പാനിക് ഡിസോഡറുകള്‍ക്ക് സൈക്കോതെറാപ്പി ഫലപ്രദമെന്ന് പഠനം
ചികിത്സാരീതി തെരഞ്ഞെടുക്കാന്‍ അവസരം ലഭിക്കുന്നത് ഫലപ്രാപ്തി വര്‍ധിപ്പിക്കുമെന്നും നിരീക്ഷണം
ചുറ്റുപാടുകളില്‍ നിന്നുമുള്ള സമ്മര്‍ദ്ദമോ ശാരീരിക പ്രശ്ങ്ങളോ ഒന്നും തന്നെ ഇല്ലാതെ പൊടുന്നനെ തീവ്രമായ ഉത്കണ്ഠയും പരിഭ്രമവും ഉണ്ടാക്കുന്ന പാനിക് ഡിസോഡറുകള്‍ക്ക് സൈക്കോതെറാപ്പി ഫലപ്രദമാണെന്ന് പഠനം. പാനിക് ഡിസോഡറുകള്‍ അനുഭവിക്കുന്ന വ്യക്തികളില്‍ സൈക്കോതെറാപ്പി മൂലം നല്ല മാറ്റങ്ങള്‍ പ്രകടമായതായാണ് സെക്കോതെറാപ്പി ആന്‍ഡ് സെക്കോസൊമാറ്റിക്‌സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.
70 ശതമാനം പാനിക് ഡിസോഡര്‍ രോഗികള്‍ സൈക്കോതെറാപ്പിയിലൂടെ പൂര്‍ണമായും രോഗമുക്തരായെന്നും 45 ശതമാനം ആളുകള്‍ രണ്ട് വര്‍ഷത്തെ ചികിത്സയിലൂടെ നില മെച്ചപ്പെടുത്തിയെന്നുമാണ് പഠനം വ്യക്തമാക്കുന്നത്. സൈക്യാട്രിസ്റ്റുമായോ സൈക്കോളജിസ്റ്റുമായോ അല്ലെങ്കില്‍ മറ്റ് മാനസിക ആരോഗ്യ വിദഗ്ധരുമായോ ഉള്ള സംസാരത്തിലൂടെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന ചികിത്സാ രീതിയാണ് പൊതുവെ സൈക്കോതെറാപ്പി എന്നറിയപ്പെടുന്നത്.
ദൈനംദിന ജീവിത സാഹചര്യങ്ങളിലെ പരിമിതികളും നിയന്ത്രണങ്ങളും മൂലം നിരവധി രോഗികള്‍ പാനിക് ഡിസോഡറുകളുമായി പൊരുത്തപ്പെട്ട് ജീവിക്കുകയാണെന്ന് പഠനം നടത്തിയ ഗവേഷകരിലൊരാളായ സ്വീഡനിലെ ലണ്ട് സര്‍വ്വകലാശാലയിലെ തോമസ് നില്‍സ്സണ്‍ പറഞ്ഞു. എന്നാല്‍ കാലം ചെല്ലുന്തോറും രോഗികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെയും ഊര്‍ജസ്വലതയെയും മോശമായി ബാധിക്കുമെന്നതിനാല്‍ ഈ രോഗാവസ്ഥ ചികിത്സിച്ച് മാറ്റേണ്ടത് അനിവാര്യമാണെന്ന് നില്‍സ്സണ്‍ അഭിപ്രായപ്പെട്ടു.
221 പാനിക് ഡിസോഡര്‍ രോഗികളാണ് പഠനത്തില്‍ പങ്കെടുത്തത്. സൈക്കോതെറാപ്പിയിലൂടെ ഇവരിലുണ്ടായ ഹ്രസ്വ, ദീര്‍ഘകാല മാറ്റങ്ങള്‍ മാത്രമല്ല, ചികിത്സാരീതി തെരഞ്ഞെടുക്കാന്‍ രോഗികളെ അനുവദിക്കുന്നത് ചികിത്സാ ഫലത്തെ എത്തരത്തില്‍് ബാധിക്കുമെന്നതും ഗവേഷകര്‍ പഠനവിധേയമാക്കി. പാനിക് ഡിസോഡറിന് പ്രത്യേകമായുള്ള സൈക്കോഡൈനാമിക് സൈക്കോതെറാപ്പി (പിഡിറ്റി), കൊഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി (സിബിറ്റി) എന്നി്ങ്ങനെ രണ്ട് തരത്തിലുള്ള ചികിത്സകളാണ് രോഗികള്‍ക്ക് ലഭ്യമാക്കിയത്. പഠനവിധേയമാക്കിയ രോഗികളില്‍ പകുതിയാളുകള്‍ക്ക് ചികിത്സാരീതി തെരഞ്ഞെടുക്കാന്‍ അവസരം നല്‍കിയപ്പോള്‍ ബാക്കി പകുതിയാളുകള്‍ക്ക് രണ്ടിലേതെങ്കിലും ചികിത്സ അങ്ങോട്ട് നിര്‍ദ്ദേശിച്ചു.
ചികിത്സാരീതി തെരഞ്ഞെടുക്കാന്‍ അവസരം ലഭിച്ചവര്‍ ആ ചികിത്സയിലൂടെ നേട്ടമുണ്ടാക്കിയതായി ഗവേഷകര്‍ നിരീക്ഷിച്ചു. നേരത്തെ രോഗികളുടെ മുന്‍ഗണനകള്‍ കൂടി കണക്കിലെടുത്താണ് സൈക്കോളജിസ്റ്റുകള്‍ ചികിത്സ ലഭ്യമാക്കിയിരുന്നത്. പിഡിറ്റി ചികിത്സ തെരഞ്ഞെടുത്തവര്‍ക്ക് ആ ചിക്താരീതി നിര്‍ദ്ദേശിക്കപ്പെട്ടവരെ അപേക്ഷിച്ച് കൂടുതല്‍ ഫലപ്രാപ്തി ലഭിച്ചതായിപ പഠനത്തിലൂടെ കണ്ടെത്തി.