്രസക്തഭാഗങ്ങൾ:
— എം.കെ.ആർ
വ്യവസായ രംഗത്ത് കേരളത്തിൽ സമീപകാലതുണ്ടായ പുരോഗതിയെ താങ്കൾ എങ്ങിനെ വിലയിരുത്തുന്നു?
ശ്രദ്ധേയമായ പല മാറ്റങ്ങളും കേരളത്തിന്റെ വ്യവസായമേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു. നമ്മുടെ വ്യവസായ നയത്തിന്റെ കാര്യത്തിൽ തന്നെ സമഗ്രമായ ചിലമാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഭൂമിയുടെ ഉയർന്ന വില, പരിസ്ഥിതി സംബദ്ധമായ പ്രശ്നങ്ങൾ, ഉയർന്ന വേതന നിരക്ക് തുടങ്ങിയ കേരളത്തിന്റേതായ ചില പ്രത്യേകതകളെ, സാഹചര്യങ്ങളെ ഉൾക്കൊണ്ടുകൊണ്ട്, കേരളത്തിനനുയോജ്യമായ, കേരളം പരമ്പരാഗതമായി മികവു പുലർത്തികൊണ്ടിരിക്കുന്ന ചില മേഖലകളടക്കം നാളെയുടെ വാഗ്ദാനമായി മാറിയേക്കാവുന്ന ഇരുപത്തിരണ്ടോളം മേഖലകളെ നമ്മൾ ഇതിനോടകം നിർണ്ണയിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ മേഖലകൾക്ക് ആവശ്യമായ പ്രോത്സാഹനം നൽകി വളർത്തികൊണ്ടുവരികയെന്നുള്ളതാണ് സർക്കാരിന്റെ നയം. ഉദാഹരണത്തിന് ആയുർവ്വേദം നമ്മൾ പരമ്പരാഗതമായി മികവു പുലർത്തിവരുന്ന ഒരു മേഖലയാണ്. ചികിത്സാസനുബന്ധ ഉപകരണങ്ങളുടെ നിർമ്മാണ മേഖല മറ്റൊരു വളർന്നുകൊണ്ടിരിക്കുന്ന രംഗമാണ്. കേരളത്തിൽ ഇരുപതില്പരം കമ്പനികൾ ഈ മേഖലയിൽ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്.
മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടുള്ള ഒരു വിലയിരുത്തലിന് പ്രസക്തിയില്ല. ഓരോ സംസ്ഥാനങ്ങൾക്കും ഓരോരോതരം പ്രത്യേകതകളും പ്രശ്നങ്ങളും ഉണ്ടാകും. മുൻപു പറഞ്ഞതുപോലെ ജനസാദ്രതയും, ഭൂമിയുടെ ലഭ്യതയും, പാരിസ്‌ഥീകപ്രശ്നങ്ങളുമെല്ലാം പരിഗണിച്ചുള്ള വ്യവസായ പദ്ധതികളെ കേരളത്തിന് ഉൾക്കൊള്ളാനാവു. പ്രതിഭാധനരായ മനുഷ്യവിഭവശേഷി കേരളത്തിന് വലിയ മുതൽക്കൂട്ടാണ്. ഇത്തരം പ്രത്യേകതകളെ വിലയിരുത്തിക്കൊണ്ടാണ് സംസ്ഥാനത്തിന്റെ വ്യവസായനയത്തിന് രൂപം കൊടുത്തിട്ടുള്ളത്. സംസ്ഥാനം വ്യവസായ വികസനത്തിന് അനുയോജ്യം എന്ന നിലയിൽ കണ്ടെത്തിയിട്ടുള്ള ഇരുപത്തിരണ്ടോളം മേഖലകളിൽ നിരവധി മുന്നേറ്റങ്ങൾ നടക്കുന്നുണ്ട്. ഈ മേഖലകളിലേക്ക് സംസ്ഥാനത്തിനകത്തും, പുറത്തുനിന്നുമായി നിക്ഷേപങ്ങൾ കൊണ്ടുവരുന്നതിനുള്ള പരിശ്രമങ്ങൾ നടന്നുവരികയാണ്. കെ.എസ്.ഐ.ഡി.സി.-യുടെ നേതൃത്വത്തിൽ വ്യവസായവകുപ്പിന് കിഴിലുള്ള സ്ഥാപനങ്ങൾ ഇതിനുവേണ്ടി കാര്യക്ഷമമായ രീതിയിൽ പ്രവർത്തിക്കുന്നു. ഓരോ മേഖലകളിലെയും നിക്ഷേപ സാധ്യതകളെ കുറിച്ചു പഠിക്കുന്നതിനും, അതിനു താല്പര്യമുള്ള നിക്ഷേപകരെ കണ്ടെത്തുന്നതിനും, ഇവിടേയ്ക്ക് കൊണ്ടുവരുവാനുള്ള ശ്രമങ്ങൾ നടത്തുന്നതിനുമായി കെ.എസ്.ഐ.ഡി.സി.-യിൽ ഒരു പ്രത്യേക ടീം തന്നെ പ്രവർത്തിക്കുന്നു. വരും വർഷങ്ങളിൽ ഇതിന്റെ പ്രതിഫലനം തീർച്ചയായും കേരളത്തിൽ ഉണ്ടാകും എന്ന് നമുക്ക് ഉറപ്പിക്കാം. കേരളത്തിൽ നിക്ഷേപിക്കാൻ താൽപര്യമുള്ളവർക്കുവേണ്ട സൗകര്യങ്ങൾ ഒരുക്കാനും, വിവരങ്ങൾ ലഭ്യമാക്കാനും വേണ്ടി ‘ഇൻവെസ്റ്റ് കേരളാ’ എന്ന ഒരു ഏകജാലക സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.
ഇപ്പോഴത്തെ ഗതിവേഗത്തിൽ കാര്യങ്ങൾ പുരോഗമിക്കുകയാണെങ്കിൽ 2030-കളോടെ കേരളം നവസാങ്കേതിക വ്യവസായ പദ്ധതികളുടെ ഒരു ഡെസ്റ്റിനേഷൻ എന്ന നിലയിൽ പ്രശസ്തമാകുമെന്നാണ് കരുതുന്നത്. ആ ദിശയിൽ നിരവധി പദ്ധതികൾ പുരോഗമിക്കുന്നുണ്ട്. ഒരു ചെറിയ ഉദാഹരണം പറയുകയാണെങ്കിൽ, ത്രീ-ഡി പ്രിന്റിങ് സാങ്കേതിക മേഖലയ്ക്ക് കേരളത്തിൽ തിളക്കമാർന്ന ഭാവിയാണുള്ളത്. ഡെന്റൽ ചികിത്സാ രംഗത്ത് ഈ ടെക്നോളോജിയിലൂടെ വലിയ മുന്നേറ്റം കൈവരിക്കാനാകും. ഈ മേഖലയിലുള്ള ചില കമ്പനികൾ കേരളത്തിൽ പ്രവർത്തനമരംഭിക്കുവാൻ തയ്യാറെടുക്കുകയാണ്. നിലവിൽ നമ്മൾ നിർണ്ണയിച്ചിട്ടുള്ള മേഖലകളിൽ വളരെ വലിയ ഒരു മുന്നേറ്റം കേരളത്തിൽ സാദ്ധ്യമാകുമെന്ന പ്രതീക്ഷയാണുള്ളത്.
നിക്ഷേപകർക്ക് കേരളത്തിലുള്ള വിശ്വാസവും പ്രതീക്ഷയും ഉണ്ടാക്കുന്നതിലും നിലനിറുത്തുന്നതിലും തങ്ങളുടെ ടീം എത്രമാത്രം വിജയം കൈവരിച്ചിട്ടുണ്ട്?വിശ്വാസവും പ്രതീക്ഷയും ഒരു ദിവസംകൊണ്ട് ഉണ്ടാക്കാവുന്ന ഒന്നല്ല. അതൊരു തുടർപ്രക്രിയയാണ്. ഞങ്ങളുടെ ടീമിൽ ഇപ്പോൾ നിക്ഷേപകരെ കേരളത്തിലേക്ക് ആകർഷിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുന്ന മിടുക്കരായ ഒരു കൂട്ടം ആളുകളുണ്ട്. അവർ ഇതിനായി നന്നായി പരിശ്രമിക്കുന്നുണ്ട്, വിജയിക്കുന്നുമുണ്ട്. ചില പ്രധാന നിക്ഷേപങ്ങൾ ഇപ്പോൾ തന്നെ യാഥാർഥ്യമായിട്ടുണ്ട്. സമീപഭാവിയിൽ വലിയ രീതിയിൽ നിക്ഷേപങ്ങൾ വരികയും ചെയ്യും. തികഞ്ഞ ശുഭപ്രതീക്ഷയാണുള്ളത്.
കേരളം സ്റ്റാർട്ടപ്പുകളെ മികച്ച രീതിയിൽ പ്രോത്സാഹിപ്പിക്കുന്നുണ്ട്. വ്യവസായവകുപ്പിന്റെ ഈ ദിശയിലുള്ള പ്രവർത്തനങ്ങൾ എന്തൊക്കെയാണ്?ഉത്പാദനരംഗത്തു ശ്രദ്ധകേന്ദ്രികരിക്കുന്ന സ്റ്റാർട്ടപ്പുകളെ കെ.എസ്.ഐ.ഡി.സി. മികച്ച രീതിയിൽ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കേരളത്തിൽ വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മാണം പ്രോത്സാഹിപ്പിക്കാൻ സ്റ്റാർട്ടപ്പുകൾക്ക് നിരവധി ഇൻസെന്റീവുകൾ ലഭ്യമാക്കുന്നുണ്ട്. ‘മേക്കർവില്ലേജ്’ ഹാർഡ്വെയർ നിർമ്മാണരംഗത്ത് പ്രവർത്തിക്കാൻ താല്പര്യമുള്ള സ്റ്റാർട്ടപ്പുകൾക്ക് മികച്ച ഇൻക്യൂബേഷൻ സൗകര്യങ്ങളും പ്രോത്സാഹനവും നൽകുന്നു.
ഇത് ഞങ്ങളുടെ ശ്രദ്ധയിലുള്ള ഒരു കാര്യമാണ്. ഇവിടുത്തെ മനുഷ്യവിഭവശേഷി പുകൾപെറ്റതാണ്, എന്നാൽ പ്രായോഗിക പരിശീലനക്കുറവ് അവരെ പിന്നോട്ടടിക്കുന്നു. ഇതിനൊരു ശാശ്വതപരിഹാരം ഉണ്ടാവണം എന്ന ഉദ്ദേശ്യത്തോടെയാണ് ‘ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ’ എന്ന നവീനആശയവുമായി ഇൻഡസ്ട്രീസ് ഡിപ്പാർട്മെന്റ് മുന്നോട്ടുവന്നിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയ്ക്കു പുറമേ സ്വകാര്യ പാര്‍ക്കുകള്‍ കൂടി വികസിപ്പിച്ച് സംരംഭകരെ ആകര്‍ഷിക്കാനും തൊഴിലവസരം സൃഷ്ടിക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്കൊപ്പം കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളെ കൂടി പ്രോത്സാഹിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കുറഞ്ഞത് അഞ്ച് ഏക്കര്‍ സ്ഥലമാണ് കാമ്പസ് പാര്‍ക്ക് സ്ഥാപിക്കാന്‍ വേണ്ടത്. മൂന്ന് സര്‍വ്വകലാശാലകളും 30 എന്‍ജിനീയറിങ് കോളേജുകളും കാമ്പസ് പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ തയ്യാറായി മുന്നോട്ടു വന്നിട്ടുണ്ട്. ഇത് ഒരേ സമയം വിദ്യാർഥികളുടെ സംരംഭകത്വമോഹങ്ങൾക്ക് തുടക്കമിടാൻ സഹായിക്കും എന്നതിന് പുറമെ പഠനത്തോടൊപ്പം പ്രായോഗിക പരിശീലനവും നേടാൻ സഹായിക്കും.
സമീപഭാവിയിൽ തുടക്കമിടാനും, യാഥാർഥ്യമാക്കാനും ഉദ്ദേശിക്കുന്ന പ്രധാന പദ്ധതികൾ?
പ്രധാനശ്രദ്ധ മുമ്പുപറഞ്ഞ മേഖലകളിലേക്കു നിക്ഷേപം ആകർഷിക്കുക എന്നതാണ്. മറ്റൊന്ന്, വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള ഭൂമിയുടെ ലാൻഡ് ലീസ് പോളിസി കൂടുതൽ നിക്ഷേപക സൗഹൃദമാക്കുക എന്നതാണ്. സ്വകാര്യ പാര്‍ക്കുകള്‍ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളെ കൂടി പ്രോത്സാഹിപ്പിക്കുക എന്നുള്ളതാണ് മറ്റൊരു പ്രധാനലക്‌ഷ്യം. വരും മാസങ്ങളിൽ പതിനാലോളം സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ പ്രവർത്തനസജ്ജമാകും. ഈ സാമ്പത്തിക വർഷത്തിൽ ഇരുപത്തിയഞ്ചു-മുപ്പതു വ്യവസായ പാര്‍ക്കുകള്‍ പ്രവർത്തനസജ്ജമാക്കനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കൊച്ചി-ബാംഗ്ലൂർ വ്യവസായിക ഇടനാഴിക്കുള്ള ക്ലിയറൻസ് ഉടനെ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പദ്ധതി യാഥാർഥ്യമാകുന്നതോടെ പാലക്കാട് ജില്ലയിൽ എണ്ണൂറോളം ഏക്കർ ഭൂമി വ്യവസായങ്ങൾ തുടങ്ങുന്നതിന് വേണ്ടി ലഭ്യമാകും. കേരളത്തിന്റെ വ്യവസായ രംഗത്തെ എക്കാലത്തെയും മികച്ച ഉയർച്ചക്ക് ഇത് തുടക്കമിടും.
എംഎസ്എംഇ ഇന്‍ഷുറന്‍സ് പദ്ധതിയെക്കുറിച്ച്?
കേരളത്തില്‍ മൂന്ന് ലക്ഷത്തിലധികം എംഎസ്എംഇകള്‍ ഉണ്ട്. എന്നാല്‍ ഇവയില്‍ 15000-ത്തില്‍ താഴെ സംരംഭങ്ങള്‍ മാത്രമേ ഏതെങ്കിലും ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായിട്ടുള്ളൂ. ഇന്‍ഷുറന്‍സ് പരിരക്ഷ സംരംഭങ്ങള്‍ക്ക് സംഭവിച്ചേക്കാവുന്ന നഷ്ടത്തിന്‍റെ ആഘാതം കുറയ്ക്കും. എംഎസ്എംഇകളെ വളര്‍ത്താനും വിപണി ശക്തിപ്പെടുത്താനും സംരംഭകരുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹരിക്കാനും വിപുലമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. സംസ്ഥാനത്തെ വ്യവസായിക അനുകൂല അന്തരീക്ഷം പോഷിപ്പിക്കാന്‍ ഇന്‍ഷുറന്‍സ് പദ്ധതി സഹായകമാകും ഒപ്പം എംഎസ്എംഇകളില്‍ ആത്മവിശ്വാസം വളര്‍ത്താനും ബിസിനസ് വിപുലീകരിക്കാനും ഇത് സഹായിക്കും. നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്, ഓറിയന്‍റല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്, ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി ലിമിറ്റഡ്, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് എന്നീ പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുമായിട്ടാണ് നിലവിൽ സർക്കാർ ധാരണാപത്രം ഒപ്പിട്ടിട്ടുള്ളത്. എംഎസ്എംഇ നല്‍കുന്ന വാര്‍ഷിക ഇന്‍ഷുറന്‍സ് പ്രീമിയത്തിന്‍റെ 50 ശതമാനം വരെ (പരമാവധി രണ്ടായിരത്തി അഞ്ഞുറു രൂപവരെ) റീഇംബേഴ്സ്മെന്‍റ് ആയി നല്‍കുന്ന പദ്ധതി ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ മുഖേനയാണ് നടപ്പാക്കുന്നത്.